ന്യൂയോർക്ക്: ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും സെൻസർഷിപ്പ് നയങ്ങളിൽ വ്യത്യസ്ത പ്രതിഷേധം. ന്യൂയോർക്കിലെ ഫെയ്‌സ്ബുക്ക് ഓഫീസിനു മുന്നിൽ നൂറോളം പേർ നഗ്നരായാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. . പുരുഷ മുലഞെട്ടിന്റെ വലിയ ചിത്രം കൊണ്ട് സ്വകാര്യ ഭാഗങ്ങൾ മറച്ചുപിടിച്ച് റോഡിൽ കിടന്നായിരുന്നു പ്രതിഷേധം.
അമേരിക്കൻ കലാകാരനായ സ്‌പെൻസർ ട്യൂണിക്കും നാഷണൽ കോഅലീഷൻ എഗെൻസ്റ്റ് സെൻസർഷിപ്പും ചേർന്നാണ് സംഘടിപ്പിച്ചത്.' ഗ്രാബ് ദെം ബൈ ദ ബാലറ്റ്' എന്ന വനിതാ അവകാശ സംഘടനയും
പങ്കാളികളായി.
കലാപരമായ സ്ത്രീ നഗ്നത സെൻസൻ ചെയ്യുന്നതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.
സ്ത്രീ ശരീരത്തിന്റെ പദവിയുമായി ബന്ധപ്പെട്ട പ്രചാരണങ്ങളുടെ ഭാഗമായി ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്ന സ്ത്രീകളുടെ കലാപരമായ നഗ്നചിത്രങ്ങൾ തുടർച്ചയായി നീക്കം ചെയ്യുന്നു എന്നാണ് ഇവരുടെ ആരോപണം. മാതൃദിനത്തിന് വേണ്ടി തയ്യാറാക്കിയ ചിത്രവും ഈ രീതിയിൽ നീക്കം ചെയ്തുവത്രേ. മുലഞെട്ടുകൾ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളാണ് കൂടുതലും നിരോധിക്കുന്നത്.
ഇൻസ്റ്റാഗ്രാമിന്റെ കമ്മ്യൂണിറ്റി സ്റ്റാന്റേർഡ് അനുസരിച്ച് നഗ്നത ഇൻസ്റ്റാഗ്രാമിൽ അനുവദിക്കില്ല. ചിലയാളുകൾക്ക് ഇത്തരം ഉള്ളടക്കങ്ങൾ സ്വീകാര്യമല്ല എന്നുപറഞ്ഞാണ് നിയന്ത്രണം. എന്നാൽ സമരങ്ങൾ ,ബോധവത്കരണം ,വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള നഗ്നത പലപ്പോഴും അനുവദിക്കാറുണ്ട്.