തിരുവനന്തപുരം: സാധാരണക്കാരും വിദ്യാർത്ഥികളും ഏറെ ആശ്രയിക്കുന്ന ഓർഡിനറി സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം കെ.എസ്.ആർ.ടി.സി ഉപേക്ഷിച്ചു.
മുമ്പ് നിറുത്തിയ ഓർഡിനറി സർവീസുകൾ പുനരാരംഭിച്ചും പുതിയവ തുടങ്ങിയും പൊതുഗതാഗതം ജനോപകാരമാക്കാൻ കെ.എസ്.ആർ.ടി.സി നടപടി തുടങ്ങി. ജൂൺ 6ന് അദ്ധ്യയന വർഷം ആരംഭിക്കുന്നതിനാൽ വിദ്യാർത്ഥികൾക്കിത് ഏറെ ആശ്വാസമാകും.
ഓർഡിനറി ബസുകൾ വൻതോതിൽ വെട്ടിക്കുറച്ചതിനെ കുറിച്ച് മേയ് 6, 8 തീയതികളിൽ 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയിലെ വസ്‌തുതകൾ തിരിച്ചറിഞ്ഞ് പ്രതിവിധി കണ്ടെത്താൻ മൂന്ന് മേഖല എക്സിക്യൂട്ടീവ് ഡയറക്ടർമാരോട് മാനേജിംഗ് ഡയറക്ടർ എം.പി ദിനേശ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കോർപ്പറേഷന്റെ നിലനിൽപ്പിന് ഓർഡിനറി ബസുകൾ കൂടുതൽ വേണമെന്ന റിപ്പോർട്ടാണ് മൂന്നു പേരും സമർപ്പിച്ചത്.
തുടർന്ന് കൂടുതൽ ഓർഡിനറി സർവീസുകൾ തുടങ്ങാൻ മേഖലാ എക്സിക്യൂട്ടീവ് ഡയറക്ടർമാർക്ക് അനുവാദം നൽകി. ഒപ്പം സമാന്തര സർവീസുകളെ തടയുന്നതിന് മോട്ടോർ വാഹനവകുപ്പിന്റെ സഹായം തേടി. സമാന്തര സർവീസുകളുണ്ടായിരുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി ചെയിൻ സർവീസുകൾ ആരംഭിച്ചു. സ്വകാര്യബസുകളുടെ റൂട്ടിലും സർവീസ് തുടങ്ങി. പ്രതിദിനം 2750-3000 ബസുകൾ ഓർഡിനറി സർവീസുകൾക്കുപയോഗിക്കാനും തീരുമാനമായി.
പുതിയ ചെയിൻ സർവീസുകൾ
തിരുവല്ല- പുനലൂർ 13
ആറ്റിങ്ങൽ-വർക്കല 10
റാന്നി-മല്ലപ്പള്ളി- ചങ്ങാനാശ്ശേരി 12
കോട്ടയം- കോഴഞ്ചേരി 14
തിരുവല്ല- പായിപ്പാട്- കുന്നന്താനം 12
മല്ലപ്പള്ളി- ചുങ്കംപാറ 12
നെയ്യാറ്റിൻകര -മഞ്ചവിളാകം- കാരക്കോണം 6
നെയ്യാറ്റിൻകര- വെള്ളറട 5
വർക്കല-കുണ്ടറ 14
വർക്കല- കിളിമാനൂർ 10
കരുനാഗപള്ളി- ഏനാത്ത്- പത്തനാപുരം 14
അടൂർ- കൊടുമൺ- സീതത്തോട്- ആങ്ങാമൂഴി 14
കായംകുളം - ചെങ്ങന്നൂർ 10
ഓച്ചിറ -ചെങ്ങന്നൂർ 10
ചേർത്തല -കോട്ടയം 12
കോട്ടയം- കട്ടപ്പന 10
പെരിന്തൽമണ്ണ- കൊയിലാണ്ടി 10
നിലമ്പൂർ- തൃശൂർ 10
റിപ്പോർട്ടിലെ പരാമർശങ്ങൾ
1 ചില എ.ടി.ഒമാരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പുനക്രമീകരണത്തിന്റെ പേരിൽ അനാവശ്യമായി ഓർഡിനറി ബസുകൾ വെട്ടിക്കുറച്ചു
2 1500-1900 രൂപ പ്രതിദിന കളക്ഷൻ കിട്ടുന്ന സർവീസുകളും വെട്ടിക്കുറച്ചിട്ടുണ്ട്.
'തിരുവനന്തപുരം നഗരത്തിൽ ഓർഡിനറി ബസില്ലെന്ന പരാതിക്ക് പരിഹാരമാകും. എല്ലാ ഡിപ്പോയിൽ നിന്നും കൂടുതൽ ഓർഡിനറി ബസുകൾ സർവീസിനുണ്ടാകും. ഓർഡിനറി ബസുകൾ സ്കൂൾ സമയം അനുസരിച്ച് സർവീസ് നടത്തും''.
- ജി.അനിൽകുമാർ,
എക്സിക്യൂട്ടീവ് ഡയറക്ടർ