തിരുവനന്തപുരം: തലസ്ഥാന നഗരം ഉൾപ്പെടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഓർഡിനറി ബസ് ക്ഷാമത്തിന് പരിഹാരം കാണാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചു. സ്കൂൾ തുറക്കുന്ന ആറു മുതൽ എല്ലാ ഡിപ്പോകളിൽ നിന്നും പ്രതിദിനം കുറഞ്ഞത് രണ്ട് ഓർഡിനറി ബസുകൾ വീതം സർവീസിന് അയയ്ക്കും. ഇത്തരത്തിൽ ജില്ലയിൽ 90 ഓർഡിനറി സർവീസുകളാണ് പുനരാരംഭിക്കുക. വരുമാന വർദ്ധനയ്ക്ക് വേണ്ടിയാണ് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ വെട്ടിക്കുറച്ച് സിറ്റി ഫാസ്റ്റ് ബസുകൾ ഓടിച്ചത്. വരുമാനം കൂടിയെങ്കിലും വലഞ്ഞത് സാധാരണക്കാരായ യാത്രക്കാരും വിദ്യാർത്ഥികളുമാണ്.
കിഴക്കേകോട്ടയിൽ നിന്ന് ശരാശരി 115 ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. 35 എ.സി ബസുകളും 76 ഫാസ്റ്രും. നാലെണ്ണമാണ് ഓർഡിനറി സിറ്റി ബസ്. കിഴക്കേകോട്ടയിലേക്കുള്ള മറ്റ് ഡിപ്പോകളുടെ സർവീസും ഏതാണ്ടിങ്ങനെ തന്നെ. വെള്ളനാട്ട് നിന്നും നെടുമങ്ങാട്ടു നിന്നുമൊക്കെ കിഴക്കേകോട്ടയിലേക്കുള്ള സർവീസുകളെല്ലാം സിറ്റി ഫാസ്റ്റാണ്. കിഴക്കേകോട്ട നിന്ന് കരുമം തിരുവല്ലം വഴിയും തിരിച്ചുമുള്ള സർക്കുലർ സർവീസ് എല്ലാം ഓർഡിനറിയായിരുന്നു. ഇപ്പോൾ സർക്കുലർ സർവീസിലേറെയും ഓടുന്നത് സിറ്റി ഫാസ്റ്റാണ്. ആരാധനാലയങ്ങളിലേക്കുള്ള പ്രതിദിന സർവീസുകൾ നേരത്തേ തന്നെ സിറ്റി ഫാസ്റ്റാക്കി. അതേസമയം നഗരത്തിലെ സ്വകാര്യ ബസുകളെല്ലാം ഓർഡിനറിയാണ്.
കോവളം- ചെമ്പഴന്തി ഓർഡിനറി
കോവളത്ത് നിന്നും ചെമ്പഴന്തിയിലേക്ക് കോളേജ് സമയം കണക്കാക്കി നടത്തിയിരുന്ന സർവീസ് പുനരാരംഭിക്കുന്ന കാര്യം കെ.എസ്.ആർ.ടിസിയുടെ പരിഗണനയിലാണ്. പ്രധാനമായും ചെമ്പഴന്തി എസ്.എൻ കോളേജിലെ വിദ്യാർത്ഥികളെ സഹായിക്കുന്ന സർവീസായിരുന്നെങ്കിലും മെഡിക്കൽ കോളേജിലേക്കും ശ്രീകാര്യത്തേക്കുമൊക്കെ പോകുന്നവർക്ക് ഏറെ സഹായകമായിരുന്നു. ഇപ്പോൾ കോവളത്തേക്കുള്ള സർവീസുകളെല്ലാം സിറ്റി ഫാസ്റ്റും എ.സി ബസുകളുമാണ്. വിഴിഞ്ഞം ഹാർബർ സിറ്രി സർവീസുകളായി ഓടുന്നതും ഫാസ്റ്റ് ബസുകളാണ്.