red-54

''എങ്കിൽ..."

തങ്കപ്പൻ, അപ്പുണ്ണി വൈദ്യനെ നോക്കി.

''ഞാൻ പോയിട്ട് നാളെ വന്നാൽ മതിയോ?എന്നെ അവിടെ കണ്ടില്ലെങ്കിൽ ആരെങ്കിലും സംശയിക്കും."

''മതി." അപ്പുണ്ണി വൈദ്യൻ തലയാട്ടി. ''നീ ചെയ്തത് എറ്റവും നല്ല ഒരു കാര്യമാണ്. നിനക്ക് നന്മയുണ്ടാകും."

തങ്കപ്പൻ വളരെ വേഗം അവിടെ നിന്ന് ഇറങ്ങി. തന്റെ പഴയ ഓട്ടോയിൽ കയറി.

മടക്കയാത്രയിൽ അയാൾ ഓർത്തത് സി.ഐ അലിയാരെക്കുറിച്ചാണ്.

നീതിമാനും സത്യസന്ധനുമായ മനുഷ്യൻ!

അതുകൊണ്ടു തന്നെയാവും അദ്ദേഹത്തിന്റെ ജീവൻ ഇപ്പോഴും ബാക്കിനിൽക്കുന്നത്.

ഗ്യാസ് ക്രിമിറ്റോറിയത്തിനുള്ളിൽ വച്ചിട്ട് ഒരാൾ രക്ഷപ്പെടുക എന്നു പറഞ്ഞാൽ...

ഓർത്തപ്പോൾത്തന്നെ തങ്കപ്പന്റെ രോമകൂപങ്ങൾ ഉണർന്ന് എഴുന്നേറ്റു.

അണലി അക്‌ബറും പരുന്ത് റഷീദും പോയതിനു ശേഷം താൻ ചൂളയിലേക്കുള്ള ഗ്യാസ് തുറന്നു വിട്ടതാണ്.

ഗ്ളാസ് ഡോറിനു പുറത്തുകൂടി വെറുതെ അകത്തേക്കു നോക്കിയപ്പോൾ ഒരു പിടച്ചിൽ...

ചങ്കിടിച്ചുപോയി.

വേഗം ഗ്യാസ് ഓഫുചെയ്തിട്ട് ചൂള തുറന്നു.

പിടയുന്ന അലിയാർ സാർ...

പിന്നെ ഒന്നും ആലോചിച്ചില്ല. വല്ലവിധേനയും താങ്ങിയെടുത്ത് തന്റെ ഈ ഓട്ടോയിൽ കയറ്റി.

ഏതെങ്കിലും ആശുപത്രിയിലേക്കു കൊണ്ടുപോയാൽ താനും കുടുങ്ങും എന്നുള്ളത് ഉറപ്പായിരുന്നു. അതുകൊണ്ടാണ് വാഴക്കൂട്ടം അപ്പുണ്ണി വൈദ്യരുടെ അടുത്തേക്കു കൊണ്ടുവന്നതും കാര്യങ്ങൾ വിശദമായി പറഞ്ഞതും.

ജീവിക്കാൻ ഒരു ശതമാനമെങ്കിലും സാദ്ധ്യതയുള്ള ആളിനെ വൈദ്യൻ രക്ഷിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.

രാവിലെ പരുന്ത് റഷീദ് വിളിച്ച് തിരക്കിയപ്പോൾ അലിയാർ സാർ എപ്പോഴേ ചാരമായിക്കഴിഞ്ഞു എന്ന മറുപടിയും നൽകി....

ഓട്ടോ ഓടിക്കൊണ്ടിരുന്നു.

ഗ്യാസ് ക്രിമിറ്റോറിയത്തിലേക്ക്....

സംതൃപ്തിയുടെ ഒരു ഭാവം തങ്കപ്പന്റെ മുഖത്തു നിറഞ്ഞുനിന്നു.

*** *** ****

ദിവസങ്ങൾ ചിലതു കഴിഞ്ഞു.

എം.എൽ.എ ശ്രീനിവാസ കിടാവിനെ പ്രജീഷ് ഫോണിൽ വിളിച്ചു.

''സാർ. ഇനി നമുക്ക് പതുക്കെ കാര്യങ്ങൾ നീക്കിത്തുടങ്ങിയാലോ?"

''പാടില്ല. പാഞ്ചാലിയുടെ ബോഡി ഇതുവരെ കണ്ടുകിട്ടാത്തിടത്തോളം പെട്ടെന്ന് ഒന്നും കൈമാറ്റം ചെയ്യാൻ കഴിയില്ല. കുറച്ചുദിവസംകൂടി കാത്തിരിക്കേണ്ടിവരും. അവൾ മരിച്ചുവെന്ന് പോലീസിന്റെ സർട്ടിഫിക്കറ്റ് വേണം. അവളുടേത് അല്ലെങ്കിൽ കൂടി ഒരു സ്കെലിറ്റൻ കിട്ടിയിരുന്നെങ്കിൽ ബാക്കി കാര്യം ഞാൻ ശരിയാക്കിയേനെ...."

പ്രജീഷിന്റെ മുഖത്ത് നിരാശയുടെ കാളിമ പടർന്നു.

അതുകണ്ട് ചന്ദ്രകല തിരക്കി:

''എന്തുപറ്റി?"

