വിഴിഞ്ഞം: ഖലാസികളുടെ നേതൃത്വത്തിൽ കടലിൽ മുങ്ങിയ ടഗ്ഗ് ഉയർത്തൽ ഇന്ന് പുനരാരംഭിക്കും. ഖലാസികളുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ ശ്രമമാണിത്. ഖലാസികളെ കൂടാതെ ചെന്നെെെയിൽ നിന്നുള്ള 10 വിദഗ്ദ്ധ തൊഴിലാളികളും ഇന്ന് വിഴിഞ്ഞത്ത് എത്തും. 100 ടൺ ഭാരം ഉയർത്താൻ ശേഷിയുള്ള ക്രെയിൻ രണ്ടു ദിവസത്തിനുള്ളിലെത്തും. ടഗ്ഗ് മാറ്റാനാകാത്തതിനാൽ കോസ്റ്റ് ഗാർഡിന്റെ ബെർത്ത് നിർമ്മാണം അനിശ്ചിതത്വത്തിലായിരുന്നു. തുടർന്ന് ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി തീരസംരക്ഷണസേന തുറമുഖ വകുപ്പിന് കത്ത് നൽകി. ടഗ്ഗ് ഉയർത്തുന്നതിനായി മുംബയ് എസ്.ബി.ഐ ബാങ്ക് മുഖാന്തരമാണ് സ്വകാര്യ ഷിപ്പിംഗ് കമ്പനിയുടെ സഹായം തേടിയത്. ടഗ്ഗ് ഇതുവരെ ഉയർത്താൻ കഴിഞ്ഞിട്ടില്ലെന്നും എത്രയും വേഗം നടപടികൾ വേണമെന്നും ആവശ്യപ്പെട്ട് തുറമുഖ വകുപ്പ് മുംബയിലെ ബാങ്ക് അധികൃതർക്ക് കത്ത് നൽകി. ഇതിനെ തുടർന്നാണ് ഇന്ന് ടഗ്ഗ് ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത്. മുക്കാൽ ഭാഗവും മുങ്ങിയ ടഗ്ഗിനെ നിവർത്തി പൂർവ സ്ഥിതിയിലാക്കാനാണ് അധികൃതരുടെ ശ്രമം.