തിരുവനന്തപുരം: വയലിൻ മാന്ത്രികനും യുവ സംഗീത സംവിധായകനുമായ ബാല ഭാസ്കറിന്റെയും മകൾ തേജസ്വനിബാലയുടെയും മരണത്തിനിടയാക്കിയ അപകടമുണ്ടായി എട്ടുമാസമായിട്ടും അപകട സമയത്ത് കാറോടിച്ചതാരെന്ന് കണ്ടെത്താൻ കഴിയാതെപോയത് ക്രൈംബ്രാഞ്ചിന്റെ വീഴ്ച. ബാലഭാസ്കറിന്റെ മരണത്തിൽ സംശയം ആരോപിച്ച് പിതാവ് സി.കെ ഉണ്ണി ഡി.ജി.പിയ്ക്ക് നൽകിയ പരാതിയെ തുടർന്നാണ് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യനാലുമാസക്കാലം ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് കണ്ടപ്പോൾ ബാലഭാസ്കറിന്റെ കുടുംബം മുഖ്യമന്ത്രിയെ നേരിൽകണ്ട് നൽകിയ പരാതിയിലാണ് കേസ് അന്വേഷണം ഇക്കഴിഞ്ഞ ജനുവരിമുതൽ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അഞ്ചുമാസം നീണ്ട അന്വേഷണത്തിനൊടുവിലും കാറോടിച്ചതാരെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ച് സംഘത്തിന് കഴിഞ്ഞിട്ടില്ല. അതിനിടെ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന രാജ്യാന്തര സ്വർണ്ണക്കളളക്കടത്ത് കേസിൽ ബാല ഭാസ്കറിന്റെ പ്രോഗ്രാം മാനേജരായിരുന്ന പ്രകാശ് തമ്പി പിടിയിലായതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ബാലഭാസ്കറിന്റെ പിതാവ് നൽകിയ ആദ്യപരാതിയിൽ തന്നെ കാറോടിച്ചിരുന്നതായി പറയപ്പെടുന്ന അർജുൻ, പ്രകാശ് തമ്പി, ഇവരുടെ സുഹൃത്ത് വിഷ്ണു എന്നിവരുടെ പേരുകൾ പരാമർശിക്കപ്പെടുകയും അപകടത്തിൽ ദുരൂഹത ആരോപിക്കുകയും ചെയ്തെങ്കിലും സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ടുള്ള അന്വേഷണത്തിന് പൊലീസ് കൂട്ടാക്കിയില്ലയെന്നതാണ് വാസ്തവം. ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപമുണ്ടായ അപകടത്തിൽ ദൃക്സാക്ഷികളെന്ന പേരിൽ അഞ്ചുപേരെ കണ്ടെത്തിയ പൊലീസ് സംഘം അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അർജുനാണ് കാറോടിച്ചതെന്ന മുൻവിധിയിലെത്തിച്ചേരുകയായിരുന്നു.
അപകടം നടക്കുന്ന സമയത്ത് റോഡിൽ മറ്റ് വാഹനങ്ങളൊന്നുമുണ്ടായിരുന്നില്ല. അപകടം നടന്നതിന് പിന്നാലെ സ്ഥലത്ത് നിന്ന് ഏതാനുംപേർ സ്കൂട്ടറിലും ബൈക്കിലുമായി രക്ഷപ്പെട്ട് പോകുന്നത് കണ്ടതായ ചില മൊഴികളും ഇപ്പോൾ പുതുതായി പുറത്തുവന്നിരിക്കുന്നു. സംഭവസമയത്ത് അതുവഴി കടന്നുപോയ കൊച്ചിൻ കലാഭവനിലെ പ്രോഗ്രാം മാനേജർ, അപകടത്തിൽപ്പെട്ടത് ബാലഭാസ്കറാണെന്ന് മനസിലാക്കിയ ഉടൻ ഇക്കാര്യം പ്രകാശ് തമ്പിയെ അറിയിച്ചെങ്കിലും ആറ്റിങ്ങൽ പൊലീസിനെ അറിയിക്കാനെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് അയാൾ ചെയ്തത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബാലഭാസ്കറിന്റെ പിതാവ് പരാതി നൽകുകയും പൊലീസ് അന്വേഷിക്കുകയും ചെയ്യുന്നത് അറിഞ്ഞിട്ടും തമ്പി പൊലീസിന് ഈ വിവരം കൈമാറാൻ കൂട്ടാക്കിയതുമില്ല. സാധാരണ ഒരു പരാതി അന്വേഷിക്കുന്നതിന്റെ ഗൗരവം പോലും പൊലീസ് ബാലഭാസ്കറിന്റെ പിതാവിന്റെ പരാതിക്ക് കൽപ്പിച്ചിട്ടില്ലെന്നാണ് വാസ്തവം.
ആറ്റിങ്ങൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാർ പെട്ടെന്ന് 90 ഡിഗ്രി തിരിഞ്ഞ് പടിഞ്ഞാറുവശത്തെ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ദേശീയപാതയിലെ കാമറകൾ പരതിയ പൊലീസിന് കാർ അമിതവേഗതയിൽ പോകുന്നതല്ലാതെ ഓടിച്ചതാരെന്ന് വ്യക്തമായിരുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നത്. അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി തുടക്കം മുതൽ അർജുനാണ് വാഹനം ഓടിച്ചതെന്ന് പറയുന്നുണ്ടെങ്കിലും അതും അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. ബാലഭാസ്കറിന്റെ പിതാവ് ഉന്നയിക്കുന്ന പരാതിയിൽ വാസ്തവമുണ്ടെന്ന് തോന്നത്തക്കവിധം കേസ് നിർണായക വഴിത്തിരിവിലെത്തിയിട്ടും വാഹനം ഓടിച്ചതാരെന്ന് പൊലീസിന് സ്ഥിരീകരിക്കാൻ കഴിയാതെ പോയതാണ് ഇപ്പോൾ ദുരൂഹതകൾക്കും സംശയങ്ങൾക്കും അടിവരയിടുന്ന മുഖ്യകാരണം.