ഇല്ലാത്ത കാൻസർ രോഗത്തിന് കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്ന മാവേലിക്കര കൊടശനാട് ചിറയ്ക്ക് കിഴക്കേക്കര വീട്ടിൽ രജനി എന്ന മുപ്പത്തെട്ടുകാരിയായ വീട്ടമ്മ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കൂടക്കൂടെ അരങ്ങേറുന്ന ഗുരുതരമായ ചികിത്സാപ്പിഴവിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ്.
ഏറ്റവും ശ്രദ്ധാപൂർവവും കൃത്യതയോടു കൂടിയതുമായ ചികിത്സ ലഭ്യമാകേണ്ട ഒരു സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇത് സംഭവിച്ചതെന്നത് പൊറുക്കാനാകാത്ത തെറ്റുതന്നെയാണ് . സ്വകാര്യ ലാബുകാർ നൽകിയ പരിശോധനാ റിപ്പോർട്ടിനെ ആശ്രയിച്ചതിൽ സംഭവിച്ച പിഴവാണ് ഇത്തരത്തിലൊരു ദുര്യോഗത്തിൽ കലാശിച്ചതെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ കോട്ടയം മെഡിക്കൽ കോളേജിലെ കാൻസർ ചികിത്സാ വിഭാഗത്തിലെ ബന്ധപ്പെട്ട ഡോക്ടർമാർക്ക് കഴിയില്ല. മെഡിക്കൽ കോളേജ് ആശുപത്രികൾക്ക് പുറത്ത് കൂണുപോലെ കാണുന്ന സ്വകാര്യ ലാബുകളിലൊന്ന് നൽകിയ പരിശോധനാ റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കി ധൃതിപിടിച്ച് കീമോ തെറാപ്പി തുടങ്ങാനുണ്ടായ സാഹചര്യം ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത, ചികിത്സിച്ച മെഡിക്കൽ ടീമിനുണ്ട് . പറയത്തക്ക ബന്ധുബലമൊന്നുമില്ലാതെ ആശുപത്രികളിലെത്തുന്ന രോഗികൾ നേരിടേണ്ടി വരുന്ന ദൗർഭാഗ്യങ്ങളിലൊന്നു മാത്രമാണിത്.
ഏത് രോഗത്തിനും ഏറ്റവും ഉന്നതമായ ചികിത്സ ലഭ്യമാക്കേണ്ട ഒരു സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രജനിക്ക് സംഭവിച്ചതുപോലുള്ള ഗുരുതരമായ ചികിത്സാപ്പിഴവുണ്ടായത് ഉത്തരം ലഭിക്കേണ്ട അനവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. മാറിൽ മുഴയുമായി ആശുപത്രിയിലെത്തിയ വീട്ടമ്മയെ ബയോപ്സിക്ക് വിധേയയാക്കി സാമ്പിൾ പരിശോധന കോളേജിലെ പത്തോളജി ലാബിൽ മാത്രം നടത്തി രോഗനിർണയം നടത്തേണ്ടതിന് പകരം സമീപത്തെ സ്വകാര്യ ലാബിൽ കൂടി പരിശോധിക്കാൻ വിട്ടതാണ് പ്രശ്നമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു കീഴ്വഴക്കം സർക്കാർ ആശുപത്രികളിൽ പൊതുവേ കാണുന്നതാണ്. ചികിത്സ എത്രയും വേഗം തുടങ്ങാൻ വേണ്ടിയാണ് സ്വകാര്യ ലാബിനെ ആശ്രയിച്ചതെന്ന് വിശദീകരണം വന്നിട്ടുണ്ട് . എന്നാൽ രോഗിയോടും അവരുടെ കുടുംബത്തോടും യാതൊരു ഉത്തരവാദിത്വവുമില്ലാത്ത, പരിശോധനാഫീസിൽ മാത്രം കണ്ണുള്ള സ്വകാര്യലാബിലെ ഇതുപോലുള്ള പരിശോധനകൾ പലരുടെയും കാര്യത്തിൽ തെറ്റാറുണ്ടെന്നുള്ളതിന് ഉദാഹരണങ്ങൾ എത്രവേണമെങ്കിലുമുണ്ട്. നിലവാരമുള്ള സ്വകാര്യ ലാബുകൾ അങ്ങേയറ്റം ഉത്തരവാദിത്വത്തോടെ ഇത്തരം പരിശോധനകൾ നടത്താറുണ്ട്. എന്നാൽ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന സ്വകാര്യ ലാബുകളിൽ പലതും വേണ്ടത്ര നിലവാരം പുലർത്തുന്നവയാണെന്ന് പറയാനാവില്ല.
