തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് ദക്ഷിണാഫ്രിക്ക
ലണ്ടൻ : മുമ്പ് നടന്ന പല ലോകകപ്പുകളിലും ദക്ഷിണാഫ്രിക്ക ഫൈനൽപോലും കടക്കാതെ പുറത്തായത് നിർഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു. ഇക്കുറിയും അവരുടെ വിധി മറിച്ചായിരിക്കില്ല എന്നതാണ് ആദ്യ മത്സരങ്ങളുടെ ഫലം നൽകുന്ന സൂചനകൾ. കഴിഞ്ഞ ദിവസം ഓവലിൽ ഈ ലോകകപ്പിലെ തുടർച്ചയായ രണ്ടാം തോൽവിയാണ് ദക്ഷിണാഫ്രിക്ക ഏറ്റുവാങ്ങിയത്. അതും ബംഗ്ളാദേശിനെതിരെ. ഇതോടെ സെമിഫൈനൽ സാധ്യതകൾ സജീവമാക്കാൻ ഇനിയുള്ള ആറ് മത്സരങ്ങളും ഡുപ്ളെസിക്കും കൂട്ടർക്കും നിർണായകമായി മാറി.
ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ളണ്ടിനെതിരെ 14 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ തോൽവി. ബംഗ്ളാദേശിനെതിരെ 21 റൺസിനും. ബംഗ്ളാദേശ് ഉയർത്തിയ 330/6 എന്ന സ്കോർ ചേസ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്ക 309/8ൽ അവസാനിക്കുകയായിരുന്നു. ഷാക്കിബ് (75), മുഷ്ഫിഖുർ റഹിം (78), സൗമ്യ സർക്കാർ (40), മഹ്മുദുള്ള (46 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗാണ് ബംഗ്ളാദേശിന് മികച്ച സ്കോർ നൽകിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കൻ നിരയിൽ ക്വിന്റൺ ഡി കോക്ക് മണ്ടത്തരം കാട്ടി റൺ ഔട്ടായത് ആദ്യ തിരിച്ചടിയായി. തുടർന്ന് മാർക്രം (45), ഡുപ്ളെസി (62), മില്ലർ (38), മാൻഡർ ഡ്യൂസൻ (41), ഡുമിനി (45) എന്നിവർ പൊരുതിനോക്കിയെങ്കിലും അവസാനഘട്ടത്തിൽ വിക്കറ്റുകൾ കൈമോശം വന്നത് തിരിച്ചടിയായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുസ്താഫിസുറും രണ്ട് വിക്കറ്റ് വീഴ്ത്തിയ സൈഫുദ്ദീനുമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ വിള്ളലുണ്ടാക്കിയത്. ഒരു വിക്കറ്റും അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ ഷാക്കിബ് അൽഹസനാണ് മാൻ ഒഫ് ദ മാച്ച്.
ഷാക്കിബ് 5000 റൺസ് 250 വിക്കറ്റ്
ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 5000 റൺസും 250 വിക്കറ്റുകളും സ്വന്തമാക്കുന്ന താരമായി ബംഗ്ളാദേശ് ആൾ റൗണ്ടർ ഷാക്കിബ് അൽഹസൻ. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തിലാണ് ഷാക്കിബ് ഈ റെക്കാഡ് തികച്ചത്.
199
ഈ നേട്ടത്തിലെത്താൻ ഷാക്കിബിന് വേണ്ടിവന്ന മത്സരങ്ങളുടെ എണ്ണം.
5
പേരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. അബ്ദുറസാഖ്, ഷാഹിദ് അഫ്രീദി, ജാക്കസ് കാലിസ്, സനത് ജയസൂര്യ എന്നിവരാണ് ഷാക്കിബിന് മുമ്പ് ഈ ഉന്നതിയിലെത്തിയത്.
258
ഏകദിനങ്ങളിൽ നിന്ന് 5000 റൺസും 250 വിക്കറ്റും തികച്ചിരുന്ന അബ്ദു റസാഖിനെയാണ് ഷാക്കിബ് മറികടന്നത്.