ujwal

തിരുവനന്തപുരം : കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ പതിന്നാറുകാരൻ ഉജ്ജ്വൽ സുഖം പ്രഖാപിക്കുന്നു. ശരീരം മരുന്നുകളോട് നല്ലരീതിയിൽ പ്രതികരിക്കുന്നതായും രണ്ട് ദിവസത്തിനുള്ളിൽ വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കിംസ് ആശുപത്രിയിലെ കരൾമാറ്റ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. വേണുഗോപാൽ പറഞ്ഞു. മരുന്നുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. എന്നാൽ കുറച്ചു ദിവസം കൂടി ഡയാലിസിസ് വേണ്ടിവരും. കരൾ പകുത്തു നൽകിയ ഉജ്ജ്വലിന്റെ ഇളയമ്മ ലാലിമോളുടെ ആരോഗ്യ നിലയും തൃപ്തികരമാണെന്ന് ഡോക്ടർ വ്യക്തമാക്കി. ശനിയാഴ്ചയാണ് ഉജ്ജ്വലിന്റെ കരൾ മാറ്റിവച്ചത്.

അതേസമയം വ്യവസായിയും ആർ.പി ഗ്രൂപ്പ് ചെയർമാനുമായ രവിപിള്ള ഉജ്ജ്വലിന് വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപ കൈമാറി. ഇന്നലെ ഉച്ചയ്ക്ക് 2ന് എം.വിൻസെന്റ് എം.എൽ.എയും രവിപിള്ള ഫൗണ്ടേഷൻ പ്രതിനിധി മോഹനൻ നായരും ആശുപത്രിയിലെത്തിയാണ് ഉജ്ജ്വലിന്റെ അമ്മയ്ക്ക് ചെക്ക് കൈമാറിയത്.

മഞ്ഞപ്പിത്തം ബാധിച്ച് കരൾ തകരാറിലായതിനെ തുടർന്ന് കിംസ് ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിഞ്ഞ ഉജ്ജ്വലിന് കരൾമാറ്റിവയ്ക്കാൻ പണമില്ലാത്തിനാൽ ശസ്ത്രക്രിയ നീണ്ടു പോകുന്ന വാർത്ത കേരളകൗമുദി കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ആരോഗ്യമന്ത്രി അടിയന്തരമായി ഇടപെട്ട് സാമൂഹ്യ സുരക്ഷാ മിഷന്റെ വീകെയർ പദ്ധതി പ്രകാരം 15ലക്ഷം രൂപ അനുവദിച്ചു. ഉജ്ജ്വലിന്റെ വാർത്തവായിച്ച രവിപിള്ള എം.എൽ.എയോട് സഹായവാഗ്ദാനം അറിയിക്കുകയായിരുന്നു.

തുടർ ചികിത്സയ്‌ക്ക് പണം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലായിരുന്ന കുടുംബത്തിന് ആശ്വാസമായാണ് രവി പിള്ളയുടെ സഹായമെത്തിയത്. ആട്ടോ ഡ്രൈവറായ മുട്ടയ്‌ക്കാട് സ്വദേശി സുരേന്ദ്രന്റെയും അമ്മിണിയുടെയും മകനാണ് ഉജ്ജ്വൽ.