world-cup-england

നോട്ടിംഗ് ഹാം: അപ്രവചനീയതയാണ് തങ്ങളുടെ മുഖമുദ്രയെന്ന് വീണ്ടും തെളിയിച്ച് പാകിസ്ഥാന് ഇൗ ലോകകപ്പിലെ ആദ്യ വിജയം.ആദ്യമത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ വെറും 105 റൺസിന് ആൾ ഒൗട്ടായിരുന്ന പാകിസ്ഥാൻ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ളണ്ടിനെതിരെ നിശ്ചിത 50 ഒാവറിൽ 348/8 എന്ന സ്കോറുയർത്തിയ ശേഷം 14 റൺസിന് വിജയിക്കുകയായിരുന്നു. ഇംഗ്ളണ്ടിനായി ജോ റൂട്ടും (107) ജോസ് ബട്ട്ലറും (103)നേടിയ സെഞ്ച്വറികൾ പാഴായി. ഇൗ ലോകകപ്പിലെ ആദ്യ സെഞ്ച്വറിയായിരുന്നു റൂട്ടിന്റേത്.ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 104 റൺസിന് തോൽപ്പിച്ചിരുന്ന ഇംഗ്ളണ്ട് ഇന്നലെ 50 ഒാവറിൽ 334/9 റൺസേ നേടിയുള്ളൂ.

റണ്ണൊഴുകാൻ ഒരു മടിയും കാട്ടാത്ത നോട്ടിംഗ് ഹാമിലെ പിച്ചിൽ വെറ്ററൻ താരം മുഹമ്മദ് ഹഫീസ് (84), ഫസ്റ്റ് ഡൗൺ ബാബർ അസം (63), നായകൻ സർഫ്രാസ് അഹമ്മദ് (55) എന്നിവരുടെ അർദ്ധ സെഞ്ച്വറികൾക്കൊപ്പം ഇമാം ഉൽഹഖ് (44) , ഫഖാർ സമാൻ (36) എന്നിവരുടെ കരുതലോടെയുള്ള ഒാപ്പണിംഗുമാണ് പാകിസ്ഥാന് മാന്യമായ സ്കോറിലേക്കുള്ള വഴി തുറന്നത്.

ഇന്നലെ ടോസ് നേടിയ ഇംഗ്ളണ്ട് നായകൻ ഇയോൻ മോർഗൻ പാകിസ്ഥാനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു ഒാപ്പണിംഗിനെത്തിയ ഇമാമും ഫഖാർ സമാനും ശ്രദ്ധയോടെയാണ് തുടങ്ങിയത് വിൻഡീസ് ബൗളർമാർക്ക് മുന്നിൽ പറ്റിയത് ആവർത്തിക്കാതിരിക്കാൻ അവർ ശ്രമിച്ചു. എട്ടാം ഒാവറിൽ 50 റൺസ് കടന്ന പാക് ടീം 15-ാം ഒാവറിൽ 82 റൺസിൽ നിൽക്കുമ്പോഴാണ് ആദ്യവിക്കറ്റ് നഷ്ടമാകുന്നത്

സ്പിന്നർ മോയിൻഅലിയെ ഇറങ്ങിയടിക്കാനൊരുങ്ങിയ ഫഖാർ സമാനെ കീപ്പർ ബട്ട്‌ലർ സ്റ്റംപ് ചെയ്ത് വിടുകയായിരുന്നു. 40 പന്തുകൾ നേരിട്ട ഫഖാർ ആറ് ബൗണ്ടറികൾ പായിച്ചിരുന്നു. ഫസ്റ്റ് ഡൗണായെത്തിയ ബാബറുമായി ചേർന്ന് റൺറേറ്റ് ഉയർത്താൻ നോക്കിയ ഇമാം 21-ാം ഒാവറിലാണ് കൂടാരം കയറിയത്. മൊയീൻ അലിയെ ഉയർത്തിയടിക്കാൻ നോക്കിയ ഇമാമിനെ ബൗണ്ടറി ലൈനിനരികിൽ തകർപ്പൻ ക്യാച്ചുമായി ക്രിസ് വോക്സ് മടക്കുകയായിരുന്നു. 58 പന്തുകൾ നേരിട്ട ഇമാം മൂന്ന് ബൗണ്ടറികളും ഒരു സിക്സും പായിച്ചിരുന്നു. ഇതോടെ പാകിസ്ഥാൻ 111/2 എന്ന നിലയിലായി.

തുടർന്ന് ക്രീസിൽ ഒരുമിച്ച ഹഫീസും ബാബറും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 88 റൺസാണ് ഇൗ കൂട്ടുകെട്ട് അവസാനിപ്പിക്കാനും മൊയീൻ അലി വേണ്ടിവന്നു. 33-ാം ഒാവറിൽ ബാബറിനെ വോക്സിന്റെ കൈയിലെത്തിക്കുകയായിരുന്നു അലി. 66 പന്തുകൾ നേരിട്ട ബാബർ നാലുഫോറും ഒരു സിക്‌സുമടിച്ചു. തുടർന്ന് ഹഫീസിന്റെയും സർഫ്രാസിന്റെയും ഉൗഴമായിരുന്നു. ഇരുവരും ചേർന്ന് 80 റൺസ് കൂട്ടിച്ചേർത്തു. 43-ാം ഒാവറിൽ ഹഫീസിനെ വോക്സിന്റെ കൈയിലെത്തിച്ചു. മാർക്ക് വുഡാണ് ഇൗ സഖ്യം പൊളിച്ചത്. 62 പന്തുകളിൽ എട്ടുഫോറും രണ്ട് സിക്സുകളുമടക്കമാണ് ഹഫീസ് പാകിസ്ഥാന്റെ ടോപ് സ്കോററായത്.

