ഏറ്റവും മുന്നിൽ സി.ഐ ഋഷികേശ് താഴേക്കുള്ള പടിക്കെട്ടുകൾ ഇറങ്ങി.
അതിനു പിന്നിൽ പോലീസ് വലയത്തിനുള്ളിൽ കരുതലോടെ വിവേകും.
''സാറേ..." ഒരു തെറിയുടെ അകമ്പടിയോടെ ജനക്കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചുപറഞ്ഞു:
''അവനെ ഇങ്ങോട്ടു വിട്ടുതാ. ഞങ്ങള് കൈകാര്യം ചെയ്യാം. ഇവനെയൊന്നും ഭൂമിക്കു മേൽ വച്ചു കൂടാ."
ഒന്നും കേട്ടില്ല വിവേക്.
അവൻ ആകെ മരവിപ്പിലായിരുന്നു. കണ്ണുകൾക്കു മുന്നിൽ മഹാവിജനത മാത്രം!
പോലീസ് സംഘം അവനെ പാഞ്ചാലിയെ കത്തിച്ച സ്ഥലത്തു കൊണ്ടു നിർത്തി.
''ഇവിടെ വച്ചല്ലേടാ നീ അവളെ കൊന്നത്?"
ഋഷികേശ് തിരക്കി.
വിവേക് മിണ്ടിയില്ല.
''എടാ ചോദിക്കുന്നതിന് കൃത്യമായ മറുപടി പറയണം. അല്ലെങ്കിൽ ഇത്രയും ജനം നോക്കി നിൽക്കുന്നു എന്നൊന്നും വിചാരിക്കില്ല ഞാൻ. അറിയാമല്ലോ നിനക്ക് എന്റെ കൈയുടെ ചൂട്?"
ഋഷികേശ് പല്ലു ഞെരിച്ചു.
''ഇവിടെ വച്ച് അല്ലേടാ കൊന്നത്?"
''അതേന്ന് പറഞ്ഞോടാ."
ഒരു പോലീസുകാരൻ അവന്റെ കാതിൽ മന്ത്രിച്ചു:
''സാറ് ചോദിക്കുന്നതൊക്കെ അങ്ങ് സമ്മതിച്ചേര്."
''അതെ." വിവേകിന്റെ വരണ്ട ചുണ്ടുകൾ അനങ്ങി.
''അവളെ കൊല്ലണമെന്ന് നീ നേരത്തെ കണക്കുകൂട്ടിയിരുന്നു. അല്ലേ?"
''അതെ."
വിജയ ഭാവത്തിൽ ഒരു ചിരിയുണ്ടായി ഋഷികേശിന്റെ മുഖത്ത്.
''അതിനു വേണ്ടി അവളെ വിളിച്ചു വരുത്തുമ്പോൾ പെട്രോൾ നീ കൊണ്ടുവന്നു."
''കൊണ്ടുവന്നു."
''ഇവിടെയല്ലേടാ ആ കുപ്പി വച്ചത്?"
ഋഷികേശ് പാറയിലേക്കു കൈചൂണ്ടി.
''അതെ."
അതും അവൻ സമ്മതിച്ചു.
അര മണിക്കൂറിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് സംഘം വിവേകിനെയും കൊണ്ട് മടങ്ങി.
വിവരമറിഞ്ഞ് സുധാമണിയും രേവതിയും തലതല്ലി കരഞ്ഞു.
''നമ്മക്ക് ഇനി അവനെ തിരിച്ചുകിട്ടുമോ അമ്മേ?"
രേവതി നനഞ്ഞ കണ്ണുകളോടെ സുധാമണിയെ നോക്കി.
''എനിക്കറിയത്തില്ല മോളേ... ഒന്നും അറിയത്തില്ല. കൂടുതൽ കാണാതേം കേൾക്കാതേം എത്രേം വേഗമങ്ങ് ചത്താൽ മതിയായിരുന്നു...."
റോഡിലൂടെ വാഹനങ്ങളിൽ പോകുന്നവർ പോലും ആ വീടിനു നേർക്ക് കൈചൂണ്ടുകയും മറ്റുള്ളവരെ വിളിച്ചു കാണിക്കുകയും ചെയ്യുന്നുണ്ട്.
സമയം കടന്നുപോയി.
എന്തോ തീരുമാനിച്ചുറച്ചതുപോലെ രേവതി എഴുന്നേറ്റ് മുഖം കഴുകി.
വേഷം മാറി.
''നീ എവിടെ പോകുകയാടീ?"
സുധാമണി അവൾക്കു നേരെ തിരിഞ്ഞു.
