നെയ്യാറ്റിൻകര : വിനു കൊലക്കേസിലെ ഒന്നാം പ്രതി ആറയൂർ കടമ്പാട്ടുവിള മേലെ പുത്തൻവീട്ടിൽ ഷാജി (47), കൂട്ടുകാരനും രണ്ടാം പ്രതിയുമായ ആറയൂർ എള്ളുവിള പുത്തൻവീട്ടിൽ പല്ലൻ അനി (42) എന്നിവരെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഷാജിയുടെ പിതാവ് കൃഷ്ണന്റെ കൊലപാതകത്തെക്കുറിച്ച് കൂടുതൽ തെളിവെടുക്കുന്നതിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. 37 ദിവസമായി ഒളിവിലായിരുന്ന ഷാജിയെയും സഹായി അനിയെയും പൊലീസ് കഴിഞ്ഞ ദിവസമാണ് പിടികൂടി റിമാൻഡ് ചെയ്തത്.

കൃഷ്ണനെ കൊലപ്പെടുത്തിയ നാലംഗ സംഘത്തിൽ അംഗമായിരുന്ന വിനു, പലപ്പോഴും പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്തതാണ് കൊലയ്ക്ക് കാരണമെന്ന് ഷാജി പൊലീസിനോട് വെളിപ്പെടുത്തി. കൃഷ്ണന്റെ കൊലപാതകത്തിൽ പങ്കെടുത്ത ഗുണ്ടാസംഘത്തിലെ മറ്റ് അംഗങ്ങൾക്കും ഷാജി പണം നൽകിയിരുന്നു. പത്ത് വർഷം മുൻപാണ് പട്ടാളത്തിൽ നിന്ന് വിരമിച്ച കൃഷ്ണനെ കാണാതാകുന്നത്. കൃഷ്ണൻ, ഷാജിയുടെ ഭാര്യയോട് മോശമായി പെരുമാറിയതിനെ ചൊല്ലിയും വസ്തു എഴുതി നൽകാത്തതിന്റെ പേരിലും പലപ്പോഴും വീട്ടിൽ വഴക്ക് നടക്കാറുണ്ടായിരുന്നു. വഴക്കിനിടയിൽ കൃഷ്ണന്റെ കാൽ ഷാജി തല്ലിയൊടിച്ചിരുന്നു. വീട്ടുകാരുമായി പിണങ്ങി പുത്തൻകുളത്ത് കൃഷ്ണൻ താമസമാക്കിയിരുന്നു. പിതാവുമായി പിണക്കത്തിലായിരുന്ന ഷാജിക്ക്, കൃഷ്ണന്റെ തിരോധാനത്തിൽ പങ്കുണ്ടെന്ന് ബന്ധുക്കൾ അന്നേ ആരോപിച്ചിരുന്നു. പരശുവയ്ക്കലിലുള്ള ഒരു ഗുണ്ടാസംഘത്തിന് കൃഷ്ണനെ തട്ടിക്കൊണ്ടുവരാൻ ഷാജി 50,000 രൂപയ്ക്ക് ക്വട്ടേഷൻ നൽകുകയും, വീട്ടിലെത്തിച്ച് സ്വത്തുക്കൾ നിർബന്ധിച്ച് ഒപ്പിടീച്ച് വാങ്ങുകയും ചെയ്തു. കൃഷ്ണൻ കിടപ്പ് രോഗിയാണെന്ന് ഒരു നോട്ടറിയുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കാണിച്ച് സബ് രജിസ്ട്രാറെ വീട്ടിൽ വരുത്തിയായിരുന്നു ഷാജിയുടെ പേരിലേക്ക് വസ്തുക്കൾ മാ​റ്റിയത്. ഇക്കാര്യം കാണിച്ച് കൃഷ്ണൻ കോടതിയിൽ കേസ് ഫയൽ ചെയ്തതോടെ കൃഷ്ണനെ കൊലപ്പെടുത്താൻ ഷാജി പഴയ സംഘത്തിന് ക്വട്ടേഷൻ നൽകി.
കൊല്ലപ്പെട്ട വിനുവും പരശുവയ്ക്കലുള്ള രണ്ടംഗ ഗുണ്ടാ സംഘവും ചേർന്ന് കൃഷ്ണനെ പിടികൂടി ശ്വാസംമുട്ടിച്ച് കൊന്ന് അരുമന തേയ്മാനൂർപാലത്തിന് സമീപം ആറ്റിൽ 2009 ജനുവരി 13ന് ഉപേക്ഷിച്ചു. അന്ന് തന്നെ ഒരു വൃദ്ധന്റെ മൃതദേഹം കണ്ടെത്തിയതായി അരുമന പൊലീസിന് വിവരം ലഭിച്ചിരുന്നു. അവകാശികൾ എത്താത്തതിനാൽ മൃതദേഹം മറവ് ചെയ്തിരുന്നു. സംഭവശേഷം വിനുവും ഗുണ്ടാ സംഘവും ഷാജിയോട് ഭീമമായ തുക ആവശ്യപ്പെട്ടു. പണം നൽകാത്തതിൽ പരശുവയ്ക്കലിലുള്ള ഒരു ഗുണ്ടാസംഘം ഒന്നരവർഷം മുൻപ് ഷാജിയെ പിടികൂടി ക്രൂരമായി മർദ്ദിച്ച് ഇടിച്ചക്കപ്ലാമൂടിന് സമീപം ഉപേക്ഷിച്ചിരുന്നു. അടുത്തിടെ കുഴിവിള സ്വദേശി റജി, ആലംപാറ സ്വദേശി മണികണ്ഠൻ എന്നിവർ വീട്ടിലെത്തി ഷാജിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി. ഇതോടെ ഷാജിയും കുടുംബവും താമസം മാറി. ഇക്കാര്യങ്ങളെല്ലാം കാണിച്ച് ആറ് മാസം മുൻപ് ഒരു ഊമക്കത്ത് പാറശാല പൊലീസിന് ലഭിച്ചു. പൊലീസ് ഇതിന്റെ അടിസ്ഥാനത്തിൽ വിനുവിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

