തിരുവനന്തപുരം: ''ബാലുവിന് അങ്ങനെയൊരു അപകടമുണ്ടാവില്ല, നൂറ് ശതമാനം ഉറപ്പാണ് ''- മകന്റെ മരണത്തിൽ ദുരൂഹതകളുണ്ടെന്നും കൃത്യമായ അന്വേഷണത്തിലൂടെ സത്യം കണ്ടെത്തണമെന്നും ബാലഭാസ്കറിന്റെ പിതാവ് സി.കെ. ഉണ്ണി പറഞ്ഞു. ബാലുവിന്റെ മരണം സംശയാസ്പദമാണ്. മകന്റെ മരണത്തിൽ താൻ സംശയിച്ചിരുന്ന ചിലർ വിമാനത്താവളത്തിലെ സ്വർണക്കടത്തിലും പ്രതികളായതോടെ അന്വേഷണം ശക്തമാക്കണമെന്നാണ് ഉണ്ണിയുടെ ആവശ്യം. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തി. തന്റെ സംശയങ്ങൾ ഉണ്ണി ക്രൈംബ്രാഞ്ചിനോട് വിവരിച്ചു.
മരണത്തിൽ ദുരൂഹതയാരോപിച്ച് മാസങ്ങൾക്ക് മുൻപ് ഉണ്ണി നൽകിയ പരാതിയിൽ പാലക്കാട്ടെ ഒരു ഡോക്ടർ, ബാലുവിന്റെ ട്രൂപ്പിൽ പ്രോഗ്രാം മാനേജരായിരുന്ന, ഇപ്പോൾ സ്വർണക്കടത്ത് കേസിൽ ഡി.ആർ.ഐയുടെ പിടിയിലായ പ്രകാശൻ തമ്പി, സ്വർണക്കടത്ത് കേസിൽ ഒളിവിലുള്ള ഇയാളുടെ സുഹൃത്ത് വിഷ്ണു എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞിരുന്നു. സ്വർണക്കടത്ത് പുറത്തുവരുന്നതിന് എത്രയോ മാസം മുൻപാണ് പരാതി നൽകിയത്. പക്ഷേ ആ വഴിക്കുള്ള അന്വേഷണമുണ്ടായില്ല. സംശയങ്ങൾക്കിടയാക്കുന്ന സാഹചര്യങ്ങൾ പരിശോധിക്കാനോ അത്തരം തെളിവുകൾ ശേഖരിക്കാനോ അന്വേഷണ സംഘം കൂട്ടാക്കിയിട്ടില്ലെന്ന് ഉണ്ണി പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് സഹായം തേടിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ പറയുന്നത്.
സ്വർണക്കടത്തും സംഭവങ്ങളുമെല്ലാം ബാലുവിന്റെ മരണത്തിന് ശേഷം സംഭവിച്ച കാര്യങ്ങളാണ്. ബാലഭാസ്കറിനെ അതിലേക്ക് ആരും വലിച്ചിഴയ്ക്കരുത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബാലഭാസ്കറിനെ അപായപ്പെടുത്തിയതാകാം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. ഞങ്ങൾക്ക് ഇനി ഒന്നും ബാക്കിയില്ല. സുഖമില്ല. ഞങ്ങൾക്ക് ഇങ്ങനെ ഒരു ലോകത്ത് ജീവിക്കണമെന്നില്ല. പണത്തിനൊന്നും കൊതിയില്ല. ഇതൊന്നും വേണ്ടായിരുന്നു. അവനെ ഞങ്ങൾക്ക് കിട്ടുമായിരുന്നു. മകന്റെ ഒരു ഫോട്ടോ പോലും എനിക്കിന്ന് കാണാൻ വയ്യ.-മകന്റെ ഓർമ്മകൾക്ക് മുന്നിൽ ഉണ്ണി വിതുമ്പി.