നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിലുള്ള ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കാൻ നെയ്യാറ്റിൻകര ജെ.ബി സ്‌കൂളിലെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് വൃദ്ധയുടെ തല പൊട്ടി. ആറാലുമ്മൂട് സ്വദേശി രാധയ്‌ക്കാണ് (71) പരിക്കേറ്റത്. പടിയിൽ നിന്ന് വീണ് വരാന്തയിൽ തലയിടിക്കുകയായിരുന്നു. രക്തം വാർന്നൊഴുകിയ ഇവരെ നെയ്യാറ്റിൻകര ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തലയിൽ ഏഴ് തയ്യലുണ്ട്. ഇവരെക്കൂടാതെ മറ്റ് പതിനൊന്ന് സ്ത്രീകൾക്കും പരിക്കേറ്റു. ഇവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇന്നലെ രാവിലെയാണ് സംഭവം. ക്യൂവിൽ സ്ത്രീകളായിരുന്നു കൂടുതലും. നെയ്യാറ്റിൻകര നഗരസഭയിലെ മണലൂർ, നിലമേൽ, ഊരൂട്ടുകാല, ആലുമ്മൂട് വാർഡിലുള്ള ഗുണഭോക്താക്കളാണ് ഇന്നലെ രാവിലെ ഇൻഷ്വറൻസ് കാർഡ് പുതുക്കാനെത്തിയത്. രാവിലെ 10നാണ് കാർഡ് പുതുക്കുന്ന നടപടികൾ ആരംഭിക്കുന്നതെങ്കിലും പുലർച്ചെ 4 മുതൽ ഉപഭോക്താക്കളുടെ ക്യൂ തുടങ്ങിയിരുന്നു. രാവിലെ 10.30ന് ഉദ്യോഗസ്ഥരെത്തി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതോടെയാണ് അപകടമുണ്ടായത്.