lek

തിരുവനന്തപുരം : ബാലഭാസ്‌കറിന്റെ മരണത്തിനുശേഷം നേട്ടമുണ്ടാകുന്ന നിലപാടാണ് താൻ സ്വീകരിക്കുന്നതെന്ന ആരോപണങ്ങൾ തളർത്തുന്നതായി ഭാര്യ ലക്ഷ്മി ഒര് ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പരിക്കുകൾ ഭേദമാവാത്തതിനാൽ കുളിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ഇപ്പോഴും പരസഹായം വേണം. അമ്മയാണ് ഒപ്പമുള്ളത്.

മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതമായിരുന്നു ബാലുവിന്. ടീമംഗങ്ങളിൽ ആരെങ്കിലും മദ്യപിച്ചെത്തിയാൽ അവരെ പുറത്താക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു. അത്തരത്തിലൊരാൾ എങ്ങനെയാണ് ക്രിമിനലുകളുമായി ചങ്ങാത്തത്തിലാവുന്നത്? അപകടം നടന്ന ദിവസം ബാലുവായിരുന്നു കാർ ഓടിച്ചിരുന്നതെങ്കിലെന്ന് ഇപ്പോൾ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ ബാലു ഇപ്പോഴുമുണ്ടാവുമായിരുന്നു. താനാണ് മരിച്ചിരുന്നതെങ്കിൽ ഇപ്പോഴത്തെ ആരോപണങ്ങൾ ഉണ്ടാവില്ലായിരുന്നു. യാഥാർത്ഥ്യം കണ്ടെത്താൻ ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണ്. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലാണ്.

പ്രകാശൻ തമ്പിയും വിഷ്ണുവും സ്വർണക്കടത്തിൽ പ്രതികളായെന്നത് ഞെട്ടലോടെയാണ് കേട്ടത്. ജിംനേഷ്യത്തിൽ ബാലഭാസ്‌കറിന്റെ ട്രെയിനറായിരുന്നു പ്രകാശൻ തമ്പി. ഇതിനിടെ വിദേശത്തു പോയപ്പോൾ സംഗീതപരിപാടികൾ ഏകോപിപ്പിക്കുന്നത് തമ്പി ഏറ്റെടുത്തു. മാനേജരോ സ്ഥിരം ജീവനക്കാരനോ അല്ല.

സ്‌കൂൾ കാലം മുതൽ ബാലുവിന്റെ പരിചയക്കാരനാണ് വിഷ്ണു. ഇരുവരെയും പരിചയമില്ലെന്ന് പറഞ്ഞിട്ടില്ല. മാനേജർ അല്ലെന്ന് മാത്രമാണ് പറഞ്ഞത്.

പാലക്കാട് ആയുർവേദ ആശുപത്രിയുള്ള ലതയെ സംഗീത പരിപാടിക്കിടെയാണ് പരിചയപ്പെട്ടത്. പിന്നീട് സ്‌പോണ്ടിലോസിസ് ഉണ്ടായപ്പോൾ ബാലു അവിടെ ചികിത്സയ്‌ക്ക് പോയി. ഒരു തവണ പണം കടം നൽകിയെന്നല്ലാതെ പിന്നീട് സാമ്പത്തിക ഇടപാടൊന്നും ഉണ്ടായിട്ടില്ല. തൃശൂരിൽ നിന്ന് രാത്രി തന്നെ മടങ്ങാൻ തീരുമാനിച്ചത് ബാലുവാണ്. ഒരു സിനിമയുടെ സംഗീത ജോലികൾ തീർക്കാനുണ്ടായിരുന്നതിനാലാണിത്.

കാറോടിച്ചത് അർജുൻ തന്നെ

അപകട സമയത്ത് ലതയുടെ ബന്ധുവായ അർജുനാണ് കാറോടിച്ചിരുന്നത്. ബാലു പിൻസീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു. താനും മകളും മുൻസീറ്റിലുമായിരുന്നു. ആശുപത്രിയിലായിരുന്നപ്പോഴും താനാണ് കാർ ഓടിച്ചതെന്ന് എന്റെ അമ്മയോടടക്കം അർജുൻ പറഞ്ഞിരുന്നു. പിന്നീട് അർജുൻ പൊലീസിനോട് എല്ലാം മാറ്റിപ്പറഞ്ഞു.