തലയോലപ്പറമ്പ്: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ മദ്രസ അദ്ധ്യാപകനെതിരെ കൂടുതൽ പരാതിയുമായി രക്ഷിതാക്കൾ. ആലുവ കടുങ്ങല്ലൂർ മൂപ്പത്തടം ആട്ടച്ചിറയിൽ വി.എം. യൂസഫിനെതിരെ (63) രണ്ട് കുട്ടികളുടെ രക്ഷിതാക്കൾ ഇന്നലെ പൊലീസിൽ പരാതി നൽകി. ഇതോടെ പോക്സോ പ്രകാരം ഇയാൾക്കെതിരെ രണ്ട് കേസ് കൂടി രജിസ്റ്റർ ചെയ്തു. കൂടുതൽ പേർ പരാതി നൽകാൻ ഒരുങ്ങുന്നതായും സൂചനയുണ്ട്.
പെൺകുട്ടിയെ നാല് മാസമായി പീഡിപ്പിച്ചുവരുന്നതായി രക്ഷിതാക്കൾ പള്ളിക്കമ്മിറ്റിക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് മഹല്ല് കമ്മറ്റി ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവ ശേഷം മുങ്ങിയ യൂസഫിനെ തലയോലപ്പറമ്പ് എസ്. എച്ച്. ഒ ക്ലീറ്റസ്.കെ ജോസഫിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ നിന്നാണ് പിടികൂടിയത്.