floating-solar

തിരുവനന്തപുരം:ഏഷ്യയിലെ ഏറ്റവും വലിയ ഫ്ളോട്ടിംഗ് സോളാർ പാർക്ക് ഇടുക്കി റിസർവോയറിൽ സ്ഥാപിക്കുന്നു. നാഷണൽ തെർമ്മൽ പവർകോർപറേഷൻ ഇതിന്റെ സർവ്വേ ആരംഭിച്ചു.

ഇടുക്കിയിലെ അഞ്ചരുളി, കുളമാവ് റിസർവോയറുകളിലാണ് സോളാർ പാർക്ക് സ്ഥാപിക്കുന്നത്. സർവ്വേ പൂർത്തിയായാലേ ഇവിടെ എത്ര വൈദ്യുതി ഉൽപാദിപ്പിക്കാനാവുമെന്നും, നിർമ്മാണ ചെലവും കണക്കാക്കാനാവൂ. അഞ്ചുരുളിയിലെ വാഴത്തോപ്പ് സബ്സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് സോളാർ പാർക്ക് സ്ഥാപിക്കുക. സബ്സ്റ്റേഷന്റെ ശേഷിയും കൂട്ടേണ്ടിവരും. കേന്ദ്രസർക്കാർ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് കെ.എസ്.ഇ.ബി. ആലോചിക്കുന്നത്.

കല്ലാർകുട്ടി,ആനയിറങ്ങൽ,ചെങ്കളം റിസർവോയറുകളിലും ഫ്ളോട്ടിംഗ് സോളാർ പാർക്കുകൾ സ്ഥാപിക്കുന്നതിന്റെ സാധ്യതാപഠനം നടത്തും.

രാജ്യത്തെ ഏറ്റവും വലിയ ഫ്ളോട്ടിംഗ് സോളാർ പാർക്കാണ് വയനാട്ടിലെ ബാണാസുര സാഗറിലുള്ളത്. 500 കിലോവാട്ടാണ് ഉത്പാദനശേഷി.

ആവശ്യമുള്ള വൈദ്യുതിയുടെ മുപ്പത് ശതമാനമാണ് സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നത്. ഇതത്രയും ജലവൈദ്യുതി പദ്ധതിയിലൂടെയാണ്. ആവശ്യമുള്ളതിന്റെ പകുതിയെങ്കിലും സംസ്ഥാനങ്ങൾ കണ്ടെത്തണമെന്നാണ് കേന്ദ്ര നിർദ്ദേശം. അതിനാൽ സോളാർ വൈദ്യുതി ഉത്പാദനം ആയിരം മെഗാവാട്ടിൽ എത്തിക്കാനാണ് കെ. എസ്. ഇ.ബി. ശ്രമിക്കുന്നത്. ഇതിനായി വീടുകളുടെ ടെറസിൽ സോളാർ പദ്ധതി നടപ്പാക്കുന്നുണ്ട്. ഒന്നര ലക്ഷത്തോളം പേരാണ് ഇതിൽ രജിസ്റ്റർ ചെയ്തത്. നിർമ്മാണ ചെലവ് വഹിക്കുന്നതിനൊപ്പം ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി. വാങ്ങുകയും ചെയ്യും. ഇതിന്റെ വിലയിൽ നിർമ്മാണ ചെലവ് കുറയ്ക്കുന്നതാണ് പദ്ധതി. എന്നാൽ ഇതിലൂടെ ലക്ഷ്യമിട്ട വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയില്ലെന്നാണ് ആശങ്ക. ഒരുകിലോവാട്ട് സോളാർ വൈദ്യുതി ഉൽപാദിപ്പിക്കാൻ പത്ത് ചതുരശ്ര അടി സോളാർ പാനലെങ്കിലും സ്ഥാപിക്കണം. രജിസ്റ്റർ ചെയ്ത വീടുകളിൽ എത്രയെണ്ണത്തിൽ ഇതിനുള്ള സൗകര്യമുണ്ടെന്നത് പരിശോധിക്കണം. ഒന്നരലക്ഷം വീടുകളിൽ 250മെഗാവാട്ട് വൈദ്യുതിയാണ് പരമാവധി ഉത്പാദിപ്പിക്കാനാകുക. ഇത് പരിഗണിച്ചാണ് റിസർവോയറുകളിൽ ഫ്ളോട്ടിംഗ് സോളാറിന്റെ സാധ്യത പരിശോധിക്കുന്നത്.