കൊലപാതക സംഘത്തിലെ എല്ലാവരെയും

വകവരുത്താൻ ഷാജി പ്ളാനിട്ടു

പിതാവിന്റെ കൊലപാതകം പുറത്തറിയാതിരിക്കാൻ ആ സംഘത്തിലെ മുഴുവൻ പേരെയും വിളിച്ചു വരുത്തി അപായപ്പെടുത്താനായിരുന്നു പിന്നീട് ഷാജിയുടെ ശ്രമം. ഇതിലേക്കായി ഇക്കഴിഞ്ഞ 20ന് മണികണ്ഠനെയും റജിയെയും വിനുവിനെയും ഷാജി പല്ലൻ അനി വഴി വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. മദ്യം നൽകി ബോധം കെടുത്തിയ ശേഷം അപായപ്പെടുത്താനാണ് പ്ലാനിട്ടത്. എന്നാൽ വിനു മാത്രമേ എത്തിയിരുന്നുള്ളു. വിനു കൊലക്കേസിൽ ഷാജി പിടിയിലായത് മുതൽ റജിയും മണികണ്ഠനും ഒളിവിൽ പോയി.
പിതാവിനെ തട്ടിക്കൊണ്ടു വന്ന് വസ്തുക്കൾ സ്വന്തം പേരിലാക്കി മാ​റ്റുന്നതിന് വീട്ടിലെത്തി രജിസ്‌ട്രേഷൻ നടത്തിയ ഉദ്യോഗസ്ഥനെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. വിനു വധക്കേസിലെ മൂന്നും നാലും പ്രതികളായ ദീപേന്ദ്രകുമാർ, പത്മഗിരീഷ് എന്നിവർ റിമാൻഡിലാണിപ്പോൾ.