കല്ലമ്പലം: ദേശീയ പാതയിൽ കല്ലമ്പലം മേഖലയിൽ അപകടങ്ങൾ വർദ്ധിക്കുന്നു. നിത്യേന ചെറുതും വലുതുമായ ഒട്ടനവധി അപകടങ്ങളാണ് നടക്കുന്നത്. കൂടുതൽ അപകടങ്ങളും ഇരുകൂട്ടരും രമ്യമായി പരിഹരിക്കുകയാണ് പതിവ്. ഒത്തുതീർപ്പ് ചർച്ചകളിൽ ഒതുങ്ങാതെ വരുമ്പോൾ മാത്രമാണ് പൊലീസിനെ വിളിക്കുക. കല്ലമ്പലം ജംഗ്ഷൻ കഴിഞ്ഞാൽ രണ്ട് കിലോമീറ്ററിനുള്ളിൽ മൂന്ന് ബാറുകളും ഉണ്ട്. കല്ലമ്പലത്ത് ദേശീയ പാതയോരത്തുണ്ടായിരുന്ന ബിവറേജസിന് താഴു വീഴുകയും പുതിയ സ്ഥലം കണ്ടെത്തി തുറക്കാത്തതിനാലും പൊതുവേ ഈ ബാറുകളിൽ തിരക്കേറെയാണ്. ബാറിൽ നിന്നും ഇറങ്ങുന്നവരും അപകടത്തിൽപ്പെടുന്നത് പതിവാണ്. കല്ലമ്പലം മേഖലയിലെ വാഹനാപകടങ്ങളുടെ ആക്കം വിളിച്ചറിയിക്കുന്നതാണ് പൊലീസ് സ്റ്റേഷന് മുന്നിലെ റിക്കവറി വാഹനങ്ങളുടെ നിര. വാഹനാപകടം നടന്നാൽ ആദ്യമെത്തുന്നത് റിക്കവറി വാഹനങ്ങളാണ്. പൊലീസ് എത്തുന്നത് രണ്ടാമതും. ഒരു മാസത്തിൽ ഈ മേഖലയിൽ ചെറുതും വലുതുമായ അമ്പതിലതികം വാഹനാപകടങ്ങൾ നടക്കുന്നതായാണ് പൊലീസിന്റെ രേഖകൾ വെളിപ്പെടുത്തുന്നത്. അപകടത്തിൽ മരിക്കുന്നവരും പരിക്കേൽക്കുന്നവരും നിരവധിയാണ്. ഇവിടെ നിരവധി സ്ഥലങ്ങൾ സ്ഥിരം അപകടമേഖലയാണ്. ഇവ കുറയ്ക്കാൻ യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.