ksrtc

തിരുവനന്തപുരം:രണ്ട് ജില്ലകൾക്കപ്പുറത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ നിറുത്തലാക്കാൻ കെ.എസ്.ആർ.ടി.സി വീണ്ടും നീക്കം തുടങ്ങി. വരുമാനം കൂട്ടാനുള്ള കുറുക്കുവഴിയായി നേരത്തേ ഈ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും മേയ് രണ്ടിന് പിൻവലിച്ചിരുന്നു. ഉത്തരവ് നടപ്പാക്കിയാൽ സർവീസുകളുടെ താളം തെറ്റുമെന്നും യാത്രാക്ളേശം വർദ്ധിക്കുമെന്നും ഡിപ്പോ മേധാവികൾ ഓപ്പറേഷൻ മേധാവിയെ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്.

ദീർഘദൂര ഫാസ്റ്റ് പാസഞ്ചറുകൾക്കു പകരം സൂപ്പർ ഫാസ്റ്റുകൾ ഓടിച്ച് വരുമാനം കൂട്ടാമെന്നാണ് കണക്കൂകൂട്ടൽ. ഇതിലൂടെ വരുമാനം 5 മുതൽ 10 ശതമാനം വരെ വർദ്ധിക്കുമെന്നാണ് ഓപ്പറേഷൻ വിഭാഗം കരുതുന്നത്.

ദൂരെ ജോലിക്കു പോയി മടങ്ങുന്ന സാധാരണക്കാരിലേറെയും ഫാസ്റ്റ് പാസഞ്ചറുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ശബരിമല സീസണിൽ പമ്പയിലേക്കുള്ള സർവീസുകളിൽ പകുതിയിലേറെയും ഫാസ്റ്റ് പാസഞ്ചറാണ്. അതും കാര്യമായി കുറയും.

നിലവിൽ നാലും അഞ്ചും ജില്ലകളെ ബന്ധിപ്പിക്കുന്ന ഫാസ്റ്റ് സർവീസുകളുണ്ട്. ഉത്തരവ് നടപ്പായാൽ, പാലാ - തിരുവനന്തപുരം, വിഴിഞ്ഞം - ഗുരുവായൂർ, കുമിളി - തിരുവനന്തപുരം, പിറവം -തിരുവനന്തപുരം, പൊൻകുന്നം - കണ്ണൂർ - മണക്കടവ്, എറണാകുളം - കോഴിക്കോട്, ഈരാറ്രുപേട്ട - തിരുവനന്തപുരം, കീഴ്പ്പള്ളി - കണ്ണൂർ - കോട്ടയം തുടങ്ങിയ 30 മുതൽ 35 വർഷം വരെ പഴക്കമുള്ള സർവീസുകളും ഓർമ്മയാകും.


നിറുത്തുന്നത് ലാഭത്തിലോടുന്നവ

ഒരു ഷെഡ്യൂൾ ലാഭത്തിലാകാൻ 12,000 രൂപയാണ് വേണ്ടത്. കണ്ണൂരിൽ നിന്നുള്ളവ ഉൾപ്പെടെ മിക്ക സർവീസുകൾക്കും ഒരു ഷെഡ്യൂളിൽ 35,000 - 40,000 രൂപ കളക്‌ഷനുണ്ട്. ഇത്തരം ഫാസ്റ്റ് പാസഞ്ചർ സർവ്വീസുകൾ ഉൾപ്പെടെയാണ് മാറ്റി സൂപ്പർ ഫാസ്റ്റാക്കുന്നത്. 260 മുതൽ 300 കിലോമീറ്റർ വരെയാണ് ഒരു ഷെഡ്യൂൾ. ജീവനക്കാർക്ക് ഏഴു മണിക്കൂർ വരെ സ്റ്റിയറിംഗ് ഡ്യൂട്ടി ഉണ്ടാവും.

സ്വകാര്യന്മാർക്ക് ചാകരയാകും

തീരുമാനം നടപ്പിലായാൽ സ്വകാര്യ ബസുകൾക്കത് ലോട്ടറിയാകും. ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറിയായിട്ടാണ് സ്വകാര്യ ബസുകൾ ദീർഘദൂര സർവീസുകൾ നടത്തുന്നത്. ഓർഡിനറി നിരക്കിൽ ദീർഘദൂരം യാത്ര ചെയ്യാം. അതുകൊണ്ടു തന്നെ ഫാസ്റ്റ് ഇല്ലാതാകുമ്പോൾ സൂപ്പർ ഫാസ്റ്റിന് പകരം സ്വകാര്യ ബസായിരിക്കും യാത്രക്കാർ അന്വേഷിക്കുക. ഫാസ്റ്റ് പാസഞ്ചർ നിറുത്തുന്നതിന്റെ പകുതി സ്റ്റോപ്പുകളിൽ പോലും സൂപ്പർഫാസ്റ്റ് നിറുത്താറില്ല.

നിരക്കുകൾ ഇങ്ങനെ

 മിനിമം: ഫാസ്റ്റ് 11രൂപ, സൂപ്പർഫാസ്റ്ര് 15 രൂപ

തിരുവനന്തപുരം - ആലപ്പുഴ

ഫാസ്റ്റ് - 148

സൂപ്പർ ഫാസ്റ്റ് - 169

സ്റ്റോപ്പുകൾ

ഫാസ്റ്റ് -60

സൂപ്പർ ഫാസ്റ്റ് -22

നിലവിൽ ബസുകൾ

ഫാസ്റ്ര് പാസഞ്ചർ 1323

സൂപ്പർ ഫാസ്റ്ര് 420

'തീരുമാനം നടപ്പിലായാൽ കെ.എസ്.ആർ.ടി.സിയിൽ ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടും. ഇക്കാര്യം മേലധികാരികളെ നേരത്തേ അറിയിച്ചതാണ്. വീണ്ടും ഈ നീക്കം എന്തിനാണെന്നറിയില്ല".

- ഒരു ഡി.ടി.ഒ