പാരീസ് : ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ബ്രസീലിയൻ സൂപ്പർ ഫുട്ബാൾ താരം നെയ്‌മർക്കെതിരെയും ലൈംഗികാരോപണം. ബ്രസീലുകാരിയായ യുവതിയാണ് നെയ്‌മർ തന്നെ പാരീസിൽ വച്ച് പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. എന്നാൽ ഇക്കാര്യം കൈയോടെ നിഷേധിച്ച താരം യുവതി തന്നെ കെണിയിൽപ്പെടുത്താൻ മനപൂർവം കെട്ടിച്ചമച്ച പരാതിയാണെന്ന് അറിയിച്ചു. യുവതി തനിക്ക് അയച്ച ലൈംഗികച്ചുവയുള്ള വാട്ട്‌സാപ്പ് സന്ദേശങ്ങളും താരം പരസ്യമാക്കി.
ഇൻസ്റ്റഗ്രാമിലൂടെയാണ് നെയ്‌മർ തന്നെ പരിചയപ്പെട്ടതെന്ന് യുവതി പറയുന്നു. പരിചയം വളർന്നതോടെ താരം ക്ളബ് ഫുട്ബാൾ കളിക്കുന്ന പാരീസിലേക്ക് എത്താൻ ആവശ്യപ്പെട്ടുവെന്നും ഇതിനായി താരത്തിന്റെ ഏജന്റ് വഴി വിമാന ടിക്കറ്റ് അയച്ചുനൽകിയെന്നും യുവതി പറയുന്നു. ഇതനുസരിച്ച് എത്തിയ തന്നെ ഹോട്ടൽ മുറിയിൽവച്ച് മദ്യലഹരിയിൽ നെയ്‌മർ ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. മേയ് 15 നാണ് സംഭവം നടന്നതത്രേ. എന്നാൽ യുവതിയുമായുള്ള വാട്ട്സാപ്പ് സന്ദേശങ്ങൾ പുറത്തുവിട്ട നെയ്‌മർ മേയ് 16 ലെ സന്ദേശത്തിൽ ഇതിനെക്കുറിച്ച് ഒരു പരാമർശവുമില്ലെന്നത് ചൂണ്ടിക്കാട്ടി . തന്റെ ഇമേജിന് കോട്ടം വരുത്താനുള്ള ഗൂഢശ്രമമാണിതെന്ന് താരം ആരോപിച്ചു താരത്തിന്റെ പിതാവും ആരോപണം നിഷേധിച്ചു.
സ്വന്തം നാട്ടിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ പരിശീലന ക്യാമ്പിനിടെ പരിക്കേറ്റതിനാൽ ചികിത്സയിലാണ് താരം