തുടർന്ന് 48-ാം ഒാവർ വരെ ക്രീസിൽനിന്ന് സർഫ്രാസ് ടീമിനെ 300 കടത്തി. ഇതിനിടയിൽ ആസിഫ് അലി (14) പുറത്തായി. സർഫ്രാസ് 44 പന്തുകളിൽ അഞ്ച് ബൗണ്ടറികൾ പായിച്ചു സർഫ്രാസിന് പിന്നാലെ ഷൊയ്ബ് മലിക്കും (8), വഹാബ് റിയാസും (4) കൂടാരം കയറി. 10 റൺസ് വീതം നേടി ഹസൻ അലിയും ഷദാബ് ഖാനും പുറത്താകാതെ നിന്നു.

എട്ടോവറിൽ 71 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സും 10 ഒാവറിൽ 50 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊയീൻ അലിയുമാണ് ഇംഗ്ളീഷ് ബൗളിംഗിൽ തിളങ്ങിയത്. മാർക്ക് വുഡിന് രണ്ട് വിക്കറ്റ് ലഭിച്ചു. കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ജൊഫ്രെ ആർച്ചറിന് ഇന്നലെ വിക്കറ്റ് നേടാനായില്ല. പത്തോവറിൽ 79 റൺസ് വഴങ്ങുകയും ചെയ്തു.

മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിനായി ഒാപ്പണർ ജാസൺ റോയി (8), ബെയർ സ്റ്റോ (32), ഇയോൻ മോർഗൻ (9) , സ്റ്റോക്സ് (13)എന്നിവർ പുറത്തായ ശേഷം ക്രീസിൽ ഒരുമിച്ച റൂട്ടും ബട്ട്ലറും ചേർന്ന് അഞ്ചാം വിക്കറ്റിൽ 130 റൺസ് കൂട്ടിച്ചേർത്തെങ്കിലും പിന്നീട് വിക്കറ്റുകൾ പൊഴിഞ്ഞത് വിനയായി. പാകിസ്ഥാനായി വഹാബ് റിയാസ് മൂന്ന് വിക്കറ്റും ആമിർ , ഷദാബ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നാല് ക്യാച്ചും

മൂന്ന് വിക്കറ്റുമായി

വോക്സ്

ഇന്നലെ ഇംഗ്ളീഷ് ബൗളിംഗിൽ മിന്നിത്തിളങ്ങിയത് ക്രിസ് വോക്സാണ്. ബൗളിംഗ് ഒാപ്പൺ ചെയ്ത വോക്സ് മൂന്ന് വിക്കറ്റുകളും നാല് ക്യാച്ചുകളും സ്വന്തമാക്കി. ഇതിൽ ഒരു ക്യാച്ച് സ്വന്തം ബൗളിംഗിലായിരുന്നു

ബൗണ്ടറി ലൈനിനരികിൽ ഇമാമുൽ ഹഖിനെ പുറത്താക്കാൻ തകർപ്പൻ ഡൈവിംഗ് ക്യാച്ചെടുത്താണ് വോക്സ് തുടങ്ങിയത്. ബാബർ അസം, ഹഫീബ്, സർഫ്രാസ് എന്നിവരുടെയെല്ലാം ക്യാച്ചുകളും വോക്സിനായിരുന്നു. ഇതിൽ സർഫ്രാസിനെയാണ് സ്വന്തം ബൗളിംഗിൽ പിടികൂടിയത്. ഷൊയ്ബ് മാലിക്കിന്റെയും വഹാബ് റിയാസിന്റെയും വിക്കറ്റുകളും സ്വന്തമാക്കി

സ്കോർ ബോർഡ്

പാകിസ്ഥാൻ ബാറ്റിംഗ്

ഇമാം ഉൽഹഖ് സി വോക്സ് ബി അലി 44, ഫഖാർ സമാൻ സ്റ്റംപ്ഡ് ബട്ട്‌ലർ ബി അലി 36, ബാബർ അസം സി വോക്സ് ബി അലി 63, മുഹമ്മദ് ഹഫീസ് സി വോക്സ് ബി വുഡ് 84, സർഫ്രാസ് അഹമ്മദ് സി ആൻഡ് ബി വോക്സ് 55, ആസിഫ് അലി സി ബെയർസ്റ്റോ ബി വുഡ് 14, ഷൊയ്ബ് മാലിക്ക് സി മോർഗൻ ബി വോക്സ് 8, വഹാബ് റിയാസ് സി റൂട്ട് ബി വോക്സ് 4, ഹസൻ അലി നോട്ടൗട്ട് 10, ഷദാബ് ഖാൻ നോട്ടൗട്ട് 10, എക്സ്ട്രാസ് 20, ആകെ 50 ഒാവറിൽ 348/8

വിക്കറ്റ് വീഴ്ച: 1-82 (ഫഖാർ സമാൻ), 2-111 (ഇമാം ഉൽ ഹഖ്), 3-199 (ബാബർ അസം), 4-279 (ഹഫീസ്), 5-311 (ആസിഫ് അലി), 6-319 (സർഫ്രാസ്) 7-325 (വഹാബ് റിയാസ്), 8-337 (ഷൊയ്ബ്). ബൗളിംഗ് വോക്സ് 8-1-71-3, ആർച്ചർ 10-0-79-0, മൊയീൻ അലി 10-3-50-3, മാർക്ക് വുഡ് 10-0-53-2, സ്റ്റോക്സ് 7-0-43-0, റാഷിദ് 5-0-43-0.