കൊച്ചി: പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് നടപടികൾ പൂർത്തിയായതോടെ മനേജ്‌മെന്റ് സീറ്റുകളിലേക്ക് തലവരി വാങ്ങിയുള്ള പ്രവേശനം ചിലയിടങ്ങളിൽ നടക്കുന്നുവെന്ന് ആരോപണം. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് കാറ്റിൽ പറത്തിയാണ് ചില സ്കൂളുകളിൽ വൻതുക തലവരി വാങ്ങി പ്രവേശനം നടത്തുന്നത്. പ്ലസ് വൺ മാനേജ്മെന്റ് സീറ്റുകൾക്കായാണ് ലേലം വിളി. സയൻസ്, കൊമേഴ്‌സ് വിഷയങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. സംസ്ഥാനത്താകെ 4,84,696 വിദ്യാർത്ഥികൾ അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ 2,42,180 സീറ്റുകൾ മാത്രമാണുള്ളത്. ഇതിൽ 2,41,767 സീറ്റുകളും അലോട്ട്‌മെന്റ് കഴിഞ്ഞിരിക്കുകയാണ്. 60,472 പേർക്ക് പുതിയ അലോട്ട്‌മെന്റ് പ്രകാരവും 48,060 പേർക്ക് തങ്ങൾ ഉയർന്ന ഓപ്ഷൻ നൽകിയ സ്‌കൂളിലേക്കും പ്രവേശനം ലഭിച്ചു. ബാക്കി 413 സീറ്റുകളാണ് അവശേഷിക്കുന്നത്. രണ്ടാം അലോട്ട്മെന്റ് കഴിഞ്ഞപ്പോഴും പത്ത് എ പ്ലസ് വരെ കിട്ടിയ വിദ്യാർത്ഥികൾ പുറത്തുനിൽക്കുന്ന സാഹചര്യമാണുള്ളത്. രണ്ട് അലോട്ട്‌മെന്റിലും ആഗ്രഹിച്ച വിഷയം ലഭിക്കാത്ത വിദ്യാർത്ഥികളിൽ നിന്നാണ് തുക ഈടാക്കുന്നത്.
മാനേജ്‌മെന്റ് സീറ്റുകളിൽ 20,000 രൂപ മുതൽ ഒരു ലക്ഷം വരെ തലവരി വാങ്ങിയാണ് ചില മാനേജ്‌മെന്റുകൾ പ്രവേശനം നൽകുന്നത്. കുട്ടികളുടെ ഭാവിയോർത്ത് പരാതിപ്പെടാൻ രക്ഷിതാക്കൾ തയ്യാറാവുന്നില്ല. സയൻസിന് 50,000 രൂപ മുതൽ തലവരിപ്പണമുണ്ട്. കോമേഴ്‌സിന് 40,000 രൂപ മുതലാണ് ചോദിക്കുന്നത്. ഹുമാനിറ്റീസ് വിഷയങ്ങൾക്ക് 20000 രൂപാ വരെയാണ് ആവശ്യപ്പെടുന്നത്. സീറ്റ് ക്ഷാമത്തിന്റെ മറവിലാണ് മാനേജർമാർ തലവരി ഉയർത്തിയത്. ചട്ടപ്രകാരം ആദ്യ അലോട്ട്മെന്റിന്റെ ശേഷമേ മാനേജ്മെന്റ് ക്വോട്ടയിലേക്കുള്ള അപേക്ഷ ഫോറം വിതരണം ചെയ്യാൻ പാടുള്ളൂ. എന്നാൽ, പല മാനേജ്മെന്റുകളും ഒന്നാം അലോട്ട്‌മെന്റിന് മുമ്പേ ഫോറം വിതരണം ആരംഭിച്ചിരുന്നു.
മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം
പ്ലസ് വൺ പ്രവേശനത്തിന് തലവരിപ്പണം വാങ്ങുന്നതായ ആരോപണം അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം പി. മോഹനദാസ് ഹയർ സെക്കൻഡറി ഡയറക്ടറോടും റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറോടും വിദ്യാഭ്യാസ ഡയറക്ടറോടും ആവശ്യപ്പെട്ടു.