ന്യൂയോർക്ക്: ആരോടെങ്കിലുമൊക്കെ ദേഷ്യംതോന്നുന്നത് സ്വാഭാവികം. അവനിട്ട് രണ്ടെണ്ണം പൊട്ടിച്ചാലെന്തെന്നും ആലോചിക്കും. പക്ഷേ, അവന്റെ കൈയിൽ നിന്ന് കിട്ടുന്നതിനെക്കുറച്ചാലോചിക്കുമ്പോൾ ദേഷ്യം വീട്ടിലെ വാഴയോടും തലയിണയോടുമാെക്കെ തീർക്കും.(അതാവുമ്പോൾ തിരിച്ചടി പേടിക്കുകയേ വേണ്ട) അതോടെ കലി പമ്പകടന്ന് മനസ് ക്ലീനാവും.
ദേഷ്യക്കാർ വാഴകളെയും തലയിണയെയും ഉപദ്രവിക്കേണ്ടെന്നാണ് ന്യൂയോർക്കിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദേഷ്യം ഇടിച്ചുതീർക്കാൻ വഴിയരിൽ പഞ്ചിംഗ് ബാഗുകൾ സ്ഥാപിച്ചിട്ടുണ്ട്. ദേഷ്യത്തിന്റെ അവസാന കണികയും മനസിൽ നിന്ന് പോകുന്നതുവരെ ഇടിച്ചുതീർക്കാം. ആരും തടിയല്ല. പണവും നൽകേണ്ട.
യു.എസ് ഡിസൈൻ സ്റ്റുഡിയോ ആണ് ഇൗ ഐഡിയയ്ക്കുപിന്നിൽ. തെരുവിൽ താമസിക്കുന്നവരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ബാഗുകൾ സ്ഥാപിക്കുന്നതിന് മുന്നിട്ടിറങ്ങിയത്. പരീക്ഷണമായതിനാൽ സിറ്റിയിലെ ചിലയിടങ്ങളിൽ മാത്രമാണ് ബാഗുകൾ സ്ഥാപിച്ചിട്ടുള്ളത്. വിജയകരമെന്ന് കണ്ടാൽ മറ്റിടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. പരസ്യമായോ രഹസ്യമായോ ബാഗുകൾ ഉപയോഗിക്കാം.സമയനിബന്ധനയും ഇല്ല.
പഞ്ചിംഗ് ബാഗുകളിൽ ഇടിക്കുമ്പോൾ ആളുകൾക്ക് ഒരുപരിധിവരെ ആശ്വാസം ലഭിക്കുമെന്നും ടെൻഷൻ ഉൾപ്പെടെയുള്ളവ മാറുമെന്നുമാണ് ബാഗുകൾ സ്ഥാപിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നവർ പറയുന്നത്. ശ്രമം വിജയിക്കുന്നതിൽ അവർ പൂർണ സംതൃപ്തരാണ്.