ആറ്റിങ്ങൽ: അനാസ്ഥ സ്റ്റീലിനെപ്പോലും നശിപ്പിക്കും എന്നതിന്റെ തെളിവാണ് ആറ്റിങ്ങലിലെ സ്റ്റീൽ ഫാക്ടറി. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവർത്തനം നിലച്ച ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിയിലെ യന്ത്രസാമഗ്രികളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. ഇതോടെ ദേശീയപാതയ്‌ക്ക് സമീപമുള്ള കോടികൾ വിലമതിക്കുന്ന ഭൂമി ഉപയോഗശൂന്യമാകുകയാണ്. ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിനും മാമത്തിനും സമീപം മൂന്നുമുക്കിലാണ് കേന്ദ്രസർക്കാരിന്റെ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ സെന്ററെന്ന 'ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറി" സ്ഥിതിചെയ്യുന്നത്. ആറ്റിങ്ങലിലും ഏറ്റുമാനൂരും മാത്രമാണ് കേരളത്തിൽ കേന്ദ്രസർക്കാർ നേരിട്ടു നടത്തുന്ന സ്റ്റീൽ ഫാക്ടറികൾ ഉണ്ടായിരുന്നത്. സ്റ്റെയിൻലസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങൾ എന്നിവയുടെ നിർമ്മാണവും ഇതിന്റെ പരിശീലനവും ഇവിടെയുണ്ടായിരുന്നു. മേഖലയിലെ വ്യവസായ കേന്ദ്രങ്ങളിൽ ശ്രദ്ധേയ സ്ഥാനമുണ്ടായിരുന്ന സ്ഥാപനമാണ് ഇന്ന് കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറിയത്. തൊഴിൽസാദ്ധ്യതയ്ക്ക് വഴിമരുന്നിട്ട സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കണമെന്ന നാട്ടുകാരുടെ മുറവിളിക്ക് ഇനിയും പരിഹാരമായില്ല.
ഫാക്ടറി സംവിധാനം ഇങ്ങനെ
33,000 ചതുരശ്ര അടി വിസ്‌തൃതിയിൽ മെയിൻ വർക്ക്‌ഷോപ്പ്
1200 ചതുരശ്ര അടിയുള്ള ഫാക്ടറി ഷെഡ്
1200 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോർ റൂം
വിശാലമായ സ്‌മിത്തറി ഷെഡ്
100 ടൺ ശേഷിയുള്ള ഹൈഡ്രോളിക് പ്രസ്
30 ടണ്ണിന്റെ എക്സ്‌റ്റൻഡറി പ്രസ്
60 ടണ്ണിന്റെ മെക്കാനിക്കൽ ഹൈഡ്രോളിക് പ്രസ്
ഇറക്കുമതി ചെയ്‌ത നാല് പോളിഷിംഗ് ലെയ്‌ത്തുകൾ
ഗവേഷണ മുറികൾ, ക്ലാസ് റൂമുകൾ
അടച്ചുപൂട്ടലിന്റെ കാരണങ്ങൾ
ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിയിലെ ഉത്പന്നങ്ങൾ വിപണിയിൽ ശ്രദ്ധേയ സാന്നിദ്ധ്യമായതോടെ ചില കമ്പനികൾ തകർച്ചയിലായി. തുടർന്ന് ഇവരുടെ നേതൃത്വത്തിൽ ഫാക്ടറിയെ തകർത്തെന്നാണ് ആരോപണം. ഇവിടെ പ്രവർത്തനം കുറഞ്ഞതോടെ ഉദ്യോഗസ്ഥരെ മറ്റ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാറ്റി. ഫാക്ടറി പുനരാരംഭിക്കണമെന്ന ആവശ്യവുമായി ഇടതുപാർട്ടികൾ കേന്ദ്ര സർക്കാരിന് നിവേദനം നൽകി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഫാക്ടറിയും സ്ഥലവും വ്യവസായ വകുപ്പിന് നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
1960കളിൽ ഇന്ത്യയിൽ സ്റ്റെയിൻലെസ് സ്റ്റീൽ ഉത്പാദിപ്പിച്ചിരുന്നില്ല. സോവിയറ്റ് യൂണിയൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് ആശുപത്രി ഉപകരണങ്ങൾ, ജയിൽ പാത്രങ്ങൾ, തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിനു വേണ്ടിയുള്ള പാർട്‌സുകൾ എന്നിവയടക്കം നിരവധി സ്റ്റീൽ ഉത്പന്നങ്ങൾ ഇവിടെ നിർമിച്ചിരുന്നു.
1963 - പ്രവർത്തനം ആരംഭിച്ചു
1973- ഉത്പാദനം കുറഞ്ഞു
1994- ഫാക്ടറി അടച്ചുപൂട്ടി
പ്രതികരണം
ഫാക്ടറിയിൽ വ്യവസായം ആരംഭിക്കാൻ സ്ഥലവും കെട്ടിടവും സംസ്ഥാന സർക്കാരിന് നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യവസായ വകുപ്പിന് നിവേദനം നൽകിയിരുന്നു. എന്നാൽ വ്യവസായ വകുപ്പിന് കീഴിലുള്ള സ്‌മോൾ സ്കെയിൽ ഇൻഡസ്ട്രീസ് വിഭാഗത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാകൂവെന്നും ഇപ്പോൾ അതേക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നുമായിരുന്നു തിരഞ്ഞെടുപ്പിന് മുൻപ് ലഭിച്ച മറുപടി. പുതിയ കേന്ദ്ര സർക്കാർ വന്നതോടെ വീണ്ടും ഇതേക്കുറിച്ച് മന്ത്രിക്ക് നിവേദനം നൽകും.
ബി. സത്യൻ എം.എൽ.എ