doval

തിരുവനന്തപുരം: അജിത് ഡോവൽ. ശത്രുക്കൾക്ക് പേടിസ്വപ്‌നമായ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. കാബിനറ്റ് പദവിയോടെ രണ്ടാം വട്ടവും പ്രധാനമന്ത്രി പരമപ്രധാന ദൗത്യമേല്പിച്ച ഡോവൽ കേരളത്തിന് ഉറ്റമിത്രവും രക്ഷകനുമാണ്. ലോകത്തെവിടെ മലയാളികൾ അപകടത്തിൽ പെട്ടാലും രക്ഷാദൂതനായി ഡോവലെത്തും. അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മുന്നിൽ നിൽക്കും. 1968 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഈ ഉത്തരാഖണ്ഡുകാരൻ.

ഐസിസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ 46 മലയാളി നഴ്സുമാരെ 2014ൽ ഇറാക്കിലെ തിക്രിത്തിൽ നിന്ന് രക്ഷിച്ചത് ഡോവലിന്റെ മിടുക്കിലായിരുന്നു. പതിവു മാർഗങ്ങൾ വിട്ടുള്ള ഇടപെടലാണ് ഡോവൽ നടത്തിയത്. കേന്ദ്രസർക്കാർ ഇറാക്ക് ഭരണകൂടവുമായി ബന്ധപ്പെട്ടപ്പോൾ ഐസിസുമായി അടുപ്പമുള്ള സുന്നി നേതാക്കളെ വച്ചായിരുന്നു ഡോവലിന്റെ 'ഓപ്പറേഷൻ'. ഇറാക്ക് സർക്കാർ സൈനികനടപടി വാഗ്ദാനം ചെയ്തെങ്കിലും സ്വീകരിക്കേണ്ടെന്നായിരുന്നു ഡോവലിന്റെ ശുപാർശ. ആശങ്കയുടെ മൂന്ന് ദിനങ്ങൾക്കൊടുവിൽ ഭീകരതാവളത്തിൽ നിന്ന് നഴ്സു‌മാരെ കേരളത്തിലേക്ക് വിമാനം കയറ്റിയാണ് ഡോവൽ ഡൽഹിക്ക് മടങ്ങിയത്.

ആഭ്യന്തര കലാപത്തിൽപെട്ട് ലിബിയയിൽ കുടുങ്ങിപ്പോയ 18 നഴ്സുമാരെ സൈന്യത്തിന്റെ സഹായത്തോടെ ട്രിപ്പോളിയിൽ നിന്ന് കൊച്ചിയിലെത്തിച്ചതിലും ഡോവലിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ആഭ്യന്തര യുദ്ധത്തെ തുടർന്ന് യെമനിൽ കുടുങ്ങിയ നഴ്സുമാരെ രക്ഷിക്കാനും ഡോവലെത്തി.

അതിർത്തി മേഖലയിൽ പെടുന്ന കേരളത്തിൽ സുരക്ഷാ ഏകോപനത്തിന് ഡോവൽ രഹസ്യമായി എത്താറുണ്ട്. പാകിസ്ഥാൻ കരസേനാ മേധാവി റഷീൽ ഷരീഫ് കൊളംബോയിലെ ശ്രീലങ്കൻ സേനാ ആസ്ഥാനത്തെത്തിയതിന് തൊട്ടുപിന്നാലെ സ്വകാര്യ ചടങ്ങിനെന്ന മട്ടിൽ ഡോവൽ തിരുവനന്തപുരത്ത് പറന്നിറങ്ങി. കന്യാകുമാരിയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെന്നാണ് എല്ലാവരോടും പറഞ്ഞത്. ഐ.ബി, റാ ഉദ്യോഗസ്ഥർ കന്യാകുമാരിയിലും തിരുവനന്തപുരത്തുമായി ഡോവലിനെ കണ്ടു.

തമിഴ്നാട്ടിലെ കൊടിയക്കാരൈ മത്സ്യബന്ധന തുറമുഖം വഴി ശ്രീലങ്കയിൽ നിന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റം അടയ്ക്കുകയായിരുന്നു ഡോവലിന്റെ ലക്ഷ്യം. ഈസ്റ്റർ ദിനത്തിൽ ചാവേർ സ്ഫോടനങ്ങളിൽ ശ്രീലങ്കയിൽ ചോരപ്പുഴയൊഴുകിയപ്പോൾ ഡോവലിന്റെ ദീർഘ വീക്ഷണത്തിന്റെ ഗുണം രാജ്യം കണ്ടു.

ഡോവലിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാ പഴുതുകൾ കണ്ടെത്താൻ സെക്യൂരിറ്റി ആഡിറ്റ് നടത്തിയിരുന്നു. 33 വർഷം രഹസ്യാന്വേഷണ വിഭാഗത്തിലുണ്ടായിരുന്ന ഡോവൽ പത്തു വർഷം ഐ.ബി ഓപ്പറേഷൻ വിഭാഗത്തിന്റെ മേധാവിയുമായിരുന്നു.

കീർത്തിചക്ര നേടുന്ന ആദ്യ

പൊലീസുദ്യോഗസ്ഥൻ

സുവർണ ക്ഷേത്രത്തിലെ 'ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ' ഡോവലിന് രണ്ടാമത്തെ വലിയ സൈനിക ബഹുമതിയായ 'കീർത്തിചക്ര' നേടിക്കൊടുത്തു. കീർത്തിചക്ര നേടുന്ന ആദ്യ പൊലീസുദ്യോഗസ്ഥനാണ് ഡോവൽ. മിസോ നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറി സംഘടനയെ ഛിന്നഭിന്നമാക്കി മിസോറം ഇന്ത്യയോടു കൂട്ടിച്ചേർത്തതിന് പിന്നിലും ഡോവലിന്റെ തലച്ചോറാണ്. എയർ ഇന്ത്യാ വിമാനം റാഞ്ചിയ താലിബാൻ ഭീകരരുമായി വിലപേശാൻ കാണ്ടഹാറിലേക്കയച്ചതും ഡോവലിനെയാണ്. 41 തീവ്രവാദികളെ വിട്ടുകിട്ടണമെന്ന ആവശ്യം മൂന്നാക്കി കുറച്ചത് ഡോവലിന്റെ മിടുക്ക്. ഡോവലിന്റെ പ്രവർത്തനങ്ങൾ പൊലീസ് പാഠ്യപദ്ധതിയിലുമുണ്ട്.

തലശേരി കലാപം

1971ൽ തലശേരി കലാപം അടിച്ചമർത്താൻ കെ. കരുണാകരൻ നിയോഗിച്ചത് കോട്ടയം എ.എസ്.പിയായിരുന്ന ഡോവലിനെയായിരുന്നു. ഡോവൽ ചുമതലയേറ്റ് ഒരാഴ്ചയ്ക്കകം എല്ലാം നിയന്ത്രണ വിധേയമായി.