prathikal

 അറസ്റ്റ് രണ്ട് കൊലപാതകങ്ങൾ തെളിയാനിടയാക്കി

പാറശാല: ആറയൂർ കെ.വി ഭവനിൽ വിനുവിന്റെ (41) മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളായ ആറയൂർ കടമ്പാട്ടുവിള ഷാജി (47), കൂട്ടുപ്രതി പല്ലൻ അനി (42) എന്നിവരെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. 9 വർഷം മുൻപ് കാണാതായ ഷാജിയുടെ അച്ഛൻ കൃഷ്ണനെ കൊലപ്പെടുത്തിയതും ഷാജിയും സംഘവുമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

20ന് രാത്രിയിൽ ഷാജിയുടെ വീട്ടിൽ നടന്ന മദ്യസേവയെ തുടർന്ന് ഷാജി, പല്ലൻ അനി എന്നിവർ ചേർന്ന് വിനുവിനെ കുത്തിക്കൊലപ്പെടുത്തുകയും രണ്ട് ദിവസം വീട്ടിൽ സൂക്ഷിച്ച ശേഷം 22ന് രാത്രിയിൽ ചാക്കിൽ കെട്ടി ഷാജിയുടെ പറമ്പിൽ കൊണ്ടിടുകയുമായിരുന്നു. തുടർന്ന്, ഒളിവിൽ പോയ പ്രതികളിൽ മൂന്നും നാലും പ്രതികളായ ദീപേന്ദ്രകുമാർ (44), പത്മഗിരീഷ് (29) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് മുൻപ് വിനുവിനെ ഷാജിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ഷാജിയെ സഹായിച്ചതിന് ദീപേന്ദ്രകുമാറിനെയും, മൃതദേഹം മറവ് ചെയ്യാൻ മൺവെട്ടി നൽകി സഹായിച്ചതിന് പത്മഗിരീഷിനെയും പ്രതിയാക്കി. ഒളിവിലായിരുന്ന പ്രതികൾ 19 ദിവസം തൃച്ചിയിലെ ബോർവെൽ കമ്പനിയിലും തുടർന്ന് വണ്ടിപ്പെരിയാറിലെ ലെയ്ത്തിലും ജോലി ചെയ്തു. ഇതിനിടെ നാട്ടിലെത്തിയപ്പോഴാണ് തമ്പാനൂരിൽവച്ച് പൊലീസിന്റെ പിടിയിലാവുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 സ്വത്ത് തട്ടിയെടുക്കാൻ പിതാവിനെ കൊന്ന് ആറ്റിൽ തള്ളി

ഷാജിയുടെ നേതൃത്വത്തിൽ നടന്ന പിതാവ് കൃഷ്ണന്റെ കൊലപാതകമാണ് വിനുവിന്റെ കൊലപാതകത്തിനും കാരണമായത്. മകനുമായുള്ള പിണക്കത്തെ തുടർന്ന് ആറയൂരിലെ ഒരു പമ്പ് ഹൗസിനടുത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന കൃഷ്ണനെ, ഷാജിയും കൂട്ടരും ചേർന്ന് തട്ടിക്കൊണ്ട് പോയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ആരും പരാതിപ്പെടാത്തത് കാരണം അന്ന് അന്വേഷണം നടന്നില്ല. കൃഷ്‌ണന്റെ കൊലപാതകത്തിന് പിന്നിൽ ഷാജി, കൊലചെയ്യപ്പെട്ട വിനു, ഒളിവിലുള്ള മറ്റൊരു ആൾ എന്നിവരാണെന്ന് പ്രതികൾ സമ്മതിച്ചു. കൃഷ്ണന്റെ മൃതദേഹം തമിഴ്‌നാട്ടിൽ അരുമനയിൽ തേമാനൂർ പാലത്തിന് സമീപത്ത് ആറ്റിൽ തള്ളി. കൃഷ്ണന്റെ കൊലപാതകത്തിന് ഷാജി, സുഹൃത്തായ മറ്റൊരാൾ എന്നിവരെ പ്രതികളാക്കി പൊലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.

കൃഷ്‌ണന്റെ തിരോധാനത്തെ തുടർന്ന് ഷാജിയുടെ പേരിലേക്ക് മാറ്റിയ വസ്തുക്കളിൽ കുറെ ഭാഗം അടുത്തകാലത്തായി ഷാജി വിറ്റിരുന്നു. ആദ്യ കൊലപാതകത്തിൽ പങ്കാളിയായ വിനു നിരന്തരം പണത്തിനായി ഷാജിയെ ഭീഷണിപ്പെടുത്തിയിരുന്നതാണ് രണ്ടാമത്തെ കൊലയ്ക്ക് കാരണം. തിരുവനന്തപുരം റൂറൽ എസ്.പി ബി. അശോകിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി സിനി ഡെന്നിസ്‌, പാറശാല സി.ഐ വിജയൻ,പൊഴിയൂർ സി.ഐ സിബി ടോം, വെള്ളറട സി.ഐ ബിജു, കോസ്റ്റൽ സി.ഐ വിനോദ്, പാറശാല എസ്.ഐ എം.ജി. വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തിയത്.

ഫോട്ടോ: അറസ്റ്റിലായ ഷാജിയും പല്ലൻ അനിയും

ഒന്നാം പ്രതി ഷാജിയുടെ അച്ഛൻ