ലഞ്ച് ഗംഭീരമാക്കാൻ കാലമരി (കണവ വിഭവം) വേണമെന്ന് ലിസ്ബൺ സ്വദേശിയായ ആഡം ടോഡ് എന്ന 28കാരന് ആഗ്രഹം തോന്നി. പിന്നെ ഒന്നും നോക്കിയില്ല, അടുത്തുള്ള മാർക്കറ്റിൽ പോയി ഒരു കണവയെ വാങ്ങി. കഴുകി വൃത്തിയാക്കി പാകം ചെയ്യാനുള്ള തയ്യാറെടുപ്പിനിടെയാണ് ആഡം ആ സത്യം തിരിച്ചറിയുന്നത്. താൻ വാങ്ങിയ കണവ ഒരു സാധാരണ കണവയല്ല. ഭീകരനാണ് കൊടും ഭീകരൻ ! പൂർണ വളർച്ചയെത്തിയ സ്രാവിന്റെ കുഞ്ഞിനെ കണവയുടെ ഉള്ളിൽ കണ്ട ആദം ഞെട്ടി. മുമ്പ് കണവയുടെ ഉള്ളിൽ ചെറുമീനിനെയും ചെമ്മീൻ കുഞ്ഞിനെയും കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സ്രാവിന്റെ കുഞ്ഞിനെ ആഡം കാണുന്നത്. വാങ്ങുമ്പോൾ കണവയുടെ വലിപ്പം കണ്ട ആഡമിന് എന്തോ പന്തികേട് തോന്നിയിരുന്നെങ്കിലും ഉള്ളിൽ ഒരു കുഞ്ഞൻ സ്രാവ് ഒളിച്ചിരിക്കുന്ന കാര്യം അറിയില്ലായിരുന്നു. സാധാരണ വാങ്ങുന്നതിനെ അപേക്ഷിച്ച് ഇരട്ടി വലിപ്പം ഈ കണവയ്ക്ക് ഉണ്ടായിരുന്നെന്നാണ് ആഡം പറയുന്നത്.