തിരുവനന്തപുരം: തടിമില്ലുടമയായ രാജേഷിന് മരങ്ങൾ മുറിക്കുന്നത് കാണുമ്പോൾ സങ്കടം വരും. ആ സങ്കടം മറികടക്കാൻ ഒരു മാർഗം കണ്ടുപിടിച്ചു. മരത്തൈകൾ വച്ചുപിടിപ്പിക്കുക. കഴിഞ്ഞ 10 വർഷത്തിനിടയിൽ വീട്ടുപറമ്പുകളിലും വഴിയോരങ്ങളിലുമായി നട്ടുവളർത്തിയത് ആയിരക്കണക്കിന് മരങ്ങൾ.
പാലക്കാട് വെള്ളിനേഴി അടയ്ക്കാപുത്തൂരുകാരൻ രാജേഷ് വൃക്ഷസ്നേഹിയായ കഥ ഇങ്ങനെ: ജീവിതപ്രാരാബ്ധത്താൽ പത്താം ക്ലാസിൽ പഠിപ്പുനിറുത്തി മുംബയിലേക്ക് വണ്ടി കയറിയ രാജേഷിന് അമ്മ സുഭദ്രാമ്മയ്ക്ക് അർബുദമാണെന്നറിഞ്ഞ് ദിവസങ്ങൾക്കകം മടങ്ങിവരേണ്ടിവന്നു. ചികിത്സയ്ക്കായി കൂടെ നിൽക്കേണ്ടി വന്ന രാജേഷിന് ജീവിതം വഴിമുട്ടിയതോടെയാണ് മനിശേരിയിലെ ഈർച്ച മില്ലിൽ തൊഴിലാളിയായത്.
ഈർച്ചപ്പൊടി പറക്കുന്ന അന്തരീക്ഷത്തിൽ ഒരുദിവസം വിയർത്തുനിൽക്കുമ്പോൾ റേഡിയോയിലൂടെ വനംവകുപ്പിന്റെ ഒരു സന്ദേശം കേട്ടു. 'ആഗോളതാപനത്തിന് മരമാണ് മറുപടി’- രാജേഷ് ചിന്തിച്ചു: മരത്തൈകൾ നട്ടുപിടിപ്പിച്ചാലോ? കൂട്ടുകാരായ വിനയൻ കെ.പി.എ.സിയോടും ജി. ബിനോജിനോടും ആശയം പങ്കുവച്ചു. സംസ്കൃതി എന്ന പേരിൽ മില്ലിന്റെ ഒരു ഭാഗത്ത് തൈ നട്ട് തുടക്കം, പിന്നെ തടി അറുപ്പിക്കാൻ വരുന്നവർക്ക് വൃക്ഷത്തൈകൾ സമ്മാനിച്ചു. വാണിയംകുളം പഞ്ചായത്തിൽ പച്ചിലത്തണൽ, മണ്ണൂർ ഗ്രാമ പഞ്ചായത്തിൽ മുറ്റത്തൊരു മരം എന്നിങ്ങനെ ഓരോ പേരുകളിലാണ് തൈ വിതരണം. വിനയൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല.
പൂക്കോട്ടുകാവ് സോമിൽ എന്ന പേരിൽ സ്വന്തമായി ഒരു ഈർച്ചമില്ലും അതിനോടു ചേർന്നു ചെടി നഴ്സറിയും നടത്തുകയാണ് ഇപ്പോൾ രാജേഷ്. പൂജാപുഷ്പം എന്ന പേരിൽ ക്ഷേത്രങ്ങളിൽ ചെടികൾ നട്ടുപിടിപ്പിക്കാനും രാജേഷ് സമയം കണ്ടെത്തി. ചെനക്കത്തൂർ ക്ഷേത്രത്തിലൂടെ പ്രസാദമായി ഭക്തർക്ക് 3,000 വേപ്പിൻതൈകളും നൽകി. ചെർപ്പുളശേരി സ്കൂളിൽ ശലഭോദ്യാനം വളർത്തി. അടയ്ക്കാപുത്തൂരിൽ ആൽമരങ്ങൾ കൊണ്ടു മാത്രം സ്വാഭാവിക വനം. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലും ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിലും കൊന്നയും പ്ലാവും ചെന്തെങ്ങും നട്ടു. സ്വന്തം നഴ്സറിയിൽ മുളപ്പിച്ചെടുക്കുന്നതിന് പുറമെ സോഷ്യൽ ഫോറസ്ട്രി വകുപ്പിൽ നിന്നു സൗജന്യമായി ലഭിക്കുന്ന തൈകളും നടാറുണ്ട്.
ഇന്ന് 41 തൈ നടും
ഇക്കൊല്ലം ഞാവൽ മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് പദ്ധതി. പരിസ്ഥിതി ദിനമായ ഇന്ന്, പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരിൽ പാലക്കാട് കേന്ദ്രീയ വിദ്യാലയത്തിൽ 41 തൈ നടും.