nipah

ഹെനിപാ വൈറസ് ജനുസിലെ നിപ പൊതുവേ മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കാണ് പകരുന്നത്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരും. അസുഖം വന്ന ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതിനാൽ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

അണുബാധയുണ്ടായാൽ അഞ്ച് മുതൽ 14 ദിവസം വരെ കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദ്ദി, കാഴ്ചമങ്ങൽ എന്നിവയുമുണ്ടാകാം. രോഗം പിടിപെട്ടാൽ ഒന്നു രണ്ടു ദിവസങ്ങൾക്കകം ബോധക്ഷയം വന്ന് കോമ അവസ്ഥയിലാകാനും സാദ്ധ്യതയുണ്ട്.

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവയിൽ നിന്ന് ആർ.ടി.പി.സി.ആർ (റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്‌ഷൻ) ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാം.

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ടം മനുഷ്യന്റെ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. വവ്വാലുകൾ കടിച്ച ഫലങ്ങൾ,​ വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്ന് തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് എന്നിവ ഒഴിവാക്കുക.

രോഗിയുമായി സമ്പർക്കം പുലർത്തുന്നവർ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
രോഗിയുമായി ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം. മാസ്കും ധരിക്കണം. രോഗിയുടെ വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

പൊതുജനങ്ങളുടെ സംശയങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ ഹെൽപ് ലൈൻ നമ്പരിലേക്ക് വിളിക്കാം. നമ്പരുകൾ: 0471 2552056, 1056 (ടോൾഫ്രീ).