balabhaskar

തിരുവനന്തപുരം : വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടേയും അപകടമരണവുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിൽ പിടിയിലായ പ്രകാശ് തമ്പിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതിനായി കോടതിയിൽ ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും പിതാവ് ഉണ്ണിയുടെയും മൊഴിയും വരും ദിവസങ്ങളിൽ എടുക്കും.അപകട സ്ഥലത്ത് നിന്നും രണ്ട് പേർ ഓടിമറയുന്നത് കണ്ടെന്ന കലാഭവൻ സോബിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഇയാളെയും ഉടൻ ചോദ്യം ചെയ്യും.

അപകട സമയത്ത് വാഹനമോടിച്ച ആളിനെ കുറിച്ച് വീണ്ടും സംശയങ്ങൾ ഉയർന്നതോടെ ഇക്കാര്യം കണ്ടെത്താനായി ശാസ്ത്രീയ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വണ്ടിയോടിച്ചത് ബാലഭാസ്‌കറാണെന്നാണ് ഡ്രൈവർ അർജുൻ മൊഴി നൽകിയത്. എന്നാൽ

ഡ്രൈവറാണ് വാഹനമോടിച്ചതെന്നാണ് ലക്ഷമി പറയുന്നത്. ഇരുവരും മൊഴിയിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ശാസ്ത്രീയ പരിശോധന നടത്തുന്നത്.അപകടത്തിലെ ദൂരൂഹതയെ കുറിച്ച് ബാലഭാസ്‌കറിന്റെ അച്ഛൻ ഉണ്ണി നൽകിയ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഡ്രൈവറെ കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. സംഭവം വീണ്ടും വിവാദമായ സാഹചര്യത്തിൽ വാഹനത്തിലെ മുടിനാരുകൾ പരിശോധിച്ച് ഓടിച്ച ആളിനെ കണ്ടെത്തുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.

ബാലഭാസ്‌കറിന്റെ പരിപാടികളുടെ കോ-ഓർഡിനേറ്ററായിരുന്ന പ്രകാശ് തമ്പി സ്വർണക്കടത്ത്‌ കേസിൽ പിടിയിലായതോടെയാണ് ക്രൈംബ്രാഞ്ച് മരണത്തെ കുറിച്ചുള്ള അന്വേഷണം വീണ്ടും ഊർജിതമാക്കിയത്. മറ്റൊരു കോ-ഓർഡിനേറ്ററായ വിഷ്ണു ഇപ്പോഴും ഒളിവിലാണ്. അതേസമയം ബാലഭാസ്‌കറിന്റെ മരണത്തിന്‌ശേഷം പ്രകാശ് തമ്പി നിരവധി തവണ വിദേശ യാത്ര നടത്തിയതായി ഡി.ആർ.ഐ കണ്ടെത്തിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്രിട്ടത് ഞാനല്ലെന്ന് ലക്ഷ്മി

സ്വർണകടത്ത്‌ കേസിൽ പ്രകാശ് തമ്പി അറസ്റ്റിലായതിന് പിന്നാലെ ബാലഭാസ്‌കറിന്റെ ഫേസ്ബുക്ക്‌പേജിൽപോസ്റ്റ് ഇട്ടത് താനല്ലെന്ന് ഭാര്യ ലക്ഷമിയുടെ വെളിപ്പെടുത്തൽ. കൊച്ചിയിലെ ഏജൻസിയാണ്‌ പോസ്റ്റിട്ടതെന്നും നിലവിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങളിലെ സത്യാവസ്ഥ പുറത്ത് വരണമെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകട സമയത്ത് ഡ്രൈവർ അർജുൻ തന്നെയാണ് വാഹനം ഓടിച്ചതെന്നും ലക്ഷമി ആവർത്തിച്ചു. പിടിയിലായ പ്രകാശ് തമ്പിയുടെയും ഒളിവിലുള്ള വിഷ്ണുവിന്റെയും ഇടപാടുകളെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ലക്ഷ്മി പറഞ്ഞു.