pinarayi

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ലഹരി വസ്തുക്കൾ എത്തുന്നത് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളിലടക്കം ലഹരി വസ്തുക്കൾ എത്തുന്ന ഗുരുതരമായ സ്ഥിതിയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനുള്ള നടപടികൾ ചർച്ചചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്റിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ, ആഭ്യന്തര വകുപ്പ് ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, എക്‌സൈസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസ്, എ.ഡി.ജി.പി. മനോജ് എബ്രഹാം തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.

പ്രധാന നിർദ്ദേശങ്ങൾ:-

*എല്ലാ സ്കൂളുകളിലും പി.ടി.എ വക സെക്യൂരിറ്റി ഗാർഡുമാരെ (വിമുക്തഭടന്മാർ) നിയമിക്കണം.

*പ്രവൃത്തി സമയത്ത് അനാവശ്യമായി ആരെയും സ്കൂളിൽ പ്രവേശിപ്പിക്കരുത്.

*കൗൺസിലർമാർ കുട്ടികൾക്ക് മാർഗനിർദ്ദേശം നൽകണം,രക്ഷിതാക്കളുമായി സംസാരിക്കണം.

* ഓരോ ഗ്രൂപ്പുകളുടെയും ചുമതല അദ്ധ്യാപകർക്ക് നൽകണം.

*ലഹരിക്ക് അടിപ്പെട്ടവരെ മാത്രം ലഹരിമോചന കേന്ദ്രത്തിലേക്ക് അയയ്ക്കാവൂ.

*വിവിധ വകുപ്പുകൾ ചേർന്ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രവർത്തന സമിതി ഉണ്ടാക്കും.