ലിവർപൂളിന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം
ഫൈനലിൽ 2-0ത്തിന് ടോട്ടൻഹാമിനെ
കീഴടക്കി
. ഗോളുകൾ നേടിയത് മുഹമ്മദ് സലായും
ഡിവോക്ക് ഒറിജിയും
ലണ്ടൻ : യൂറോപ്യൻ ഫസ്റ്റ് ഡിവിഷൻ ക്ളബ് ഫുട്ബാൾ കിരീടത്തിനായുള്ള ഇംഗ്ളീഷ് ക്ളബുകളുടെ പോരാട്ടത്തിൽ ലിവർപൂളിന് വിജയം. കഴിഞ്ഞരാത്രി മാഡ്രിഡിൽ നടന്ന കലാശക്കളിയിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ലിവർ പൂൾ സ്വന്തം നാട്ടുകാരായ ടോട്ടൻഹാമിനെ കീഴടക്കിയത്. കളിതുടങ്ങി രണ്ടാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സൂപ്പർ താരം മൊഹമ്മദ് സലായും 87 -ാം മിനിട്ടിൽ ഡിമോക്ക് ഒറിജിയുമാണ് ചെമ്പടയുടെ വിജയഗോളുകൾ നേടിയത്.
തങ്ങളുടെ ആറാം കിരീട നേട്ടത്തോടെ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വിജയകരമായ ഇംഗ്ളീഷ് ക്ളബ് എന്ന റെക്കാഡ് ലിവർ പൂൾ ഒരിക്കൽകൂടി ഉറപ്പിച്ചു. പ്രബലന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ ഇരട്ടിത്തവണ ചാമ്പ്യൻസ് ലീഗ് നേടിയെന്ന് ഇനി ലിവർ പൂൾ ആരാധകർക്ക് അഭിമാനിക്കാം. 2005ന് ശേഷമുള്ള ലിവർ പൂളിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടമാണിത്. കഴിഞ്ഞവർഷം ഫൈനലിലെത്തിയിരുന്നെങ്കിലും റയൽ മാഡ്രിഡിന്റെ ഹാട്രിക് കുതിപ്പിന് മുന്നിൽ മുട്ടുമടക്കുകയായിരുന്നു.
ഗോളുകൾ ഇങ്ങനെ
1-0
ഫസ്റ്റ് വിസിൽ മുഴങ്ങി രണ്ടുമിനിട്ട് തികയും മുമ്പ് അപ്രതീക്ഷിതമായാണ് ലിവർപൂളിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. സാഡിയോ മാനേയുടെ ഒരു ഷോട്ട് ടോട്ടൻ ഹാം ഡിഫൻഡർ സിസോക്കോയുടെ കൈയിൽ തട്ടിയതിനാണ് പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത സലാ ഒട്ടും സമർദ്ദം കൂടാതെ പന്ത് വലയിൽ അടിച്ചുകയറ്റി.
2-0
നിശ്ചിത സമയം അവസാനിക്കാൻ മൂന്ന് മിനിട്ട് മാത്രം ശേഷിക്കേ ടോട്ടൻഹാം ഡിഫൻഡർ പെർട്ടോംഗനെ വെട്ടിച്ച് മാറ്റിപ്പ് നൽകിയ പാസാണ് ഒറിജി ലിവർപൂളിന്റെ രണ്ടാംഗോളാക്കി മാറ്റിയത്.
പരിക്കിൽനിന്ന് പൂർണമോചിതനാകാത്ത നായകൻ ഹാരി കേനിനെ ഫസ്റ്റ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ടോട്ടൻഹാം ഫൈനലിനിറങ്ങിയത്. എന്നാൽ കേനിന് മത്സരത്തിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. ടോട്ടൻ ഹാമിന്റെ ആക്രമണങ്ങളെ മിന്നൽ സേവുകളുമായി പടിക്ക് പുറത്തുനിറുത്തിയ ലിവർപൂളിന്റെ ബ്രസീലിയൻ ഗോളി ആലിസൺ മത്സരത്തിൽ നിർണായക സ്വാധീനം ചെലുത്തി.
സലാ സൂപ്പർ ഹീറോ
ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഒറ്റപ്പോയിന്റ് വ്യത്യാസത്തിൽ കിരീടം കൈവിട്ടുപോയതിന്റെ സങ്കടം ചാമ്പ്യൻസ് ലീഗുകൊണ്ട് കഴുകിക്കളഞ്ഞിരിക്കുകയാണ് ലിവർ പൂൾ.
