ലണ്ടൻ : ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ളാദേശിനെതിരെ 21 റൺസിനാണ് ദക്ഷിണാഫ്രിക്ക കീഴടങ്ങിയത്.ആദ്യ മത്സരത്തിൽ ഇംഗ്ളണ്ടിനോടായിരുന്നു തോൽവി.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശ് നിശ്ചിത 50 ഒാവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 330 റൺസടിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് 309/8ലേ എത്താനായുള്ളൂ . മദ്ധ്യനിരയിൽ മുഷ്‌ഫിഖുർ റഹിം (78), ഷാക്കിബ് അൽ ഹസൻ(75) എന്നിവരുടെ തകർപ്പൻ അർദ്ധ സെഞ്ച്വറികളും സൗമ്യ സർക്കാർ (42), മഹ്‌മൂദുള്ള (46 നോട്ടൗട്ട്), മൊസാദെക്ക് ഹൊസൈൻ (26) എന്നിവരുടെ പോരാട്ടവുമാണ് ബംഗ്ളാ കടുവകളെ 330 ലെത്തിച്ചത്.ഡികോക്ക് (23), മാർക്രം (45), ഡുപ്ളെസി (62), മില്ലർ(38), വാൻഡ്യൂസൻ(41), ഡുമിനി(45) എന്നിവരൊക്കെ നന്നായി ബാറ്റുവീശിയെങ്കിലും അവസാന ഒാവറുകളിൽ വിക്കറ്റുകൾ കൊഴിഞ്ഞത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.മൂന്ന് വിക്കറ്റുമായി മുസ്താഫിസുറും രണ്ട് വിക്കറ്റുമായി സൈഫുദ്ദീനും ബംഗ്ളാ ബൗളിംഗിൽ തിളങ്ങി.
തുടക്കം പ്രതീക്ഷിച്ചപോലെ നന്നായില്ലെങ്കിലും മദ്ധ്യ നിര അവസരത്തിനൊത്തുയർന്നതാണ് ബംഗ്ളാബാറ്റിംഗിന് കരുത്തായത്. പരിക്കിൽനിന്ന് പൂർണ മോചനം നേടിയില്ലെങ്കിലും കളിക്കാനിറങ്ങിയ തമിം ഇഖ്ബാലിനെ (16) ഒൻപതാം ഒാവറിൽ പെഹ്‌ലുക്ക് വായോ പുറത്താക്കുമ്പോൾ ബംഗ്ളാദേശ് 60 റൺസിലെത്തിയിരുന്നു. 30 പന്തുകളിൽ ഒൻപത് ബൗണ്ടറികളടക്കം തകർത്തടിച്ച സൗമ്യ സർക്കാരിനെ 12-ാം ഒാവറിലാണ് നഷ്ടമായത്. ഇതോടെ ബംഗ്ളാദേശ് 75/2 എന്ന നിലയിലായി. തുടർന്ന് ക്രീസിലൊരുമിച്ച ഷാക്കിബും മുഷ്ഫിഖുറും 35-ാം ഒാവർ വരെ പിടിച്ചുനിന്നു. 84 പന്തുകളിൽ എട്ട് ഫോറും ഒരു സിക്സുമടക്കം 75 റൺസ് നേടിയ ഷാക്കിബിനെ പുറത്താക്കി ഇമ്രാൻ താഹിറാണ് കുതിപ്പിന് താത്കാലിക തടയിട്ടത്.
മുഷ്‌ഫിഖുർ ആക്രമണം തുടർന്നെങ്കിലും മുഹമ്മദ് മിഥുനെ (21) 40-ാം ഒാവറിൽ നഷ്ടമായി. 43-ാം ഒാവറിൽ മുഷ്ഫിഖുറിനെയും. 80 പന്തുകളിൽ എട്ട് ബൗണ്ടറികളടക്കമാണ് മുഷ്‌ഫിഖുർ ബംഗ്ളാദേശിന്റെ ടോപ് സ്കോററായത്. തുടർന്ന് മുഹ‌്‌മുദുള്ളയും 33 പന്തുകളിൽ 46 റൺസ് മൊസാദെക്കും ചേർന്ന് സ്കോർ 300 കടത്തി.