കഴക്കൂട്ടം: സർക്കാർ കുടുംബശ്രീ വഴി പഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്ന ആശ്രയ പദ്ധതിയുടെ ആനൂകൂല്യം അണ്ടൂർക്കോണം പഞ്ചായത്തിലെ അർഹതപ്പെട്ടവർക്ക് ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് കമ്മിറ്റിയിൽ ബഹളം. കോൺഗ്രസ് ഭരിക്കുന്ന ഈ പഞ്ചായത്തിലെ ഒരു കോൺഗ്രസ് അംഗവും ബി.ജെ.പി അംഗങ്ങളുമാണ് ബഹളമുണ്ടാക്കിയത്. തുച്ഛമായ ഈ ആനുകൂല്യങ്ങൾപോലും തട്ടിയെടുക്കാൻ അനർഹരായവർ ധാരാളം പേർ ലിസ്റ്റിൽ കടന്നുകൂടുന്നതായും പരാതിയുണ്ട്. ഇതുമൂലം കാൻസർ രോഗികൾ, വിധവകൾ,
താമസ യോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്നവർ,നിരാശ്രയരായവർ തുടങ്ങിയ പാവപ്പെട്ടവരാണ് ലിസ്റ്റിന് പുറത്താകുന്നത്.ഇരുനില വീട് ഉള്ളവരും, സാമ്പത്തിക ഭദ്രത ഉള്ളവരും ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് കമ്മിറ്റിയിൽ പോലും ചർച്ച ചെയ്യാതെയും അംഗീകരിക്കാതെയുമാണ് ലിസ്റ്റ് ജില്ലാ മിഷൻ അംഗീകരിച്ചത്.ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങൾ തുടരുകയാണ്. അർഹതപ്പെട്ടവരെ ലിസ്റ്റിൽ ഉൾപ്പെടുത്തി അനർഹരെ ഒഴിവാക്കണമെന്നും ബി.ജെ.പിയംഗം പള്ളിപ്പുറം വിജയകുമാർ ആവശ്യപ്പെട്ടു. ആശ്രയ പദ്ധതിയിൽ 200 പേർക്ക് 500 മുതൽ 700 രൂപ വരെയാണ് പ്രതിമാസം ആനുകൂല്യം ലഭിക്കുന്നത്.