തിരുവനന്തപുരം: നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മുൻ എം.എൽ.എ എ.പി. അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ അന്തസിനെയും അച്ചടക്കത്തെയും ബാധിക്കുന്ന വിധത്തിൽ മാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രസ്താവനകൾ തുടരുകയും പാർട്ടിയുടെ സമുന്നത നേതാക്കളെ പരസ്യമായി അവഹേളിക്കുകയും ചെയ്ത സാഹചര്യത്തിൽ അബ്ദുള്ളക്കുട്ടിയെ സത്വരപ്രാബല്യത്തോടെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിച്ചപ്പോൾ പരിഹാസപൂർവമായ മറുപടിയാണ് ലഭിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
നരേന്ദ്രമോദിയുടെ ഭരണതന്ത്രജ്ഞതയുടെ അംഗീകാരമാണ് ബി.ജെ.പിക്ക് മഹാവിജയം നേടിക്കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗാന്ധിയൻ മൂല്യം മോദി ഭരണത്തിലുണ്ടെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതോടെ അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കണ്ണൂർ ഡി.സി.സിയും, പ്രസിഡന്റ് സതീശൻ പാച്ചേനിയും കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് പാർട്ടി നേതൃത്വം അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിച്ചു. കെ.പി.സി.സി പ്രസിഡന്റിന് വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്ന നിലപാടിലായിരുന്നു അബ്ദുള്ളക്കുട്ടി. ഇതോടെ അബ്ദുള്ളക്കുട്ടിക്കെതിരെ നടപടിയെടുക്കാത്തതിൽ പാർട്ടി അണികളിലും പ്രധാന നേതാക്കൾക്കിടയിലും ശക്തമായ പ്രതിഷേധമുയരുകയും പലരും അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അന്നും മോദി സ്നേഹം;
സി.പി.എം പുറത്താക്കി
എസ്.എഫ്.ഐയിലൂടെ സംഘടനാ പ്രവർത്തനം തുടങ്ങിയ അബ്ദുള്ളക്കുട്ടി സംസ്ഥാന പ്രസിഡന്റ് പദവി വരെയെത്തിയിരുന്നു. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് സി.പി.എമ്മിനെ പ്രതിനിധീകരിച്ച് രണ്ട് തവണ പാർലമെന്റിലെത്തി. വികസനകാര്യത്തിൽ രാഷ്ട്രീയത്തിന് അതീതമായ നിലപാടുകൾ പാർട്ടികൾ സ്വീകരിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി എന്നിവരുടെ വികസന നയം മാതൃകയാക്കണമെന്നും ഒരു ചടങ്ങിൽ പ്രസംഗിച്ചതിനെ തുടർന്ന് 2009 ജനുവരിയിൽ സി.പി.എം ഏരിയാ കമ്മിറ്റി ഒരു വർഷത്തേക്ക് അബ്ദുള്ളക്കുട്ടിയെ സസ്പെൻഡ് ചെയ്തു. ഹർത്താലിനും ബന്തിനുമെതിരെ പ്രസംഗിച്ചതും വിവാദമായിരുന്നു. 2009 മാർച്ചിൽ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. തുടർന്ന് കോൺഗ്രസിലെത്തിയ അദ്ദേഹം നവംബറിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കണ്ണൂർ അസംബ്ളി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2011 ലും വിജയം ആവർത്തിച്ചെങ്കിലും 2016ൽ തലശേരിയിൽ എ.എൻ. ഷംസീറിനോട് പരാജയപ്പെട്ടു.