gadkari

തിരുവനന്തപുരം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലയിലേക്ക് നിതിൻ ഗഡ്കരി വീണ്ടുമെത്തിയതോടെ കേരളത്തിലെ ദേശീയപാത വികസനം വേഗത്തിലാകാൻ സാദ്ധ്യത. വിഷയത്തിൽ കേരളത്തിനനുകൂല നിലപാടാണ് ഗഡ്കരി സ്വീകരിച്ചിരുന്നത്.

ദേശീയപാത വികസനത്തിന്റെ മുൻഗണനാ പട്ടികയിൽ നിന്നൊഴിവാക്കിയ നടപടി തിരുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ എന്ത് തീരുമാനമെടുക്കണമെന്ന് ചോദിച്ച് ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യ രണ്ടാഴ്‌ച മുമ്പ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കത്തയച്ചിരുന്നു. സെക്രട്ടറിതല ചർച്ചയിൽ തീരുമാനം തിരുത്തുമെന്ന് ദേശീയപാത അതോറിട്ടി വാക്കാൽ ഉറപ്പു നൽകിയെങ്കിലും തിരഞ്ഞെടുപ്പു കാരണം ഉത്തരവിറങ്ങിയില്ല. തീരുമാനം തിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും ഗഡ്കരിക്ക് കത്തയച്ചിരുന്നു.

കേന്ദ്ര സർക്കാരിന് മുന്നിൽ വിഷയം വീണ്ടും കൊണ്ടുവരാനാണ് പൊതുമരാമത്ത് വകുപ്പിന്റെ ആലോചന. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികളുടെ ചർച്ചയ്‌ക്കായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രവുമായി പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചർച്ച ചെയ്യുക, അല്ലെങ്കിൽ വകുപ്പു സെക്രട്ടറിതലത്തിൽ ചർച്ച നടത്തുക എന്നിവയാണ് ആലോചനയിലുള്ളത്.

ദേശീയപാത അതോറിട്ടി മേയ് രണ്ടിനിറക്കിയ വിജ്ഞാപന പ്രകാരമാണ് കേരളത്തിലെ ദേശീയപാത വികസനം ഹൈ ഒന്ന് വിഭാഗത്തിൽ നിന്ന് രണ്ടിലേക്ക് തരംതാഴ്‌ത്തിയത്. ഇതിൽ നിന്ന് വ്യത്യസ്‌തമായി മേയ് ഒമ്പതിന് മറ്റൊരു വിജ്ഞാപനമിറക്കിയെങ്കിലും ആദ്യത്തേത് പിൻവലിച്ചില്ല. ഹൈ രണ്ട് വിഭാഗത്തിലെ പദ്ധതികൾക്ക് വീണ്ടും അംഗീകാരം തേടണമെന്നാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. കേരളത്തിന്റെ ദേശീയപാത വികസനത്തിന് ഭാരതമാല പദ്ധതിയിലുൾപ്പെടുത്തി മുന്തിയ പരിഗണനയാണ് കേന്ദ്രം നൽകിയതെങ്കിലും രണ്ട് വിജ്ഞാപനങ്ങളെത്തിയതോടെ ഇത് തകിടം മറിഞ്ഞു. ഭൂമി ഏറ്റെടുക്കലടക്കമുള്ള നടപടികൾ അവസാന ഘട്ടത്തിലായപ്പോഴാണ് ദേശീയപാത അതോറിട്ടി നിരാശപ്പെടുത്തുന്ന നടപടിയെടുത്തത്.

കേന്ദ്രത്തിൽ ഗഡ്കരി തന്നെ ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലയിലെത്തിയ സ്ഥിതിക്ക് പൊതുമരാമത്ത് മന്ത്രിതലത്തിലുള്ള സംഘം ചർച്ച നടത്തുന്നതായിരിക്കും ഉചിതം. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.

- പൊതുമരാമത്ത് മന്ത്രിയുടെ ആഫീസ്