balabhaskar-death

തിരുവനന്തപുരം: കഴിഞ്ഞ സെപ്തംബർ 25ന് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സംഗീതജ്ഞൻ ബാലഭാസ്കറും കുടുംബവും നടത്തിയ കാർ യാത്ര ക്രൈംബ്രാഞ്ച് പുനരാവിഷ്‌കരിക്കും. ഈ യാത്രയിലാണ് പള്ളിപ്പുറത്തു വച്ച് റോ‌ഡരികിലെ മരത്തിലിടിച്ച് ബാലുവും മകളും മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ പരാതി നൽകിയ സാഹചര്യത്തിൽ യാത്ര പുനരാവിഷ്കരിച്ച് ലഭ്യമായ എല്ലാ തെളിവുകളും ശേഖരിക്കാനാണ് നീക്കം. കൃത്യമായ അന്വേഷണം നടത്തി എത്രയും വേഗം സത്യം കണ്ടെത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ നിർദ്ദേശിച്ചു.

അപകടം നടന്ന സ്ഥലത്ത് ക്രൈംബ്രാഞ്ച് വീണ്ടും പരിശോധന നടത്തും. നേരത്തേ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ ബന്ധുക്കൾ, ദൃക്സാക്ഷികൾ എന്നിവരിൽ നിന്നു വിവരങ്ങൾ ശേഖരിക്കും. കാറിന്റെ മുൻസീറ്റിലെ ചോരപ്പാടുകൾ അപകട ശേഷം ഒരാൾ തുടച്ചു മാറ്റിയതു കണ്ടെന്ന ദൃക്സാക്ഷി മൊഴിയെക്കുറിച്ചും അന്വേഷിക്കും.

അതേസമയം, ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഡി.ആർ.ഐ അന്വേഷിക്കുന്നില്ലെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളേ അന്വേഷണ പരിധിയിൽ വരികയുള്ളൂവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 25 കിലോഗ്രാം സ്വർണവുമായി വിമാനത്താവളത്തിൽ പിടിയിലായ സുനിൽകുമാർ വഴിയാണ് ബാലഭാസ്കറിന്റെ മാനേജരായിരുന്ന പ്രകാശ് തമ്പി കടത്ത് സംഘത്തിലേക്ക് എത്തിയത്. സുനിൽകുമാറിന്റെ അച്ഛന്റെ സഹോദരിയുടെ മകനാണു പ്രകാശ്.

ചോദ്യാവലി തയ്യാറാക്കി

ഉണ്ണിയുടെ മൊഴിയെടുത്തു

ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണിയുടെ മൊഴി ഇന്നലെ ക്രൈംബ്രാഞ്ച് വിശദമായി രേഖപ്പെടുത്തി. ഡിവൈ.എസ്‌.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെപൂജപ്പുരയിലെ വീട്ടിലെത്തി. നൂറിലേറെ ചോദ്യങ്ങളുള്ള ചോദ്യാവലി തയ്യാറാക്കി ഉണ്ണിയുടെ ഉത്തരങ്ങൾ രേഖപ്പെടുത്തി. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ഉണ്ണി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. സംശയമുള്ള ഓരോരുത്തരെക്കുറിച്ചും വിശദമായ മൊഴി നൽകി. ഇത് പിന്തുടർന്നാവും കൂടുതൽ അന്വേഷണം നടത്തുക. ബാലഭാസ്കറിനെ ജിമ്മിൽ കൊണ്ടുപോയത് പ്രകാശ് തമ്പിയായിരുന്നെങ്കിലും തടിച്ച ശരീരമുള്ള തമ്പി ജിം ട്രെയിനറാണെന്ന് ക്രൈംബ്രാഞ്ച് കരുതുന്നില്ല. വാഹനമോടിച്ചതു താനാണെന്ന് ആദ്യം പറഞ്ഞ ഡ്രൈവർ അർജുൻ പിന്നീട് മൊഴി മാറ്റിയതിൽ സംശയമുണ്ടെന്നും ഉണ്ണി ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു. രാത്രി വൈകിയും ചോദ്യംചെയ്യൽ തുടരുകയാണ്.