photo

നെടുമങ്ങാട് :ഏറെ നാളുകൾക്ക് ശേഷം അരുവിക്കരയുടെ റിസർവോയറുകളിൽ മാലിന്യം വീണ്ടുമെത്തി.ഇത്തവണ മാലിന്യത്തോടൊപ്പം മാസാവശിഷ്ടങ്ങളുമുണ്ട്. എന്നാൽ മാലിന്യ നിക്ഷേപകരെ മെരുക്കാനുള്ള തന്ത്രങ്ങൾ മാത്രം ബാക്കി.ആദ്യഘട്ടത്തിൽ പൊലീസിനൊപ്പം സജീവമായി മാലിന്യ നിക്ഷേപകരെ കുടുക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരുന്ന തദ്ദേശ സ്ഥാപന മേധാവികളെയും സന്നദ്ധ സംഘടനാ ഭാരവാഹികളെയും ഇപ്പോൾ കാണാനേയില്ലെന്നാണ് നാട്ടുകാരുടെ കമന്റ്. ഇരുളിന്റെ മറവിൽ ടാങ്കർ ലോറികളിൽ മാലിന്യം എത്തിച്ച് ഡാം പരിസരത്ത് വലിച്ചെറിയുന്നത് പതിവ് കാഴ്ചയാണിപ്പോൾ.വാട്ടർ അതോറിട്ടിയുടെയും വ്യാപാരികളുടെയും സഹായത്തോടെ ചില കേന്ദ്രങ്ങളിൽ പൊലീസ് സ്ഥാപിച്ച സി.സി.ടി.വി നിരീക്ഷണ കാമറകളാണ് ആകെയുള്ള ആശ്രയം.എന്നാൽ,ഇവ എണ്ണത്തിൽ പരിമിതമാണ്. കൂടുതൽ കേന്ദ്രങ്ങളിൽ കാമറ വയ്ക്കണമെന്ന നിർദ്ദേശം ഗ്രാമപഞ്ചായത്ത് ചെവിക്കൊള്ളുന്നില്ലെന്ന പരാതിയുമുണ്ട്. തീരം റോഡിലെ വാഴവിള നടയിൽ പ്ലാസ്റ്റിക് മാലിന്യം ബാരലിലാക്കി അറവുശാല മാലിന്യവും ഹോട്ടൽ അവശിഷ്ടവും തള്ളുന്നത് തുടർക്കഥയായിട്ടുണ്ട്. നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്നുള്ള മാലിന്യമാണ് പതിവായി ഈ മേഖലയിൽ നിക്ഷേപിക്കുന്നതെന്ന് പൊലിസിന് സൂചന ലഭിച്ചിരുന്നു.തുടർ നടപടികൾ ഉണ്ടായില്ല.വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി കാറിലും ഇരുചക്രവാഹങ്ങളിലും കൊണ്ടുവരുന്ന മാലിന്യം ആളൊഴിഞ്ഞ സ്ഥലങ്ങളിൽ തള്ളുന്നതും നിത്യസംഭമാണ്.

അരുവിക്കര ശുദ്ധജല സംഭരണിയുടെ റിസർവോയറുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും വലിച്ചെറിയുന്ന സംഘങ്ങൾക്ക് അധികൃതരുടെ തണലെന്ന് പൊലീസ് റിപ്പോർട്ട്. ജലാശയം മലിനമാക്കുന്നവരെ പൊക്കാൻ പൊലീസും നാട്ടുകാരും ഉറക്കമിളയ്ക്കുമ്പോൾ പൊതുപ്രവർത്തകരിൽ ചിലർ സഹായവുമായി രംഗത്തുണ്ടെന്ന് മേലുദ്യോഗസ്ഥർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.മാലിന്യം തള്ളുന്ന കേസുകളിൽ പെടുന്നവരെ ഊരി മാറ്റാൻ ഇക്കൂട്ടർ സജീവമായി രംഗത്തുണ്ട്.രണ്ടായിരമോ,മൂവായിരമോ പിഴ ഈടാക്കി സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റമാണെന്നിരിക്കെ, കേസ് എടുക്കാതെയും പിഴ ഒടുക്കാതെയും കുറ്റക്കാരെ രക്ഷിക്കാനാണ് ശ്രമം.സമ്മർദ്ധം ഏറിയതോടെ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ഉറക്കമിളയ്ക്കുന്ന ഏർപ്പാട് പൊലീസ് ഉപേക്ഷിച്ചെന്നാണ് പിന്നാമ്പുറ സംസാരം.