തിരുവനന്തപുരം :കേരള എൻ.ജി.ഒ യൂണിയൻ 56-ാം സംസ്ഥാന സമ്മേളനം 8 മുതൽ 11 വരെ എ.കെ.ജി ഹാളിൽ നടക്കും. 8ന് രാവിലെ 9.45ന് സംസ്ഥാന കൗൺസിൽ ചേരും. വൈകിട്ട് 3.30ന് പ്രതിനിധി സമ്മേളനം മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 9ന് രാവിലെ 11ന് 'സ്ത്രി പദവിയും വർത്തമാനകാല സാഹചര്യവും 'സെമിനാർ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മയും ഉച്ചയ്ക്ക് 2ന് സുഹൃദ് സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും 10ന് രാവിലെ 11ന് 'മാദ്ധ്യമങ്ങളും ജനാധിപത്യവും 'സെമിനാർ പി.രാജീവും ഉദ്ഘാടനം ചെയ്യും. ഉച്ചതിരിഞ്ഞ് 2.30ന് മന്ത്രി സി.രവീന്ദ്രനാഥും വൈകിട്ട് 6ന് മന്ത്രി ഡോ.തോമസ് ഐസക്കും പ്രഭാഷണം നടത്തും. 11ന് രാവിലെ 11ന് സാംസ്കാരിക സമ്മേളനം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് ജീവനക്കാരുടെ പ്രകടനം. 5ന് പുത്തരിക്കണ്ടം മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി,എ.കെ.ശശീന്ദ്രൻ,രാമചന്ദ്രൻ കടന്നപ്പള്ളി,സി,പി,ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ സംസാരിക്കും.

സർക്കാർ ഒാഫീസുകൾ ജനസൗഹൃദവും ജീവനക്കാർ ജനസേവകരുമായി മാറുന്നതിനുമുള്ള കർമ്മ പദ്ധതികൾക്ക് സമ്മേളനം രൂപം നൽകുമെന്ന് എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ. പ്രേം കുമാർ, ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി, സ്വാഗതസംഘം ചെയർമാൻ മേയർ വി.കെ.പ്രശാന്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സാലറി ചലഞ്ച് :1160 കോടി സമാഹരിച്ചു

സാലറി ചലഞ്ചായി സർക്കാർ ജീവനക്കാരിലും അദ്ധ്യാപകരിലും നിന്ന് ഇതിനകം 1160 കോടി രൂപ സർക്കാർ സമാഹരിച്ചതായി എൻ.ജി.ഒ യൂണിയൻ നേതാക്കൾ പറഞ്ഞു. 82 ശതമാനം ജീവനക്കാരും ഇതുമായി സഹകരിച്ചു. തിരുവനന്തപുരത്ത് പേരൂർക്കടയിൽ കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലായ വില്ലേജ് ഒാഫീസിന് പകരം 44 ലക്ഷം രൂപ ചെലവിൽ പുതിയ മന്ദിരം എൻ.ജി.ഒ യൂണിയൻ നിർമ്മിച്ച് നൽകും.