തിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നാളെ വൈകിട്ട് മൂന്നിന് വനശ്രീ ആഡിറ്റോറിയത്തിൽ ഫലവൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി കെ. രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൃക്ഷങ്ങളും തടി ഉപയോഗപ്രദമായ മരങ്ങളും വച്ചുപിടിപ്പിക്കുന്നതിലൂടെ പുതിയ വനവത്കരണ രീതി പരിസ്ഥിതി ദിനത്തിൽ ആരംഭിക്കും. സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ 97 നഴ്‌സറികളിൽ ഉത്പാദിപ്പിച്ച തൈകൾ ഇതിനായി ഉപയോഗിക്കും. അക്കേഷ്യയും യൂക്കാലിയുമടക്കമുള്ള വിദേശ മരങ്ങൾ വനമേഖലയിൽ നടുന്നത് അവസാനിപ്പിക്കും.
പൊന്നാനിയിൽ പതിനായിരം കണ്ടൽ ചെടികളും ഏഴിമല നാവിക അക്കാഡമിയുടെ ഭൂമിയിൽ കാറ്റാടി മരങ്ങളും നടും. ജൈവവൈവിദ്ധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ ശില്പശാലയും കനകക്കുന്ന് മുതൽ വനശ്രീ വരെ കൂട്ടയോട്ടവും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യ വനം മേധാവി പി.കെ. കേശവൻ, സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ പ്രദീപ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
2025 ഓടെ അക്കേഷ്യ ഒഴിവാക്കും
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിൽ ന്യൂസ് പ്രിന്റ് ഫാക്ടറികൾക്കായി വിതരണം ചെയ്യുന്നതിന് തയ്യാറാക്കിയിട്ടുള്ള കരാർ അവസാനിക്കുന്ന 2025 ഓടെ കേരളത്തിലെ വനങ്ങളിൽ നിന്ന് അക്കേഷ്യ മരങ്ങൾ പൂർണമായും ഒഴിവാക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. നിലവിലുള്ള യൂക്കാലിപ്സ് മരങ്ങൾ പൂർണമായും ഒഴിവാക്കാൻ 23 വർഷം വേണ്ടിവരുമെന്ന് മുഖ്യ വനം മേധാവി പി.കെ. കേശവൻ പറഞ്ഞു.