നെയ്യാറ്റിൻകര: സ്കൂളുകൾ തുറക്കാൻ ഇനി ഒരു ദിവസം മാത്രം ശേഷിക്കേ ടൗൺ പ്രദേശത്തെ സ്കൂളുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ പരിസരത്ത് പാഴ്ചെടികൾ വളർന്നും സ്കൂൾ മുറ്റം വൃത്തിഹീനവുമാണ്. സ്കൂൾ പരിസരങ്ങൾ വൃത്തിയാക്കുവാൻ സ്കൂളുകൾക്കും നഗരസഭക്കും വെവ്വേറെ ഫണ്ടുകൾ ഉളളപ്പോഴാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്താതിരിക്കുന്നത്. നെയ്യാറ്റിൻകര ഗവ.ഗേൾസ് ഹൈസ്കൂളിന്റെ പിൻവശത്ത് പാഴ്വൃക്ഷങ്ങൾ വളർന്ന് സ്കൂൾ മതിലിനും പുതിയ കെട്ടിടത്തിനും മുകളിലേക്ക്പടർന്ന നിലയിലാണ്. വലിയ കാറ്റടിച്ചാൽ കെട്ടിടത്തിന് മുകളിലേക്ക് പാഴ് വൃക്ഷം കടപുഴകി വീഴുമെന്ന നിലയിലാണ്. കൂറ്റൻ വൃക്ഷത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങി സ്കൂൾ മതിൽ അടുത്തിടെ പൊട്ടി വീണു. മതിൽ നന്നാക്കിയെങ്കിലും വൃക്ഷം ഇതേ വരെ മുറിച്ചു മാറ്റിയിട്ടില്ല. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ നടത്തിയെങ്കിലും സ്കൂളുകൾ പൊതുവിൽ ഒഴിവാക്കപ്പെട്ടതായി പരാതിയുണ്ട്.
caption
നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മതിലും കെട്ടിടവും പാഴ്ചെടികൾ കയറി കിടക്കുന്നു