''അല്ല... കഴുത്തറ്റം പാൽപ്പായസത്തിൽ നിന്നിട്ടും ഒട്ടും കഴിക്കാൻ പറ്റുന്നില്ല എന്നു പറഞ്ഞതുപോലെയായി നമ്മുടെ അവസ്ഥ."

കോവിലകത്തെ കണക്കറ്റ സമ്പത്തിന്റെ കാര്യമാണ് പ്രജീഷ് ഉദ്ദേശിക്കുന്നതെന്ന് ചന്ദ്രകലയ്ക്കു മനസ്സിലായി.

**** ***** ******

ആഢ്യൻപാറ

പരിസരവാസികളും വിവരം കേട്ടറിഞ്ഞ നിലമ്പൂർ നിവാസികളുമായി ധാരാളം പേർ രാവിലെ തന്നെ അവിടെ എത്തിയിരുന്നു.

തെളിവെടുപ്പിനായി വിവേകിനെ അവിടെ കൊണ്ടുവരുന്നു എന്ന വാർത്തയറിഞ്ഞതുകൊണ്ടായിരുന്നു അത്.

പതിനൊന്നു മണിയോടുകൂടി ഒരു പോലീസ് ജീപ്പ് കയറ്റം കയറിവന്നു.

ജനം അതിനരുകിലേക്ക് ഓടിയടുത്തു.

പക്ഷേ ഒരു എസ്.ഐയും ഏതാനും പോലീസുകാരും മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ.

അവർ താഴെ വെള്ളച്ചാട്ടത്തിന് അരുകിൽ ഉണ്ടായിരുന്നവരെ വടം കെട്ടി ഒരു ഭാഗത്തേക്ക് ഒതുക്കി നിർത്തി.

അപ്പോൾ ഏതാനും ചാനൽ പ്രവർത്തകരും എത്തി.

നാട്ടുകാർക്ക് വിവേകിനെ നേരിൽ പരിചയമില്ല. എങ്കിലും ഒരു പെൺകുട്ടിയെ കത്തിച്ചു കൊല്ലാൻ മാത്രം ധൈര്യമുള്ള യുവാവിനെ അവർക്കു കാണണം.

പോരെങ്കിൽ കൊല്ലപ്പെട്ടത് പേരുകേട്ട വടക്കേ കോവിലകത്തെ അവസാന കണ്ണിയും!

11.30

ബൊലോറോയുടെ ഒരു ജീപ്പുകൂടി അവിടെയെത്തി. ചാനൽ ക്യാമറകൾ അതിനെ ഫോക്കസ് ചെയ്തു.

ബൊലോറോയിൽ നിന്ന് ആദ്യം ഇറങ്ങിയത് സി ഐ ഋഷികേശാണ്.

മീശയൊന്നു പിരിച്ചിട്ട് അയാൾ അല്പം താഴേക്കു മാറിയ പാന്റ് മുകളിലേക്കു വലിച്ചു കയറ്റി.

പാന്റ് മാത്രമേ കാക്കിയുള്ളായിരുന്നു. ഷർട്ട് പുതിയ മോഡൽ... സിവിലിയന്റേത്.

''ഈ സി.ഐ കാക്കിഷർട്ട് ധരിക്കാറില്ലേ?"

ഒരാൾ അപരനോടു തിരക്കി.

''വല്ല സ്വാതന്ത്ര്യദിനത്തിലോ റിപ്പബ്ളിക് ദിനത്തിലോ മേലുദ്യോഗസ്ഥന്മാരുടെ വിസിറ്റിംഗ് സമയത്തോ മാത്രം. അല്ലാത്ത സമയത്തൊക്കെ കാക്കി ഇയാൾക്ക് അലർജിയാ...."

കേട്ടുനിന്ന മറ്റൊരാൾ പറഞ്ഞു :

‌''നമ്മളൊക്കെ മൊബൈലിൽ സംസാരിച്ചുകൊണ്ട് വണ്ടിയോടിക്കുന്നതു കണ്ടാൽ ഇവന്മാര് പെറ്റിയടിക്കും. എന്നാൽ ഈ സി.ഐ വണ്ടി സ്റ്റാർട്ടു ചെയ്താലുടൻ മൊബൈല് എടുത്ത് ചെവിയിൽ വയ്ക്കും. അയാള് സ്വയമേ വണ്ടി ഓടിക്കത്തുമുള്ളൂ."

ബൊലേറോയുടെ പിൻസീറ്റിൽ നിന്ന് രണ്ട് പോലീസുകാർക്കൊപ്പം വിവേക് ഇറങ്ങി.

വളരെ പരിക്ഷീണനായിരുന്നു അവൻ. ഏതു നിമിഷവും തളർന്നു വീണേക്കാം എന്ന ഭാവം.

ക്യാമറക്കണ്ണുകൾ അവനെ അടിമുടി ഉഴിഞ്ഞു.

വിവേകിനെ കണ്ടതേ ജനങ്ങൾ മുന്നോട്ട് ഇരച്ചുകയറാനും കൂകിവിളിക്കാനും അസഭ്യം പറയാനും ആരംഭിച്ചു.

എല്ലാം കണ്ട് സി.ഐ ഋഷികേശ് ഗൂഢമായി മന്ദഹസിച്ചു.

(തുടരും)