novel

ഒന്നു പകച്ചു സി.ഐ ഋഷികേശ്. ബലഭദ്രന്റെ കണ്ണുകൾ കത്തിയെരിയുകയാണെന്ന് അയാൾക്കു തോന്നി.

എങ്കിലും അയാൾ കീഴടങ്ങാൻ തയ്യാറായിരുന്നില്ല.

''പോലീസ് സ്റ്റേഷനിൽ കയറിവന്ന് ഭീഷണിപ്പെടുത്തുന്നോടാ..."

ബലഭദ്രനും ഒട്ടും വിട്ടുകൊടുത്തില്ല.

''പോലീസ് സ്റ്റേഷനിൽ മാത്രമല്ല മന്ത്രി മന്ദിരങ്ങളിൽ പോയും പറയേണ്ടത് ഞങ്ങൾ പറയും. ഞങ്ങളുടെ രക്തശുദ്ധിയിൽ ഞങ്ങൾക്ക് സംശയമില്ലാത്തിടത്തോളം കാലം."

അത്രയുമായപ്പോൾ അനന്തഭദ്രൻ ഇടപെട്ടു.

''ഇൻസ്പെക്ടർ... നിങ്ങളെ ഇവിടേക്ക് ട്രാൻസ്‌ഫർ ചെയ്യിച്ചത് എന്തിനെന്ന് ഞങ്ങൾക്കറിയാം. ആ പാവം പയ്യനെ കുടുക്കിയിട്ട് നിങ്ങൾ കഴിഞ്ഞ രാത്രി വിജയം ആഘോഷിച്ചത് എവിടെയായിരുന്നെന്നും ആർക്കൊപ്പം ആയിരുന്നെന്നും ഞങ്ങൾക്കറിയാം. അതുകൊണ്ട്, ചെയ്തത് തെറ്റാണെന്ന കുറ്റബോധം അല്പമെങ്കിലും ഉണ്ടെങ്കിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിരിക്കണം. അല്ലെങ്കിൽ ഈ നിലമ്പൂർ വിട്ട് നിങ്ങൾ ഇനി ഒരിടത്തേക്കും പോകില്ല."

''ഭീഷണിയാണോ?"

ഋഷികേശ് വിറഞ്ഞു തുള്ളി.

''അല്ല യാഥാർത്ഥ്യം. കരിമ്പുഴയ്ക്ക് അക്കരെയുള്ള സർക്കാർ തേക്ക് തോട്ടത്തിൽ ആറടി നീളത്തിലും മൂന്നടി താഴ്ചയിലും ഒരു കുഴി ഒരുങ്ങും. തൂക്കുപാലത്തിലൂടെ തന്റെ ഡെഡ്‌ബോഡി വലിച്ചിഴച്ച് ഞങ്ങൾ ആ കുഴിയിൽ കൊണ്ടിട്ട് വെട്ടിമൂടും. ഇത് ഏതെങ്കിലും ഛോട്ടാ നേതാക്കന്മാരുടെ കവലപ്രസംഗമല്ല. രാജരക്തം ഒഴുകുന്ന ഞങ്ങളുടെ പ്രഖ്യാപനമാണ്."

അനന്തഭദ്രനും ബലഭദ്രനും എഴുന്നേറ്റു.

''ഇനി ഇക്കാര്യത്തിൽ ഒരു മുഖാമുഖമില്ല. നിങ്ങൾക്ക് തിരക്കി നോക്കാം ഞങ്ങളെക്കുറിച്ച്."

ടൈലിട്ട ഫ്ളോർ ചവുട്ടിക്കുലുക്കി ഇരുവരും പുറത്തേക്കു പോയി.

ഇതികർത്തവ്യതാ മൂഢനായി തരിച്ചുനിന്നുപോയി ഋഷികേശ്.

അയാൾ കുടുകുടെ വിയർത്തു തുടങ്ങിയിരുന്നു.

അനന്തഭദ്രനും ബലഭദ്രനും കയറിയ കാർ സ്റ്റേഷൻ മുറ്റത്തുനിന്ന് ചീറിപ്പാഞ്ഞു പോയി.

ഋഷികേശ് തിടുക്കത്തിൽ ഫോൺ എടുത്ത് എം.എൽ.എയെ വിളിച്ചു.

''എന്താ ഋഷീ.. ഞാൻ ബാംഗ്ളൂർ വരെ പോന്നതാ. ഒരു പേഴ്സണൽ കാര്യത്തിന്."

അപ്പുറത്തുനിന്ന് ശ്രീനിവാസ കിടാവിന്റെ സ്വരം കേട്ടു.

ചുരുങ്ങിയ വാക്കുകളിൽ സി.ഐ കാര്യം പറഞ്ഞു.

കിടാവ് ഒരു നിമിഷം മൗനമായി. ശേഷം അറിയിച്ചു.

''സൂക്ഷിക്കണം. രാജവെമ്പാലയെക്കാൾ വിഷമുള്ളവരാണ് അവർ ഇരുവരും. പ്രബലർ. ഇന്നും നിലമ്പൂരിൽ അവർ പറഞ്ഞാൽ അതേപടി ചെയ്യാൻ ഒരുങ്ങി നിൽക്കുന്നവർ അനവധിയാണ്."

ഋഷികേശിനു നേരിയ തളർച്ച തോന്നി.

