ആറ്റിങ്ങൽ: നഗര മദ്ധ്യത്തിലെ ഇലക്ട്രിക്ക് പോസ്റ്റിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. മുൻസിപ്പൽ ബസ് സ്റ്റാൻഡിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.40 ഓടെയാണ് തീ പടർന്നത്. സമീപ കടയിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ഇവർ കടയിലെ ഫയർ എക്സ്റ്റിഗുഷർ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. തീ പടർന്ന പോസ്റ്റിനു സമീപത്തായി വ്യാപാര കേന്ദ്രവും പെട്രോൾ പമ്പും പ്രവർത്തിക്കുന്നുണ്ട്.ഇലക്ട്രിക്ക് പോസ്റ്റിൽ ഘടിപ്പിച്ചിട്ടുള്ള കേബിളുകളെ ബന്ധിപ്പിക്കുന്ന ബോക്സിലാണ് തീപിടുത്തമുണ്ടായത്. വൈദ്യുതി പ്രവാഹം കൂടിയമ്പോൾ ബോക്സ് ചൂടായി തീ പടരുകയാണ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ ആറ്റിങ്ങൽ നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ ഇതുപോലെ തീപിടുത്തമുണ്ടായത് ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. തീ പിടുത്തമുണ്ടായത് പകൽ നേരങ്ങളിലായതിനാൽ ഉടൻ തന്നെ തീ അണയ്ക്കാൻ കഴിഞ്ഞു. എന്നാൽ രാത്രി കാലങ്ങളിൽ ഇതുപോലെ തീപിടുത്തമുണ്ടായാൽ വലിയ ദുരന്തമുണ്ടാകുമെന്ന് വ്യാപാരികൾ പറഞ്ഞു. പഴകിയ ജംഗ്ഷൻ ബോക്സുകൾ മാറ്റാൻ കെ.എസ്.ഇ.ബി അധികൃതർ തയ്യാറാകാത്തതാണ് തീ പിടുത്തം ഇവിടെ തുടർക്കഥയാകാൻ കാരണമെന്നും പരാതിയുണ്ട്.