''കരുളായിയിൽ.. അനന്തഭദ്രൻ തമ്പുരാനെ ഒന്നു കാണാൻ. വിവേക് അങ്ങനെ ചെയ്തിട്ടില്ലെന്ന് തമ്പുരാന് അറിയാം. മാത്രമല്ല നമ്മുടെ ഭാഗത്തുനിന്ന് എന്തൊക്കെ ചെയ്യണമെന്നും അദ്ദേഹത്തോടു ചോദിക്കണം."
നിലമ്പൂരിനുള്ള പ്രൈവറ്റ് ബസ് വന്നപ്പോൾ അവൾ കൈകാണിച്ചു നിർത്തി കയറി.
കരുളായി.
കരിമ്പുഴയ്ക്കു കുറുകെയുള്ള പാലത്തിന് അപ്പുറത്തെ സ്റ്റോപ്പിൽ രേവതി ബസ്സിറങ്ങി.
ഇടത്തേക്കുള്ള ചെറിയ ടാർ റോഡിലേക്കു തിരിഞ്ഞു.
പുഴയുടെ ഒരു ഭാഗത്ത് വനമാണ്.
പുഴയോടു ചേർന്നു തന്നെയായിരുന്നു നിറയെ കവുങ്ങിൻ തോട്ടമുള്ള അനന്തഭദ്രന്റെ മാളിക.
അനുജൻ ബലഭദ്രനും അവിടെയാണ് താമസം.
ഗേറ്റിന്റെ വിക്കറ്റ് ഡോർ വഴി അകത്തേക്കു കാൽ വയ്ക്കുമ്പോൾ രേവതി പകച്ചതുപോലെ ചുറ്റും നോക്കി.
പുറത്തെങ്ങും ആരെയും കണ്ടില്ല.
വലിയ ആറ്റുചരൽ വിരിച്ച മുറ്റം.
അതിൽ ചവിട്ടുമ്പോൾ ഒരു പ്രത്യേക തരം ശബ്ദത്തോടൊപ്പം വേച്ചുവീഴും എന്ന പ്രതീതിയും.
വടക്കേകോവിലകത്തിന്റെ ചെറിയൊരു പതിപ്പായിരുന്നു ആ മാളികയും.
നീളൻ വരാന്തയിൽ മച്ചിൽ നിന്നു തൂങ്ങിക്കിടക്കുന്ന ചങ്ങലയിൽ ഒരു ആട്ടുകട്ടിൽ.
പ്രധാന വാതിലിന് ഇരുവശത്തും ഓരോ ചാരുകസേരകൾ....
രേവതി വരാന്തയ്ക്ക് അരുകിലെത്തി.
അവിടെ മുറ്റത്തോടു ചേർന്ന് ഒരു ഓട്ടുമണി തൂക്കിയിരുന്നു. മണിനാവിൽ നിന്ന് താഴേക്കു ചങ്ങല.
രേവതി ആ ചങ്ങലയിൽ പിടിച്ചുവലിച്ചു.
ഒരു പ്രത്യേക മണിനാദം
അരമിനിട്ട് കഴിഞ്ഞപ്പോൾ വാതിൽക്കൽ കുലീനയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു.
അൻപതു വയസ്സുവരും.
കസവുമുണ്ടും നേര്യതും വേഷം.
''ആരാ... എന്താ വേണ്ടത്?"
ആ സ്‌ത്രീ തിരക്കി.
മുഴക്കമുള്ളതും എന്നാൽ വിനയം നിറഞ്ഞതുമായ ശബ്ദം.
''എനിക്ക്... അനന്തഭദ്രൻ തമ്പുരാനെ..."
''നിൽക്കൂ..."
അവർ അകത്തേക്കു പോയി. അല്പം കഴിഞ്ഞപ്പോൾ അടുത്തുവരുന്ന കനത്ത കാലടിയൊച്ചകൾ കേട്ടു.
അനന്തഭദ്രൻ മാത്രമല്ല ബലഭദ്രനും ഉണ്ടായിരുന്നു....
ഇരുവരും രണ്ട് ചാരുകസേരകളിലായി ഇരുന്നു.
''പറഞ്ഞോളൂ. എന്താണാവശ്യം?" ചോദിച്ചത് ബലഭദ്രനാണ്.
''ഞാൻ ... എനിക്ക്.." രേവതി പരുങ്ങി. ''ഞാൻ വിവേകിന്റെ അമ്മയാണ്."
അവർ ബാക്കി പറയും മുൻപ് അനന്തഭദ്രന്റെ ഫോൺ ശബ്ദിച്ചു.
അയാൾ അതെടുത്ത് കാതിൽ അമർത്തി.
''പറയൂ."
അപ്പുറത്തു നിന്നു കേട്ട വാർത്ത അയാളെ നടുക്കി. അയാളുടെ കണ്ണുകൾ അറിയാതെ രേവതിയിൽ ചെന്നു തറഞ്ഞു.
(തുടരും)