-shane-warne

ലണ്ടൻ: രാജ്യങ്ങളിലെ മികച്ച ക്രിക്കറ്റർമാർ ചേർന്ന ലോക ക്രിക്കറ്റിലെ തന്റെ ഡ്രീം ഇലവൻ ആരൊക്കെയാണെന്ന് തുറന്ന് പറഞ്ഞ് ഓസ്ട്രേലിയൻ സ്‌പിൻ ഇതിഹാസം ഷെയ്ൻ വോൺ. എന്നാൽ, ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച ലെഗ് സ്‌പിന്നറായ വോണിന്റെ ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യൻ കളിക്കാരന് മാത്രമേ സ്ഥാനമുള്ളു. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ തന്നെയാണ് അത്. വോണിന്റെ കൊടുങ്കാറ്റ് പോലുള്ള ബൗളിംഗിനെ പുഷ്‌പം പോലെ ഗാലറിയിലേക്ക് അടിച്ചു തെറിപ്പിച്ച ബാറ്റ്സ്‌മാനാണ് സച്ചിൻ.

സച്ചിനെ കൂടാതെ ടീമിലേക്ക് വോൺ തിരഞ്ഞെടുത്തത് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്, ബ്രയാൻ ലാറ, ശ്രീലങ്കൻ സ്‌പിൻ രാജാവ് മുത്തയ്യ മുരളീധരൻ തുടങ്ങിയ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളെയാണ്. ആഡം ഗിൽക്രിസ്റ്റിനെയും സച്ചിനെയുമാണ് വോൺ ഓപ്പണർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. റിക്കി പോണ്ടിംഗ് മൂന്നാമതും ബ്രയാൻ ലാറ നാലാമതും ബാറ്റിംഗിനിറങ്ങുമ്പോൾ മാർക്ക് വോ അഞ്ചാം നമ്പറുകാരനായി കളത്തിലിറങ്ങിയാൽ കൊള്ളാമെന്നാണ് വോണിന്റെ സ്വപ്നം. ശ്രീലങ്കൻ നായകനായിരുന്ന കുമാർ സംഗക്കാരയാണ് ഏഴാമൻ.

'ആദ്യത്തെ നാലു പേർ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളാണ്. പകരം വയ്‌ക്കാനില്ലാത്തവർ. താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഓൾ റൗണ്ടർ മാർക്ക് വോയാണ്. സംഗക്കാര മികച്ച ഇടംകൈയ്യൻ ബാറ്റ്സ്‌മാനും വിക്കറ്റ് കീപ്പറുമാണ്. ' വോൺ പറയുന്നു.

ആൻഡ്രൂ ഫ്ലിന്റോഫ്, വസീം അക്രം, ഗ്ലെൻ മക്ഗ്രാത്ത് എന്നിവരെയാണ് തീപ്പൊരി ബൗളിംഗിനായി വോൺ തിരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം പാകിസ്ഥാൻ ഓൾ റൗണ്ടർ ഷാഹിദ് അഫ്രീദിയും മുത്തയ്യ മുരളീധരനുമാണ് വോണിന്റെ സ്വപ്‌ന ടീമിലെ ആക്രമകാരികളായ സ്‌പിന്നർമാർ. ഒരു ക്രിക്കറ്റ് ടോക് ഷോയിലാണ് വോൺ തന്റെ ഡ്രീം തുറന്നുപറഞ്ഞത്.