virat-injury-scare
virat injury scare

വിരാടിന്റെ വിരലിന് പരിക്കേറ്റെന്ന് റിപ്പോർട്ട്

ബുധനാഴ്ച കളിക്കുമെന്ന് ടീം മാനേജ്മെന്റ്

സതാംപ്ടൺ : കഴിഞ്ഞദിവസം ഇന്ത്യൻ ടീമിന്റെ പരിശീലനത്തിനിടെ ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടെ വിരലിൽ ടീം ഫിസിയോ പാട്രിക് ഫർഹത്ത് ബാൻഡേജ് ചുറ്റാനൊരുങ്ങുന്ന ചിത്രം പുറത്തുവന്നത് ആരാധകരെ ആശങ്കയിലാഴ്ത്തി. പരിശീലനത്തിനിടെ വിരാടിന്റെ വിരലിന് പരിക്കേറ്റു എന്ന വാർത്തകൾ വളരെ പെട്ടെന്നാണ് വൈറലായത്. ഒടുവിൽ ഇന്നലെ വൈകിട്ടോടെ ടീം മാനേജ്മെന്റ് വിശദീകരണവുമായി രംഗത്തെത്തിയതോടെയാണ് ആശങ്കയ്ക്ക് ശമനമുണ്ടായത്. വിരാടിന് കാര്യമായ പരിക്കൊന്നുമില്ലെന്നും ബുധനാഴ്ച കളിക്കാനിറങ്ങുമെന്നുമാണ് ടീം മാനേജ്മെന്റ് അറിയിച്ചത്.

സതാംപ്ടണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന് വേണ്ടിയെത്തിയ ഇന്ത്യൻ ടീം കഴിഞ്ഞദിവസം പൂർണ പരിശീലനത്തിനിറങ്ങിയിരുന്നു പരിശീലനത്തിനിടെ വിരാടിന്റെ ആവശ്യപ്രകാരം ഫിസിയോ ഫസ്റ്റ് എയ്ഡ് കിറ്റുമായി ക്യാപ്ടന്റെ അരികിലേക്ക് ഒാടിയെത്തുകയായിരുന്നു. മിനിട്ടുകളോളം വിരാടിന്റെ വലതുകൈയിലെ തള്ളവിരലിന് ചികിത്സ നൽകുകയും ചെയ്തു. പ്രാക്ടീസിന് ശേഷം ടീം മടങ്ങുമ്പോൾ ക്യാപ്ടൻ ഐസ് വാട്ടറിൽ വിരലുകൾ മുക്കിപ്പിടിച്ചിരിക്കുകയായിരുന്നു.

ഇന്ത്യ ചെറിയ പരിക്കുകളുടെ ഭീഷണിയിലാണ്. കേദാർ യാദവ് തോളിനേറ്റ പരിക്കിൽനിന്ന് മോചിതനായി എത്തുന്നതേയുള്ളൂ. ആൾ റൗണ്ടർ വിജയ് ശങ്കർ കൈമുട്ടിലെ പരിക്ക് കാരണം കിവീസിനെതിരായ സന്നാഹമത്സരത്തിൽ കളിച്ചിരുന്നില്ല.

അംലയുടെ പരിക്ക് ഭേദമാകുന്നു

ഇംഗ്ളണ്ടിനെതിരായ മത്സരത്തിനിടെ തലയ്ക്ക് പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംല ബുധനാഴ്ച ഇന്ത്യയ്ക്കെതിരെ കളിക്കാൻ ഇറങ്ങിയേക്കും. ഇന്നലെ ബംഗ്ളാദേശിനെതിരെ അംല വിട്ടുനിൽക്കുകയായിരുന്നു. ഇംഗ്ളീഷ് പേസർ ജൊഫ്ര ആർച്ചറിന്റെ ബൗൺസർ തലയ്ക്കേറ്റ അംല ബാറ്റിംഗ് തുടരാനാകാതെ മടങ്ങുകയായിരുന്നു.

ഇന്നത്തെ മത്സരം

ഇംഗ്ളണ്ട് Vs പാകിസ്ഥാൻ

വൈകിട്ട് 3 മണിമുതൽ

സ്റ്റാർ സ്പോർട്സിൽ ലൈവ്