vegetables

തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടത്തിവരുന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് വി.ജെ.ടി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനാകും. സ്‌കൂൾ കുട്ടികൾക്കുള്ള പച്ചക്കറി വിത്ത് വിതരണം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

പച്ചക്കറി ഉത്പാദനത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ 65 ലക്ഷം കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പച്ചക്കറി വിത്ത് പാക്കറ്റുകൾ, തൈകൾ, ഗ്രോബാഗ് യൂണിറ്റുകൾ എന്നിവ ഇതിന്റെ ഭാഗമായി നൽകും. ജൂൺ രണ്ടാം വാരം തന്നെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി പച്ചക്കറി വിത്ത് പാക്കറ്റ് വിതരണത്തിനായി ഒരുക്കിയിട്ടുണ്ടെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലാണ് വിത്തുപായ്ക്കറ്റുകൾ തയ്യാറാക്കുന്നത്. ഏകദേശം 30,000 ഹെക്ടർ സ്ഥലത്ത് ഓണത്തിന് പച്ചക്കറി കൃഷി സാധ്യമാക്കി കുറഞ്ഞത് 2.2 ലക്ഷം മെട്രിക് ടൺ പച്ചക്കറി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.