തിരുവനന്തപുരം: നഗരത്തിൽ വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും ഉൾപ്പെടെ 36 ലക്ഷത്തിലധികം രൂപയുടെ വസ്തുവകകൾ കവർന്നു. അവധിക്കാലത്ത് വീട്ടുകാർ യാത്രപോയ സമയത്താണ് മോഷണം നടന്നത്. മണക്കാട് കൊഞ്ചിറവിള ടി.സി 49/490 ൽ അഭിഭാഷകയായ കവിതയുടെ ഇരുനില വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് കവർച്ച നടത്തിയിരിക്കുന്നത്. ഇന്നലെ രാവിലെയോടെ വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ അപ്പോൾത്തന്നെ പരാതി നൽകി. രണ്ടാം നിലയിലുള്ള ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 16 ലക്ഷം രൂപ വില വരുന്ന 70 പവൻ സ്വർണാഭരണം, 20 ലക്ഷം രൂപ വില വരുന്ന ഡയമണ്ട്, 25000 രൂപ എന്നിവയാണ് നഷ്ടമായത്. പരാതിയെ തുടർന്ന് ഇന്നലെ ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തി. വിരലടയാളം ശേഖരിച്ചു. സ്ഥല പരിശോധനയും നടത്തി. എന്ത് ഉപയോഗിച്ചാണ് മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. പരിശോധനയിൽ വീടിന് സമീപത്ത് നിന്ന് വാതിൽ പൊളിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഒന്നും ലഭിച്ചില്ല. 31 നും 3നും ഇടയിലാകും മോഷണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ ദിവസങ്ങൾക്കിടയിൽ പുലർച്ചെ 4.30 നും 9.30 നും ഇടയിൽ മോഷണം നടന്നതാകണം. കൃത്യമായ തീയതിയും സമയവും കൂടുതൽ അന്വേഷണത്തിന് ശേഷമേ വൃക്തമായി പറയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം തിരുട്ട് സംഘങ്ങളിലേക്കും
അതിവിദഗ്ദ്ധമായി നഗരത്തിൽ കവർച്ച നടത്തിയ സംഘത്തെ പിടികൂടാൻ പൊലീസ് വ്യാപകമായ അന്വേഷണമാണ് നടത്തുന്നത്. ഒന്നിലധികം ആളുകൾക്ക് സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. വീട്ടിൽ നിരീക്ഷണം നടത്തി ആളില്ലെന്നു ഉറപ്പിച്ച ശേഷമാണ് കവർച്ച നടത്തിയിരിക്കുന്നത്. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ മോഷണമായതിനാൽ തമിഴ്നാട് തിരുട്ട് സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ഈയടുത്തായി ജയിലിൽ നിന്നു പുറത്ത് വന്നിട്ടുള്ള മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. സമീപവാസികളെ ചോദ്യം ചെയ്ത് സമീപ ദിവസങ്ങളിൽ അസാധാരണമായി ആരെങ്കിലും ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. സ്ഥലത്ത് നിന്നു ലഭിച്ച വിരലടയാളങ്ങൾ പരിശോധിച്ചും പ്രതിയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്
എസ്.ഐ ദിനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.