''അപ്പോൾ ഞാൻ എന്തു ചെയ്യണം?"

''കുരുക്കണം അവരെ. എന്ത് കള്ളക്കേസ് ഉണ്ടാക്കിയിട്ടാണെങ്കിലും. അതുപക്ഷേ തുറക്കാൻ പറ്റാത്ത പൂട്ടുപോലാവണം. കേട്ടാൽ ജനങ്ങൾ വിശ്വസിക്കുന്ന ഒരു കാരണമുണ്ടാവണം."

ഋഷികേശിന്റെ തലച്ചോർ ചുട്ടുപഴുത്തു തുടങ്ങി.

അതിനിടയിലേക്ക് കിടാവിന്റെ ശബ്ദം ചിതറി വീണു..

''സ്ത്രീ പീഡനം പോലെയുള്ള കേസുകൾക്ക് എന്നും മാർക്കറ്റുണ്ട്. നാറുന്ന വിഷയമായതിനാൽ ഒപ്പം നിൽക്കാനും പലരും മടിക്കും. അത്തരം എന്തെങ്കിലും ഒന്നാലോചിക്ക്. അവന്റെയൊക്കെ വീടുകളിൽ അതിനു പറ്റിയെ വേലക്കാരികൾ എങ്കിലും ഉണ്ടോയെന്ന് നോക്ക്."

അത്രയും പറഞ്ഞശേഷം പെട്ടെന്ന് കിടാവ് ഓർമ്മപ്പെടുത്തി.

''തന്റെ പിന്നിൽ ഒരു വലിയ ഫോഴ്സില്ലേടോ... പോലീസ്! പിന്നെ താനെന്തിനാ ഭയക്കുന്നത്?"

''ശരി സാർ..." ചിന്തയോടെ ഋഷികേശ് കാൾ മുറിച്ചു.

ആ സമയം കാളികാവിൽ...

വാഴക്കൂട്ടം അപ്പുണ്ണി വൈദ്യന്റെ നാലുകെട്ട്.

ആയുർവേദ മരുന്നുകളുടെ ഗന്ധം തങ്ങിനിൽക്കുകയാണ് ചെങ്കല്ലിൽ ഉണ്ടാക്കിയ മതിൽക്കെട്ടിന് ഉൾഭാഗം.

നടുത്തളത്തിൽ വിരിച്ച പുൽപ്പായിൽ ഒരാൾ നീണ്ടു നിവർന്നുകിടപ്പുണ്ട്. അടഞ്ഞ കണ്ണുകൾ...

ആ ശരീരത്തിൽ ജീവനുണ്ടെന്നു മനസിലാകുന്നത് നിശ്വസിക്കുമ്പോൾ ഉയരുകയും താഴുകയും ചെയ്യുന്ന വയർ മാത്രമാണ്.

തൊട്ടരുകിൽ ഒരു കസേരയിൽ വാഴക്കൂട്ടം അപ്പുണ്ണി വൈദ്യൻ ഇരിപ്പുണ്ട്.

അദ്ദേഹത്തിന്റെ രണ്ട് ശിഷ്യന്മാർ തറയിൽ കിടക്കുന്ന മനുഷ്യന്റെ ശിരസ്സു പൊതിഞ്ഞിരുന്ന പച്ചില മരുന്നുകൾ അടർത്തിമാറ്റുന്നു.

ഉണങ്ങിയ ചാണകം പോലെ നേരത്തെ പുരട്ടിയിരുന്ന മരുന്ന് കട്ടിയായിരുന്നു.

അവ മുഴുവൻ നീക്കം ചെയ്തശേഷം അപ്പുണ്ണി വൈദ്യന്റെ ശിഷ്യന്മാർ വീണ്ടും ആ ശിരസ്സിൽ കുഴമ്പുരൂപത്തിലുള്ള പച്ചില മരുന്ന് തേച്ചുപിടിപ്പിക്കുകയും അതിനുമീതെ ഒരു തുണി ചുറ്റുകയും ചെയ്തു.

വൈദ്യൻ കുനിഞ്ഞ് ആ മനുഷ്യന്റെ നാഡി പിടിച്ചു നോക്കി.

സംതൃപ്തമായ ഒരു ഭാവം അദ്ദേഹത്തിന്റെ മുഖത്തുണ്ടായി.

എല്ലാം കണ്ടും കേട്ടും ഒരാൾ ഭിത്തിയിൽ ചാരി നിന്നിരുന്നു.

നിലമ്പൂർ ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ വാച്ചർ....

അപ്പുണ്ണി വൈദ്യൻ തിരിഞ്ഞ് അയാളെ നോക്കി.

''തങ്കപ്പാ... തന്റെ ശ്രമം വിജയിക്കുമെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു..."

തങ്കപ്പന്റെ കണ്ണുകളിൽ ഒരു പ്രകാശം വന്നു.

ഇപ്പോഴും ജീവൻ ബാക്കിവച്ച് ഈ കിടക്കുന്നത് സി.ഐ അലിയാർ ആണെന്ന് തങ്കപ്പൻ ഓർത്തു.

കത്തിച്ചുകളയാൻ ഗ്യാസ് ക്രിമിറ്റോറിയത്തിൽ വച്ച അതേ അലിയാർ!

(തുടരും)