കഴിഞ്ഞ സീസണിൽ പരിക്കുമൂലം റയൽ മാഡ്രിഡിനെതിരായ ഫൈനലിൽ കളിക്കാൻ കഴിയാതിരുന്ന മുഹമ്മദ് സലാ ഇക്കുറി ഫൈനലിൽ കളിക്കാനിറങ്ങി. ഗോളടിച്ചു, കപ്പുമുയർത്തി.
ഇൗ സീസൺ ചാമ്പ്യൻസ് ലീഗിൽ 12 മത്സരങ്ങളിൽനിന്ന് സലാ നേടിയത് അഞ്ചുഗോളുകളായിരുന്നു. കഴിഞ്ഞ സീസണിൽ 11 ഗോളുകൾ നേടിയിരുന്നു. കഴിഞ്ഞതവണ കപ്പ് ലിവർപൂളിന്റെ കൈയിൽനിന്ന് വഴുതിയതിന് പ്രധാനകാരണം സലായുടെ അഭാവമായിരുന്നു. ഇൗ സീസണിൽ 52 മത്സരത്തിൽ നിന്ന് 27 ഗോളുകളാണ് ക്ളബിന് വേണ്ടി സലാ ആകെ നേടിയിരിക്കുന്നത്. ഇൗവർഷത്തെ പ്ളേയർ ഒഫ് ദ സീസൺ പുരസ്കാരവും സാല സ്വന്തമാക്കി.
കൊടുക്കണം ക്ളോപ്പിനൊരു ക്ളാപ്പ്
ഒന്നല്ല, രണ്ടല്ല, തുടർച്ചയായി ആറ് ഫൈനലുകൾ തോറ്റിട്ടും ലിവർപൂളിന്റെ പരിശീലകൻ യൂർഗൻ ക്ളോപ്പ് തളർന്നില്ല. ഏഴാമത്തെ ഫൈനലിൽ തന്റെ കരിയറിലെ ഏറ്റവും വിലപിടിപ്പുള്ള കിരീടം ആ കൈകളിലെത്തി. ജർമ്മനിയിലെ പ്രമുഖ ക്ളബുകളായ മെയിൻസിനെയും ബൊറൂഷ്യ ഡോർട്ട് മുണ്ടിനെയും പരിശീലിപ്പിച്ചിട്ടുള്ള ക്ളോപ്പിന്റെ കരിയറിൽ ഇതിന് മുമ്പ് ജയിച്ചിട്ടുള്ളത് ഒരേയൊരു ഫൈനലിൽ മാത്രമാണ്, 2012 ലെ ജർമ്മൻ കപ്പിൽ ബയേൺ മ്യൂണിക്കിനെതിരെ
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ രണ്ടുതവണ തോറ്റിട്ടുണ്ട്. 2013 ൽ ബൊറൂഷ്യയ്ക്കൊപ്പവും കഴിഞ്ഞതവണ ലിവർപൂളിനൊപ്പവും. 2014, 2015 വർഷങ്ങളിലെ ജർമ്മൻ കപ്പിലും ബൊറൂഷ്യയ്ക്കൊപ്പം തോറ്റു. 2016 ലെ കാപ്പിറ്റൽ വൺ കപ്പിലും യൂറോപ്പ ലീഗിലും 2018 ലെ ചാമ്പ്യൻസ് ലീഗിലും ലിവർപൂളിന്റെ പരിശീലകനായി ഫൈനൽ തോൽവി.
തോൽവികളിൽ തളരാതെ വിജയത്തിന് വേണ്ടി പൊരുതുന്നവർക്കൊരു വഴിവിളക്കാണ് ക്ളോപ്പ്.
ഇൗ കിരീടം നേടിയപ്പോൾ ഞങ്ങളെല്ലാവരും പൊട്ടിക്കരഞ്ഞുപോയി. അത്ര മഹത്വമുണ്ട് ഇൗ കിരീടത്തിന്. ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വലിയ നേട്ടമാണ്.
യൂർഗൻ ക്ളോപ്പ്
6
ലിവർപൂളിന്റെ ആറാമത് യൂറോപ്യൻ ഫസ്റ്റ് ഡിവിഷൻ കിരീടമാണിത്. 1976-77, 77-78, 1980-81, 1983-84, 2004-05 സീസണുകളിലാണ് ഇതിന് മുമ്പ് ചെമ്പട കിരീടമണിഞ്ഞിരുന്നത്.
ഏതൊരു ഇംഗ്ളീഷ് ക്ളബിനേയുംകാൾ കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ലിവർപൂളിന്റെ അലമാരയിലുണ്ട്.
