ചിറയിൻകീഴ്: ഭിന്നശേഷിയുളള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ചിറയിൻകീഴ് കാട്ടുകുളത്ത് ആരംഭിച്ച ബഡ്സ് സ്കൂൾ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞെങ്കിലും പ്രവർത്തനം ആരംഭിച്ചില്ല. ഏറെ ആഘോഷത്തോടെ 2015 സെപ്തംബറിലാണ് ഇതിന്റെ ഉദ്ഘാടനം നടത്തിയത്. പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ബന്ധപ്പെട്ടവരുടെ അനാസ്ഥ കാരണം തുടർ പ്രവർത്തനങ്ങളൊന്നും ഇവിടെ നടന്നില്ല. ചിറയിൻകീഴ് മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി പരിശീലനം നൽകുന്ന ഒരു സ്കൂൾ എന്ന ലക്ഷ്യത്തോടെയാണ് ബഡ്സ് സ്കൂൾ ആരംഭിക്കാനുള്ള പദ്ധതികൾ ഒരുക്കിയത്.
മനസ് മുരടിച്ച് വീട്ടിലെ ചുവരുകൾക്കുളളിൽ കഴിയേണ്ടി വരുന്ന ഭിന്നശേഷിയുളള കുട്ടികൾക്ക് പുതിയ വാതായനങ്ങൾ തുറക്കാൻ അവസരം ഉണ്ടാക്കുന്ന ബഡ്സ് സ്കൂളിന്റെ ഉദ്ഘാടനം ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളിൽ ഏറെ ആവേശവും സന്തോഷവുമാണ് ഉണ്ടാക്കിയത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾക്ക് ഇപ്പുറവും പ്രവർത്തനം ആരംഭിക്കാത്തത് രക്ഷിതാക്കളിൽ ആശങ്ക ഉണ്ടാക്കുകയാണ്. ബന്ധപ്പെട്ടവർ ഇടപെട്ട് ഈ സ്കൂൾ പ്രവർത്തന സജ്ജമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ എത്രയും വേഗം കൈക്കൊളളണമെന്നാണ് രക്ഷിതാക്കൾ ഒന്നടങ്കം പറയുന്നത്. ഇതിനിടയിൽ സമഗ്ര മാനസിക ആരോഗ്യ പരിപാടി നടപ്പാക്കുന്നതിനുളള സുരക്ഷ പദ്ധതിയുടെ ഓഫീസിന് ബഡ്സ് സ്കൂളിന്റെ ഒരു ഭാഗം കൈമാറിയിട്ടുണ്ട്.