കിംഗ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിനായി ഇന്ത്യൻ ഫുട്ബാൾ ടീം തായ്‌ലൻഡിൽ
ആദ്യ മത്സരം നാളെ കുറസാവോയുമായി
ബുരിറാം : പുതിയ പരിശീലകൻ ഇഗോർസ്റ്റിമാച്ചിന്റെ കീഴിൽ ആദ്യ മത്സരത്തിനിറങ്ങാൻ ഇന്ത്യൻ ഫുട്ബാൾ ടീം. തായ്‌ലൻഡിൽ നാളെ തുടങ്ങുന്ന കിംഗ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിലാണ് സ്റ്റിമാച്ചിന്റെ ആദ്യ മാറ്റുരയ്ക്കൽ. നാളെ കരീബിയൻ ദീപുരാഷ്ട്രമായ കുറസോവയുമായാണ് ഇന്ത്യയുടെ ആദ്യമത്സരം.
ഈ വർഷമാദ്യം നടന്ന എ.എഫ്.സി കപ്പിനുശേഷം ഇന്ത്യൻ പരിശീലക സ്ഥാനമൊഴിഞ്ഞ സ്റ്റീഫൻ കോൺസ്റ്റന്റൈന് പകരമാണ് ക്രൊയേഷ്യയുടെ താരവും പരിശീലകനുമായിരുന്ന ഇംഗോർ ഇന്ത്യയിലെത്തിയത്. എ.എഫ്.സി കപ്പിനുണ്ടായിരുന്ന ടീമിനൊപ്പം ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും മികച്ച പ്രകടനക്കാരെ സൂക്ഷ്മമായി നിരീക്ഷിച്ച് 37 പേരുടെ ക്യാമ്പ് നടത്തിയാണ് ഇഗോർ സ്റ്റിമാച്ച് പരിശീലനം തുടങ്ങിയത്. 10 ദിവസത്തെ ക്യാമ്പിൽ നിന്ന് ഘട്ടങ്ങളായി ഒഴിവാക്കൽ നടത്തി 23 അംഗ ടീമുമായാണ് തായ്‌ലൻഡിൽ എത്തിയിരിക്കുന്നത്.
38
വർഷത്തിനു ശേഷമാണ് ഇന്ത്യ കിംഗ്സ് കപ്പിൽ പങ്കെടുക്കുന്നത്. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള അന്താരാഷ്ട്ര ടൂർണമെന്റാണ് കിംഗ്സ് കപ്പ്.
82
വലിപ്പത്തിൽ ഇത്തിരിക്കുഞ്ഞൻ ദ്വീപാണെങ്കിലും ഫിഫ റാങ്കിംഗിൽ ഇന്ത്യയേക്കാൾ മുന്നിലാണ് കുറസാവോ 82-ാം സ്ഥാനത്ത്. ഇന്ത്യ 101-ാം സ്ഥാനത്താണ്.
കിംഗ്സ് കപ്പ്
തായ്‌ലൻഡ്, ഇന്ത്യ, കുറസാവോ, വിയറ്റ്‌നാം എന്നിങ്ങനെ നാല് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ്. നാളെ ആദ്യ മത്സരത്തിൽ ഇന്ത്യ കുറസാവോയെയും വിയറ്റ്നാം തായ്ലാൻഡിനെയും നേരിടും. ഇതിൽ വിജയിക്കുന്നവർ എട്ടിന് ഫൈനലിൽ കളിക്കും. നാളത്തെ പരാജിതർ എട്ടിന് ലൂസേഴ്സ് ഫൈനലിൽ കളിക്കും.
കഴിഞ്ഞ 10 ദിവസമായി ഡൽഹിയിലെ പരിശീലന ക്യാമ്പിലെ ഇന്ത്യൻ താരങ്ങളുടെ അർപ്പണ ബോധത്തിൽ സന്തോഷമുണ്ട്. പരിശീലനത്തിൽ നിന്ന് സ്വായത്തമാക്കിയ അറിവുകൾ മത്സരത്തിൽ പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ.
-ഇഗോർ സ്റ്റിമാച്ച്.
ഇന്ത്യൻ ടീം : ഗുർപ്രീത് സന്ധു, അമരീന്ദർ, കമൽജിത്ത് (ഗോൾ കീപ്പർമാർ). പ്രീയം കോട്ടാൽ, രാഹുൽ ഭെക്കെ, സന്ദേശ് ജിംഗാൻ, ആദിൽഖാൻ, സുഭാഷിഷ് ബോസ് (ഡിഫൻഡേഴ്സ്), ഉദാന്ത സിംഗ്, ജാക്കിചന്ദ് സിംഗ്, ബ്രാൻഡൻ ഫെർണാണ്ടസ്, അനിരുദ്ധ് താപ്പ, റെയ്നിക്കൽ ഫെർണാണ്ടസ്, പ്രണോയ് ഹാർദർ, വിനീത് റായ്, സഹൽ അബ്ദുൾ സമദ്, അമർജിത്ത്, ലാലിയൻ സുലാല, മൈക്കേൽ സൂസൈരാജ് (മിഡ് ഫീൽഡേഴ്സ്), ബൽവന്ത്, സുനിൽ ഛെത്രി, ഫറൂഖ് ചൗധരി, മൻവീർ (ഫോർവേർഡ്).
* മലയാളിയായി സഹൽ അബ്ദുൽ സമദ് മാത്രമാണ് ടീമിൽ. ക്യാമ്പിലുണ്ടായിരുന്ന ജോബി ജസ്റ്റിൻ ഒഴിവാക്കപ്പെട്ടു.