രജനിയുടെ കേസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബ് ശരിയായ പരിശോധനാഫലം തന്നെയാണ് നൽകിയത്. രജനിക്ക് കാൻസർ രോഗബാധ ഇല്ലെന്നായിരുന്നു ആ കണ്ടെത്തൽ. ഇൗ റിപ്പോർട്ട് എത്തുന്നതിന് മുൻപുതന്നെ കാൻസർ ചികിത്സ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഡോക്ടർമാരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടാനാവില്ലെങ്കിലും ആധികാരികമായ സ്വന്തം പത്തോളജി വകുപ്പിലെ റിപ്പോർട്ടിനായി കാത്തിരിക്കാതെ സ്വകാര്യ ലാബിനെ പൂർണമായും ആശ്രയിച്ചതിലൂടെ ഒരു സാധുയുവതിക്കും അവരുടെ കുടുംബത്തിനുമുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് ആര് ഉത്തരം പറയും? സർക്കാർ ആശുപത്രികളിലെ ചികിത്സാ വിഭാഗങ്ങളും സ്വകാര്യ ലാബുകാരും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ ആർക്കും അറിയാത്ത കാര്യമൊന്നുമല്ല. രോഗം ഒന്നിലേറെ തവണ സ്ഥിരീകരിച്ചശേഷം മാത്രം തുടങ്ങേണ്ട കീമോചികിത്സ ആരംഭിച്ചതു വഴി രജനിക്ക് നേരിടേണ്ടിവന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനവധിയാണ്. തെറ്റായ ചികിത്സ നൽകി പാവപ്പെട്ട ആ വീട്ടമ്മയുടെ ജീവിതം നരകതുല്യമാക്കിയവർ തീർച്ചയായും മാതൃകാപരമായ ശിക്ഷയ്ക്ക് സർവഥാ അർഹരാണ്. അന്വേഷണത്തിന് ആരോഗ്യവകുപ്പുമന്ത്രി ഉത്തരവിട്ടിട്ടുണ്ടെന്നുള്ളത് ശരിയാണ്. ഉത്തരവാദിത്വമില്ലായ്മയും അലംഭാവവും ഒരു കാരണവശാലും സർക്കാർ ആശുപത്രികളിൽ വച്ച് പൊറുപ്പിക്കാനാവില്ല .അതിന് ഇരയാകുന്നവർ എപ്പോഴും സമൂഹത്തിലെ പാവപ്പെട്ടവരാണെന്നതാണ് എടുത്തുപറയേണ്ട കാര്യം. മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൈനസ് ചികിത്സയ്ക്കെത്തിയ ഏഴ് വയസുകാരന് മൂക്കിലെ ശസ്ത്രക്രിയയ്ക്ക് പകരം ഹെർണിയ ശസ്ത്രക്രിയ നടത്തിയ സംഭവം നടന്നിട്ട് അധിക ദിവസമായില്ല. ഗുരുതരമായതും അല്ലാത്തതുമായ ഇതുപോലുള്ള ചികിത്സാപ്പിഴവുകൾ എല്ലാ ആശുപത്രികളിലും നടക്കാറുണ്ട്.
ഉപഭോക്താക്കൾക്ക് വേണ്ടത്ര നിയമബോധമില്ലാത്തതാണ് ഇത്തരം കേസുകളിൽ ഡോക്ടർമാർക്കും തുണയാകുന്നത്. എന്നാൽ സർക്കാർ ഇത്തരം സംഭവങ്ങൾ ഗൗരവമായിത്തന്നെ കാണണം. ആദ്യം വേണ്ടത് നിലവാരമില്ലാത്ത ലാബുകൾ പൂട്ടുകയെന്നത് തന്നെയാകണം. സ്വകാര്യ ലാബുകളെ നിയന്ത്രിക്കാൻ നിയമമൊക്കെ ഉണ്ടെങ്കിലും ഫലവത്തായി നടപ്പാക്കുന്നില്ല. സർക്കാർ ആശുപത്രികളിൽ മതിയായ ലാബ് സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ് പുറത്തുള്ള സ്വകാര്യ ലാബുകളിലേക്ക് ഒാടേണ്ടിവരുന്നത്. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തുന്ന രോഗികളെപ്പോലും രക്തപരിശോധനയ്ക്കും സ്കാനിംഗിനും സാമ്പിൾ പരിശോധനയ്ക്കുമൊക്കെ ചീട്ടും കൊടുത്ത് പുറത്തേക്ക് വിടുന്ന സമ്പ്രദായം ഇല്ലാതാക്കുക തന്നെവേണം. രജനിക്കുണ്ടായ തിക്താനുഭവം ഇതിനുള്ള തുടക്കമാകട്ടെ. തെറ്റായ ചികിത്സയുടെ ദുരിതമനുഭവിക്കുന്ന ആ വീട്ടമ്മയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്.