ചാമ്പ്യൻസ് ലീഗിലെ ഇംഗ്ളീഷ് പ്രകടനം
ലിവർപൂൾ-6
മാൻ. യുണൈറ്റഡ് 3
ചെൽസി 1
നോട്ടിംഗ് ഹാം ഫോറസ്റ്റ് -1
ആസ്റ്റൺ വില്ല -1
4
ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ലിവർപൂളിന്റെ നാലാമത്തെ പരിശീലകനാണ് യൂർഗൻ ക്ളോപ്പ്. ബോബ് പെയ്‌സ്‌ലി, ജോഫാഗൻ, റാഫേൽ ബെനിറ്റ്സ് എന്നിവരാണ് മുമ്പ് കിരീടം നേടിയ പരിശീലകർ.
5
ചാമ്പ്യൻസ് ലീഗ് ജേതാവാകുന്ന അഞ്ചാമത്തെ ജർമ്മൻകാരനായ പരിശീലകനാണ് ക്ളോപ്പ്. സെറ്റ്‌മാർ ക്രാമർ, യുപ്പ് ഹെയ്‌നെക്ക്സ്, ഒാട്ട്‌മാർ ഹിറ്റ്സ്‌ഫെൽഡ്, ഉഡോ ലാറ്റെക്ക് എന്നിവരാണ് ക്ളോപ്പിന്റെ മുൻഗാമികൾ. ഇതിൽ ജർമ്മനിയിൽ നിന്നുള്ള ക്ളബിനൊപ്പമല്ലാതെ കിരീടം നേടിയത് ഹെയ്‌നെക്ക്‌സും (റയൽ മാഡ്രിഡ്) ക്ളോപ്പും മാത്രം.
13
കിരീടങ്ങൾ നേടിയിട്ടുള്ള റയൽ മാഡ്രിഡാണ് ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ജേതാക്കളായിട്ടുള്ളത്. എ.സി. മിലാൻ ഏഴുതവണയും ബാഴ്സലോണയും ബയേൺ മ്യൂണിക്കും അഞ്ചുതവണ വീതവും ജേതാക്കളായി.
1
ടോട്ടൻ ഹാമിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലായിരുന്നു ഇത്. ആദ്യമായി ഫൈനലിലെത്തി തോൽക്കുന്ന ആറാമത്തെ ടീമും.
1 മിനിട്ട് 48 സെക്കൻഡ്
ഇന്നലെ ടോട്ടൻഹാമിനെതിരെ പെനാൽറ്റിയിൽ നിന്ന് മുഹമ്മദ് സലാഹ് ആദ്യഗോൾ നേടുമ്പോൾ കളി തുടങ്ങിയിട്ട് ഇത്ര സമയമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഏറ്റവും വേഗതയേറിയ ഗോളാണിത്. 2005 ലെ ഫൈനലിൽ ലിവർപൂളിനെതിരെ എ.സി മിലാന്റെ പൗളോ മാൽദീനി 50-ാമത്തെ സെക്കൻഡിൽ ഗോൾ നേടിയതാണ് റെക്കാഡ്.
കിരീട വഴി
ഇൗ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കുള്ള ലിവർപൂളിന്റെ പടയോട്ടം ഇങ്ങനെ.
. സി ഗ്രൂപ്പിൽ പാരീസ് സെന്റ് ജെർമെയ്‌ൻ, നാപ്പോളി , റെഡ് സ്റ്റാർ ബെൽ ഗ്രേഡ് എന്നിവർക്കൊപ്പം.
. ആറ് മത്സരങ്ങളിൽ മൂന്ന് ജയവും മൂന്ന് തോൽവികളുമായി ഒൻപത് പോയിന്റ് നേടി പി.എസ്.ജിക്ക് പിന്നിൽ രണ്ടാമൻമാരായി നോക്കൗട്ട് റൗണ്ടിലേക്ക്.
. വിജയങ്ങളിൽ ഒന്ന് പി.എസ്.ജിയോടും രണ്ടെണ്ണം റെഡ് സ്റ്റാറിനോടും.
. പ്രീക്വാർട്ടറിൽ ആദ്യപദത്തിൽ ബയേൺ മ്യൂണിക്കിനോട് ഗോൾ രഹിത സമനില. രണ്ടാംപാദത്തിൽ 3-1 ന്റെ ജയം.
. ക്വാർട്ടറിൽ എഫ്.സി പോർട്ടോയ്ക്കെതിരെ ഇരുപാദങ്ങളിലും വിജയം. ആദ്യപാദത്തിൽ 2-0 , രണ്ടാം പാദത്തിൽ 4-1.
. സെമിയിലെ ആദ്യ പാദത്തിൽ ബാഴ്സലോണയോട് 0-3ന് തോറ്റെങ്കിലും രണ്ടാം പാദത്തിൽ 4-0 ത്തിന് ജയിച്ച് ഫൈനലിൽ.