തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച വരെ വ്യാപകമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വൈകിട്ട് നാലു മുതൽ രാത്രി പത്തു വരെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയും, മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റുമുണ്ടാകും. കാലവർഷമെത്തുന്ന ആറിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും അഞ്ചിന് മലപ്പുറത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ മഴ കൂടുതൽ ലഭിക്കും.
കേരള തീരത്ത് തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും, കർണാടക തീരത്ത് വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും, ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലും, തമിഴ്നാട്, പുതുച്ചേരി തീരത്തിന് തെക്ക്, തെക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലും, ഇന്ന് ഉച്ചവരെ തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും തീരത്തും കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.