തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ വർദ്ധിക്കവേ പൊലീസിനെ വിമർശിച്ച് ബന്ധുക്കൾ രംഗത്തെത്തി. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾ മുഖവിലയ്ക്കെടുക്കാനോ അപകടത്തിന്റെയോ പരിക്കുകളുടെയോ സ്വഭാവം പരിശോധിക്കാനോ അന്വേഷണ സംഘം കൂട്ടാക്കിയില്ലെന്ന് ബാലഭാസ്കറിന്റെ ബന്ധു പ്രിയ വേണുഗോപാൽ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു.
സംഭവമുണ്ടായി എട്ടുമാസം പിന്നിട്ടിട്ടും വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാൻ പോലും ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസിനോ പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനോ കഴിഞ്ഞില്ല.മരണത്തിൽ സംശയം ഉന്നയിച്ച് ബാലഭാസ്കറിന്റെ പിതാവ് പൊലീസിനെ പരാതിയുമായി സമീപിക്കുന്ന ഘട്ടത്തിൽ തന്നെ സംശയത്തിനിടയാക്കുന്ന സാഹചര്യങ്ങളും അതിന്റെ കാരണങ്ങളും സംശയനിഴലിലുള്ളവരുടെ പേര് വിവരങ്ങൾ സഹിതം ഉന്നയിക്കപ്പെട്ടെങ്കിലും പൊലീസ് അന്വേഷണത്തിൽ ഇതൊന്നും പരിഗണിക്കപ്പെട്ടില്ല. ബാലഭാസ്കറിന്റെ കുടുംബാംഗങ്ങളിലാരെയും കാണാനോ മൊഴിയെടുക്കാനോ കൂട്ടാക്കാത്ത പൊലീസ് സംഘം പരിക്കേറ്റവരെ ആദ്യം ചികിത്സിച്ച ഡോക്ടർമാരോടോ ആശുപത്രി ജീവനക്കാരോടോ ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനോ ഇവരെ ആദ്യം പരിശോധിച്ച ഡോക്ടർമാർക്ക് ഇവർ നൽകിയ മൊഴികൾ പരിശോധിക്കാനോ തയ്യാറായിട്ടില്ല.
അപകടമറിഞ്ഞ് ആശുപത്രിയിലെത്തി അർജുനെ സന്ദർശിച്ച കുടുംബാംഗങ്ങളോട് താനാണ് വാഹനം ഓടിച്ചതെന്നാണ് വെളിപ്പെടുത്തിയത്. ഉറങ്ങിപ്പോയതാണോയെന്ന ചോദ്യത്തിന് ഓടിച്ചതിന്റെ ക്ഷീണമുണ്ടായിരുന്നു. ഉറങ്ങിയതായി ഓർക്കുന്നില്ല ,ഞാൻ കാരണം എന്റെ ബാലുച്ചേട്ടന് ഇങ്ങനെ സംഭവിച്ചല്ലോ എന്ന് പരിതപിക്കുകയും ചെയ്തു. സംഭവദിവസം അർജുന്റെയും ബാലുവിന്റെയുമുൾപ്പെടെ ഫോൺ കോളുകൾ പരിശോധിക്കണമെന്ന് പറഞ്ഞെങ്കിലും അതിനും അന്വേഷണ സംഘം ശ്രമിച്ചില്ല.
ക്ഷേത്രദർശനത്തിന് പോയി അവിടെ റൂമെടുത്ത് തങ്ങിയിരുന്ന ബാലഭാസ്കർ പെട്ടെന്ന് നാട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചതിന് പിന്നിൽ ആസൂത്രിതമായ ആരുടെയെങ്കിലും നീക്കങ്ങളുണ്ടോയെന്ന് സംശയിക്കണം. സംഭവദിവസം അർജുന്റെയുൾപ്പെടെയുള്ള ഫോൺ കോളുകൾ പരിശോധിക്കാൻ പൊലീസ് കൂട്ടാക്കിയിട്ടില്ല. വാഹനം ഇടിച്ചതനുസരിച്ച് വാഹനത്തിലുണ്ടായിരുന്ന ഓരോരുത്തർക്കും ഏറ്റ പരിക്കുകളുടെ സ്വഭാവം ഫോറൻസിക് വിദഗ്ദരും വിദഗ്ദ ഡോക്ടർമാരും അവലോകനം ചെയ്യണം. ഡ്രൈവിംഗ് സീറ്റിൽ നിന്ന് മാസങ്ങൾക്ക് ശേഷം ലഭിച്ച ഒരു മുടിനാരിഴയുടെ സഹായത്തോടെ വാഹനം ഓടിച്ചവരെ കണ്ടെത്താൻ ശ്രമിക്കുന്നതായ ക്രൈംബ്രാഞ്ചിന്റെ വാദത്തിന്റെ യുക്തിയുടെ പൊരുൾ മനസിലാകുന്നില്ലെന്നും പ്രിയവേണുഗോപാൽ പറഞ്ഞു.